മനുഷ്യനെ പലപ്പോഴും അതിശയിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയമാണ് പര്‍വതങ്ങള്‍. സൗന്ദര്യവും ഗാംഭീര്യവും ഒപ്പം നിഗൂഢതകളും അതിനുണ്ട്. പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പര്‍വതങ്ങള്‍ സംബന്ധിച്ച് ധാരാളം കഥകളും വിവരണങ്ങളുമുണ്ട്.
മനുഷ്യജീവിതം പല നിലയ്‌ക്കും പര്‍വതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോക ജനസംഖ്യയുടെ 15 ശതമാനത്തിന്റെ ആവാസ സ്ഥാനമാണ് പര്‍വതങ്ങള്‍. പല വന്‍ നദികളുടേയും ഉത്ഭവം പര്‍വതങ്ങളില്‍ നിന്നാണ്. ഭൂമിയുടെ മൊത്തം കരഭാഗത്തിന്റെ 27 ശതമാനത്തോളം അവയാണ്. അനുപമമായ ആവാസ വ്യവസ്ഥയുടേയും ജൈവവൈവിധ്യത്തിന്റേയും കലവറ കൂടിയാണ് അവ. എന്നാല്‍ പര്‍വതങ്ങള്‍ പലതും നാശത്തിന്റെ വക്കിലാണ്. അവ നിരന്തര കടന്നുകയറ്റങ്ങള്‍ക്കും ആഗോളതാപനത്തിനും മലിനീകരണത്തിനും വിധേയമാവുക വഴി വലിയ ഭീഷണി നേരിടുന്നു.
മനുഷ്യജീവിതം നിലനിര്‍ത്തുന്നതില്‍ പര്‍വതങ്ങള്‍ വഹിക്കുന്ന പങ്കിനെപ്പറ്റി അവബോധം സൃഷ്ടിക്കുക, അവ സംരക്ഷിക്കപ്പെടേണ്ട ആവശ്യകത ലോകജനതയെ ബോധ്യപ്പെടുത്തുക തുടങ്ങിയവയാണ് അന്താരാഷ്‌ട്ര പര്‍വത ദിനാചരണത്തിന്റെ ലക്ഷ്യം. ശുദ്ധജലം, ശുദ്ധമായ വായു, ഭക്ഷണം, ഇന്ധനം, വിനോദം തുടങ്ങിയവ മനുഷ്യര്‍ക്ക് പര്‍വതങ്ങളില്‍നിന്ന് ലഭിച്ചുവരുന്നു.
1992ല്‍ യുഎന്‍ പരിസ്ഥിതിയും വികസനവും സംബന്ധിച്ച് സമ്മേളനം നടത്തി. ഈ അവസരത്തിലാണ് അന്താരാഷ്‌ട്ര പര്‍വതദിനം എന്ന ആശയം ചര്‍ച്ച ചെയ്തത്. പര്‍വതങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടാന്‍ യുഎന്‍ പൊതുസഭ 2002 അന്താരാഷ്‌ട്ര പര്‍വത വര്‍ഷമായി പ്രഖ്യാപിച്ചു. 2003 ഡിസംബര്‍ 11ന് ആദ്യമായി പര്‍വത ദിനമായി ആചരിച്ചു തുടങ്ങി.
ഭക്ഷ്യകാര്‍ഷിക സംഘടന, യുഎന്‍ഇപി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പര്‍വത ദിനാചരണം നടക്കുന്നത്. 2023ലെ ദിനാചരണ വിഷയം ‘പര്‍വത പരിസ്ഥിതി വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുക’ (Restoring Mountain Ecosystem) എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: