ശബരിമല: ശബരീശ ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ ഒഴുകിയെത്തിയതോടെ പോലീസ് നിയന്ത്രണങ്ങള്‍ പാളി. ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ശബരിമലയിലേക്ക് ദര്‍ശനത്തിന് എത്തുന്നത്.
എല്ലാ വഴികളിലൂടെയും തീര്‍ത്ഥാടകര്‍ ശബരിമലയിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങിയതോടെ തീര്‍ത്ഥാടന പാതകളില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ പതിനെട്ട് മണിക്കൂറോളംനീണ്ട കാത്തുനില്‍പ്പിനൊടുവിലാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം സാദ്ധ്യമായത്. വരുംദിവസങ്ങളിലെ വെര്‍ച്വല്‍ക്യൂ ബുക്കിങുകളെല്ലാം പൂര്‍ണമാണ്. സ്പോട്ട് ബുക്കിങ് മാത്രമാണ് ഇനിയുള്ള ഏക ആശ്രയം.
സന്നിധാനത്തെ നിയന്ത്രണം പാളിയതോടെ പതിനെട്ടാംപടിയുടെ നിയന്ത്രണം ലോക്കല്‍ പോലീസില്‍ നിന്നും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഏറ്റെടുത്തു. തിരക്ക് നിയന്ത്രണാതീതമായതോടെ പ്രധാന ബേസ്‌ക്യാമ്പായ നിലയ്‌ക്കലില്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പമ്പയില്‍ നിന്നും വിവിധ സെക്ടറുകളാക്കിയാണ് തീര്‍ത്ഥാടകരെ മലചവിട്ടാന്‍ അനുവദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: