കൊയിലാണ്ടി: കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയത് സ്വാതന്ത്ര്യാനന്തരം അറുപതു വര്‍ഷം കൊണ്ട് ഉണ്ടാക്കാന്‍ കഴിയാത്ത സമഗ്ര വികസനമെന്ന് കേന്ദ്ര സഹകരണ, വടക്കു കിഴക്കന്‍ മേഖല വികസന സഹമന്ത്രി ബി.എല്‍. വര്‍മ. തിരുവങ്ങൂരില്‍ നടന്ന വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വരെ സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കാന്‍ സഹായിച്ച ജന്‍ ധന് യോജന ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് സര്‍ക്കാര്‍ നല്കുന്ന ധനസഹായങ്ങള്‍ ഇടനിലക്കാരുടെ ഇടപെടലില്‍ അര്‍ഹരായവരിലേക്ക് എത്താത്ത സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ജന്‍ധന്‍ അക്കൗണ്ടിലേക്ക് നേരിട്ട് അവ എത്തുന്നതിലൂടെ ഇടനിലക്കാരുടെ അഴിമതി ഇല്ലാതാക്കി. മുദ്ര യോജന, ആവാസ് യോജന, ഉജ്ജ്വല യോജന തുടങ്ങി നിരവധി പദ്ധതികളിലൂടെ രാജ്യത്തുടനീളം വികസനം എത്തിയിരിക്കുകയാണ്. കേരളത്തിലും കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് വര്‍മ വ്യക്തമാക്കി.
ചടങ്ങില്‍ കാനറാ ബാങ്ക് ഡിജിഎം ടോംസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, കൃഷി വിജ്ഞാന് കേന്ദ്ര ഡയരക്ടര്‍ രാധാകൃഷ്ണന് കെ.പി, കേന്ദ്ര ഫിഷറീസ് ബോര്‍ഡ് മെമ്പര്‍ എന്‍.പി. രാധാകൃഷ്ണന്, വാര്‍ഡ് മെമ്പര്‍ രാജേഷ് കുന്നുമ്മല്‍, ലീഡ് ബാങ്ക് മാനേജര്‍ മുരളീധരന്. ടി.എം, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്. ജയ്കിഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: