ബ്രസല്‍സ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അഥവാ നിര്‍മിതബുദ്ധിയുടെ ഉപയോഗം നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആവിഷ്‌കരിച്ച എഐ ആക്ട് ലോകം ചര്‍ച്ച ചെയ്യുന്നു. ഡീപ്‌ഫേക്ക് അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഐഐയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന നിര്‍ദേശം ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും പരിഗണിക്കുമ്പോഴാണ് യൂറോപ്യന്‍ യൂണിയന്റെ നീക്കം. ഏറെ ഗുണപരമായ സവിശേഷതകളുള്ള എഐയെ നിയമം മൂലം നിയന്ത്രിക്കേണ്ടതില്ല എന്ന നിലപാടാണ് ഭാരതത്തിന്റേത്.
യൂറോപ്യന്‍ യൂണിയന്‍ ജനപ്രതിനിധികളും നയരൂപീകരണ നേതാക്കളും ലോകത്തിലെ ആദ്യത്തെ എഐ ആക്ട് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ധാരണയിലെത്തിയത്. ബ്രസല്‍സില്‍ മുപ്പത്താറു മണിക്കൂര്‍ യോഗം ചേര്‍ന്നാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ചരിത്രപരം എന്ന് യൂറോപ്യന്‍ യൂണിയന്റെ ഇന്റര്‍നെല്‍ മാര്‍ക്കറ്റ് കമ്മിഷണര്‍ തിയറി ബ്രെട്ടണ്‍ വിശേഷിപ്പിച്ച ആക്ടിനെക്കുറിച്ച് ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.
യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് കൂടി പാസാക്കി 2025ല്‍ ആക്ട് നടപ്പാക്കാനാണ് തീരുമാനം. അതു വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തേണ്ടതില്ല എന്നാണ് ബ്രസല്‍സില്‍ ചേര്‍ന്ന യോഗത്തിന്റെ നിലപാട്. ലംഘിച്ചാല്‍ വന്‍ തുക പിഴ ചുമത്തുന്നതടക്കമുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് യൂറോപ്യന്‍ യൂണിയന്റെ എഐ ആക്ട്.
നിര്‍മിത ബുദ്ധിയെ നിയമാനുസൃതം നിയന്ത്രിക്കാനുള്ള ആദ്യ ശ്രമമാണ് യൂറോപ്യന്‍ യൂണിയന്റേത്. മനുഷ്യരാശിക്കു വിശ്വസിക്കാവുന്ന വിധം എഐയെ വികസിപ്പിക്കാനുള്ള നിയമമായിരിക്കും ഇതെന്ന് യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ ഉര്‍സുല വൊണ്‍ദെര്‍ ലയെന്‍ പറഞ്ഞു.
ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങള്‍ക്കായി സര്‍ക്കാരുകള്‍ എഐയെ പ്രയോജനപ്പെടുത്തുന്നതിനുള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ ആക്ടിലുണ്ട്. ചാറ്റ്ജിപിടിക്കും നിയന്ത്രണം വരും. ഭീകരവാദം പോലെ ഏറെ ഗൗരവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ സര്‍ക്കാരുകള്‍ ലൈവ് ബയോമെട്രിക് നിരീക്ഷണം പ്രയോജനപ്പെടുത്താവൂ എന്നും ആക്ടില്‍ പറയുന്നു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കമ്പനികള്‍ 75 ലക്ഷം യൂറോ മുതല്‍ 3.5 കോടി യൂറോ വരെ പിഴ നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: