കരുനാഗപ്പള്ളി: സാമ്പത്തിക ഭദ്രതയുള്ള ഡോ. റുവൈസ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടത് ഡോ. ഷഹ്‌നയെ ഒഴിവാക്കാനായിരുന്നുവെന്ന വിലയിരുത്തലില്‍ നാട്ടുകാര്‍. കരുനാഗപ്പള്ളി കോഴിക്കോട് എസ്‌വി മാര്‍ക്കറ്റിന് സമീപം ഇടയില വീട്ടില്‍ അബ്ദുള്‍ റഷീദിന്റേയും, ആരിഫയുടേയും രണ്ടു മക്കളില്‍ മൂത്തമകന്‍ ആണ് റുവൈസ്. ഇയാളുടെ സഹോദരിയും എംബിബിഎസ് വിദ്യാര്‍ഥിനിയാണ്.
ഇടതു സഹയാത്രികനാണ് അച്ഛന്‍ അബ്ദുള്‍ റഷീദ്. വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്തശേഷം തിരികെയെത്തിയ അബ്ദുള്‍ റഷീദ് നിലവില്‍ ഗവ. കരാറുകാരനാണ്. ഇടതു നേതാക്കളുമായി അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. വളരെ മെച്ചപ്പെട്ട സാമ്പത്തിക നിലയിലാണ് റുവൈസിന്റെ കടുംബം. കരുനാഗപ്പള്ളിയില്‍ വിവിധ സ്ഥലങ്ങളില്‍ വീടും, കെട്ടിടങ്ങളും വാടകയ്‌ക്ക് നല്കിയിട്ടുണ്ട്. ഈ ഇനത്തില്‍ ഒരു ലക്ഷത്തോളം രൂപ പ്രതിമാസം വാടകയായി ലഭിക്കുന്നുണ്ട്.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പാസായ ശേഷം പിജിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ ഡോ. ഷഹ്‌നയുമായി അടുപ്പത്തിലായ റുവൈസിന് ഷഹ്‌നയുടെ സാമ്പത്തിക ചുറ്റുപാടുകള്‍ അറിയാമായിരുന്നു. എന്നിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ടത് പൂര്‍ണമായും ഒഴിവാക്കുക എന്ന ലഷ്യത്തോടെയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആവശ്യപ്പെട്ട പണം ഒരു രീതിയിലും നല്കാന്‍ ഷഹ്‌നയുടെ കുടുബത്തിന് ആകില്ലെന്ന് റുവൈസിനും കുടുംബത്തിനും അറിയാമായിരുന്നു. ഇതിന് കുടുംബം പൂര്‍ണ പിന്തുണ നല്കി. ഇടതു പിന്തുണയുള്ള കേരള മെഡിക്കല്‍ പി.ജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ റുവൈസ് രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഡോ. ഷഹ്‌ന ജീവനൊടുക്കിയ സംഭവത്തില്‍ ഡോ. റുവൈസ് അറസ്റ്റിലായതിനു പിന്നാലെ അച്ഛന്‍ അബ്ദുള്‍ റഷീദിനെയും പ്രതിചേര്‍ത്തിരുന്നു.
പോലിസ് വീട്ടിലെത്തിയെങ്കിലും അബ്ദുള്‍ റഷീദിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവിലാണ്. സംഭവ ശേഷം വീട് അടച്ചിട്ട നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: