ന്യൂദല്‍ഹി: മകള്‍ക്ക് നീതി ലഭിക്കാന്‍ നടത്തിയ ദീര്‍ഘമായ നിയമ പോരാട്ടത്തിന്റെ ചരിത്രം അവശേഷിപ്പിച്ചാണ് മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ അച്ഛന് എം.കെ. വിശ്വനാഥന് (82) ഈ ലോകത്തോടു യാത്ര പറഞ്ഞത്. മകളെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരായ നാലുപേര്‍ക്ക് ദല്‍ഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരണം. വെള്ളിയാഴ്ച സൗമ്യയുടെ നാല്പ്പത്തൊന്നാം ജന്മദിനമായിരുന്നു. പിറ്റേന്നാണ് വിശ്വാനാഥന് അന്തരിച്ചത്.
2008 ല്‍ 26ാം വയസിലാണ് സൗമ്യ അക്രമികളുടെ വെടിയേറ്റു മരിച്ചത്. തുടര്‍ന്നുള്ള 15 വര്‍ഷക്കാലം കേസും തുടര്‍ നടപടികളുമായി വിശ്വനാഥന്റെ ജീവിതം. പോലീസ് സ്റ്റേഷനും
കോടതിയും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായി. 2008 സപ്തംബര്‍ 30ന് പുലര്‍ച്ചെ മൂന്നരയോടെ ജോലികഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വാര്‍ത്താ ചാനലായ ഹെഡ്ലൈന്‍സ് ടുഡേയിലെ (ഇപ്പോള്‍ ഇന്ത്യാ ടുഡെ) മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥന് വെടിയേറ്റു മരിച്ചത്. വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹപരിശോധനയില്‍ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തി. അന്വേഷണം നടന്നെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. 2009 മാര്‍ച്ച് 18ന് ഐടി ജീവനക്കാരിയായിരുന്ന ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയിലായതോടെയാണ് സൗമ്യ വധക്കേസില്‍ വഴിത്തിരിവുണ്ടാകുന്നത്.
ചോദ്യംചെയ്യലിനിടെയാണ് മറ്റൊരു യുവതിയെ മുമ്പ് കൊലപ്പെടുത്തിയതായി പ്രതികള്‍ വെളിപ്പെടുത്തി. 2008ല്‍ നെല്‍സണ്‍ മണ്ടേല റോഡിന് സമീപത്തായിരുന്നു സംഭവമെന്നും ഇവര്‍ മൊഴി നല്കി. ഇതോടെയാണ് സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയതും ഇതേസംഘമാണെന്ന് കണ്ടെത്തിയത്.
സംഭവസമയത്ത് മദ്യലഹരിയിലായിരുന്ന നാലു പ്രതികളും കാറില്‍ പോവുകയായിരുന്നു. ഒന്നാംപ്രതി രവി കപൂറാണ് കാര്‍ ഓടിച്ചിരുന്നത്. ഓഫീസില്‍ നിന്നു വീട്ടിലേക്ക് പോവുകയായിരുന്ന സൗമ്യയുടെ കാര്‍ ഇവരെ ഓവര്‍ടേക്ക് ചെയ്തു. കാറില്‍ യുവതി മാത്രമേയുള്ളൂ എന്ന് മനസിലാക്കിയ പ്രതികള്‍ സൗമ്യയെ പിന്തുടര്ന്നു. അതിവേഗത്തില്‍ തൊട്ടടുത്തെത്തിയ അക്രമികള്‍ സൗമ്യയുടെ കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ സൗമ്യ കാര്‍ നിര്‍ത്താതെ മുന്നോട്ടെടുത്തു. ഇതോടെ രവി കപൂര്‍ സൗമ്യക്ക് നേരെ വെടിവച്ചു എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സൗമ്യയ്ക്ക് വെടിയേറ്റതിന് പിന്നാലെ കാര്‍ നിയന്ത്രണംതെറ്റി ഡിവൈഡറില്‍ ഇടിച്ചാണ് നിന്നത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നീതി ലഭിച്ചു. കഴിഞ്ഞ മാസം 25 ന് പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്ക് ദല്‍ഹി സാകേത് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
വിധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ സംതൃപ്തിയുണ്ട്, പക്ഷേ സന്തോഷമില്ല എന്നായിരുന്നു വിശ്വനാഥന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: