സന്നിധാനം: ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്. ദര്‍ശന സമയം കൂട്ടാന്‍ പറ്റുമോ എന്ന ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മാധ്യമങ്ങളെ കാണുകയായിരുന്നു തന്ത്രി. ഭക്തര്‍ക്ക് വേണ്ടിയാണ് തന്ത്രിയും ദേവസ്വം ബോര്‍ഡും അയ്യപ്പനും നിലക്കൊള്ളുന്നത്. ദേവസ്വം ബോര്‍ഡുമായി സംയുക്തമായ ചര്‍ച്ചക്ക് ശേഷം താമസിക്കാതെ ഉടനെ തീരുമാനമെടുക്കുമെന്നും ഭക്തജനങ്ങളെ ബൂദ്ധിമുട്ടിക്കാത്ത തീരുമാനമേ ഉണ്ടാകുള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം ഇന്നും ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുകയാണ്. പതിനെട്ടാം പടിയില്‍ മിനിറ്റില്‍ 60 പേരെ മാത്രമാണ് കടത്തിവിടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട അടിയന്തര നടപടികളെക്കുറിച്ച് ചര്‍ച്ച ഇന്നും തുടരും. നിലവില്‍ ദിവസവും ദര്‍ശനം നടത്തുന്ന ഭക്തരുടെ എണ്ണം 80,000 മുതല്‍ 90,000 വരെയാകുന്ന പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ സ്പെഷ്യല്‍ കമ്മിഷന് സന്നിധാനത്ത് തുടരാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
തീര്‍ത്ഥാടന പാതകളില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ പതിനെട്ട് മണിക്കൂറോളംനീണ്ട കാത്തുനില്പ്പിനൊടുവിലാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം സാദ്ധ്യമായത്. വരുംദിവസങ്ങളിലെ വെര്‍ച്വല്‍ക്യൂ ബുക്കിങുകളെല്ലാം പൂര്‍ണമാണ്. സ്പോട്ട് ബുക്കിങ് മാത്രമാണ് ഇനിയുള്ള ഏക ആശ്രയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: