ഇപ്പോള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോള്‍ ഒരു ചിന്തകന്‍ ഫേസ്ബുക്കില്‍ കുറിച്ച രണ്ടുവാക്യങ്ങള്ക്ക് മറ്റു പലരും നാവിട്ടടിച്ച വ്യാഖ്യാന കോലാഹലങ്ങള്ക്കുണ്ടായിരുന്നതിനേക്കാള് കാമ്പുണ്ടായിരുന്നു. ടി.ആര്. സോമശേഖരനെഴുതി: ‘ഹാപ്പി ദാറ്റ് നാഷണലിസം വണ്‍ ത്രീ സ്റ്റേറ്റ്സ്. ബട് വാട് ഈസ് ഹാപ്പിയര്‍ ഈസ് ദാറ്റ് ഹിന്ദൂസ് ഡിഫീറ്റഡ് കാസ്റ്റിസം (മൂന്ന് സംസ്ഥാനങ്ങളില്‍ ദേശീയത വിജയതിച്ചതില് സന്തോഷം. എന്നാല്‍, അതിലേറെ സന്തുഷ്ടി ജാതീയതയെ ഹിന്ദുത്വം തോല്പ്പിച്ചതിലാണ്). രണ്ടേരണ്ടു വാക്യം. അതിന്റെ വ്യാഖ്യാനത്തിലുണ്ട്, ഭാരതത്തിലെ രാഷ്ട്രീയ-സാമൂഹ്യ ഗതിമാറ്റത്തിന്റെ ഉള്ളടക്കം മുഴുവനും. രാജ്യത്താകെ ”ജാതിസെന്‍സസ്” നടത്തുമെന്ന് പ്രഖ്യാപിച്ച് ജാതിയടിസ്ഥാനത്തില്‍ രാജസ്ഥാനിലും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ദേശതലത്തില്‍ പ്രവര്‍ത്തനമുള്ള ആ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടുവെന്നതാണ് തെരഞ്ഞെടുപ്പുഫലത്തിലെ സുവര്‍ണ രേഖ. പകരം, ജാതിക്കതീതമായി ദേശീയതയുടെ സംസ്കാരം പറയുന്ന പാര്‍ട്ടിക്കുണ്ടായ വിജയത്തിലാണ് അതിന്റെ സൂര്യശോഭ.
നാലുമാസം കഴിഞ്ഞാല്‍ വരുന്ന പൊതു തെരഞ്ഞെടുപ്പാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പരിശോധിച്ചത് ജാതിയെ തെരഞ്ഞെടുപ്പ് വിഷയമാക്കാമോ എന്നായിരുന്നു. അതാണ് നിലംപരിശായത്. മറ്റൊരു വിഷയം അവതരിപ്പിച്ച് പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പിനെ യുദ്ധമാക്കാനുള്ള സംഘടനാ സംവിധാനമൊന്നും പ്രതിപക്ഷ കക്ഷികളുടെ കൂട്ടത്തിന് ഇല്ലാതാനും.
ഈ തെരഞ്ഞെടുപ്പുഫലം വന്ന ദിവസം തന്നെയാണ് ഏറെ സങ്കടപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത വന്നത്. സാമൂഹ്യ ചിന്തകനും പണ്ഡിതനുമായിരുന്ന ഡോ.എം. കുഞ്ഞാമന് അന്തരിച്ച വാര്‍ത്ത, ‘സ്വയംഹനിച്ച’ വാര്‍ത്ത എന്നതാണ് കൂടുതല്‍ ശരി. രണ്ടാമത്തെ ആത്മഹത്യാശ്രമം ഫലിക്കുകയായിരുന്നു. ആദ്യത്തേത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു.
എന്തിനായിരുന്നു ആത്മഹത്യ എന്ന് അദ്ദേഹത്തിന്റെ ജീവിതം പറയുന്നുണ്ട്. എന്തുകൊണ്ട് ആ ആത്മഹത്യ തടയാന്‍ നമുക്കായില്ല എന്നത് നമ്മുടെ സമൂഹത്തിന്റെ ജീവിതം പറയും, പറയണം. ഡോ. കുഞ്ഞാമനുമായി എന്തുകൊണ്ട് കേരള സമൂഹത്തിനും ഈ സമൂഹവുമായി എന്തുകൊണ്ട് കുഞ്ഞാമനും ഒത്തുപോകാനായില്ല എന്നതിനുത്തരംകൂടി തേടാന്‍ നിര്‍ബന്ധിക്കുന്നതാണ് ആദ്യം ഉദ്ധരിച്ച വാക്യങ്ങള്‍. ദേശീയത വിജയിക്കുന്നു, ജാതീയതയുടെമേല് ഹിന്ദുത്വം വിജയിക്കുന്നു എന്നത്. പക്ഷേ, ഡോ.കുഞ്ഞാമനെപ്പോലുള്ളവര്‍ക്ക് അത് വിളിച്ചു പറയാന്‍ വേദികളില്ലാതായി, പറഞ്ഞാല്‍ ജീവിതം ഇല്ലാകും എന്ന സ്ഥിതിയായി ഇവിടെ.
പത്തുവര്‍ഷം മുമ്പ്, കേരളത്തിലെ ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്നവരുടെ മുന്‍ നിരക്കാരനായ കെ.എം. സലിംകുമാര്‍ ഒരു വാരികയില്‍ വിശദമായി ചിലത് തുറന്നു പറഞ്ഞു. അത് പലവേദികളിലും ആവര്‍ത്തിച്ചു. ജാതിയുടെ പേരില്‍ ‘വരേണ്യവര്‍ഗ്ഗം’ അടിച്ചമര്‍ത്തിയിട്ടും അതിജീവിച്ച് ഉയര്‍ന്ന ഡോ.ബി.ആര്. അംബേദ്കറുടെ പേരില്‍, അദ്ദേഹത്തെ മുന്‍നിര്‍ത്തി നടക്കുന്ന സംഘടിത പ്രവര്‍ത്തനങ്ങളുടെ കൂട്ടയോട്ടത്തിലും പ്രകടനപ്രദര്ശനങ്ങളിലും ക്ഷണവും പ്രവേശനവും കിട്ടാത്തതിന്റെ സങ്കടമായിരുന്നു സലിംകുമാറിന്റേത്. സുവോളജി പഠിച്ച് ഡോക്ടറാകാന്‍ ആഗ്രഹിച്ച ആ മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി കാമ്പസ് വിടുമ്പോള്‍ നക്സലൈറ്റായിരുന്നു. പിന്നീട് സമുദായ ഉന്നമന പ്രവര്‍ത്തനങ്ങളുടെ സാമൂഹ്യ പ്രവര്‍ത്തനത്തിലാണ് വ്യാപൃതനായത്.
സലിംകുമാര്‍ സങ്കടമുള്ളിലൊതുക്കിപ്പറഞ്ഞു: ‘അന്ന് ഒപ്പം പഠിച്ചവര്‍ പലരും ഉന്നതരായി. ആരും തമ്മില്‍ കണ്ടവേളകളില് ഭക്ഷണം കഴിച്ചോ എന്നു ചോദിച്ചില്ല. ഞാന്‍ സമുദായത്തിനായി പ്രവര്‍ത്തിച്ചു. പക്ഷേ നമുക്കിടയില്‍ (സമുദായത്തിനുള്ളില്‍) മതിലുകളുണ്ട്, വിലക്കുണ്ട്. ജാതി, ഉപജാതി, സംഘടന, നേതാക്കള്‍ സൃഷ്ടിക്കുന്ന മതിലുകള്‍. പുതിയ മതിലുകള്‍ സൃഷ്ടിക്കുകയാണ്…’ പല പ്രമുഖരും പ്രമുഖ സമുദായ സംഘടനകളും പലയിടങ്ങളിലും അകറ്റി നിര്‍ത്തുന്നുവെന്ന ആക്ഷേപം തുറന്നുപറഞ്ഞപ്പോള്‍ സലിംകുമാറിനെ ബാധിച്ച ആരോഗ്യ പ്രശ്നങ്ങളാണ് ഇതൊക്കെ പറയിക്കുന്നത്, ആരോപിതരില്‍ ചിലര്‍ അടക്കം പറഞ്ഞു. സലിംകുമാര്‍ ആരോഗ്യവാനായി ഇക്കാര്യങ്ങള്‍ ഇപ്പോഴും പറയുന്നു.
എച്ചില്പെറുക്കിത്തിന് വിശപ്പടക്കിയ, ജാത്യാചാരക്കാരുടെ ക്രൂര വിനോദത്തിനിരയായി നായയ്ക്കൊപ്പം ഒരേ ഇലയില്‍നിന്ന് ആഹാരം കഴിക്കേണ്ടിവന്ന കുഞ്ഞാമനെന്ന കുട്ടിയുടെ ജീവിതം ഒരുകാലത്തെ സാമൂഹ്യ ദുരാചാരമായിരുന്നു. ‘എതിര്’ എന്ന അദ്ദേഹത്തിന്റെ ജീവിതകഥ കണ്ണുനനയാതെ, പല്ലിറുമ്മാതെ, വായിച്ചുതീര്‍ക്കാന്‍ മനസ്സാക്ഷിയുള്ളവര്ക്കാകില്ല.
പാലക്കാട് പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശി മണ്ണിയമ്പത്തൂരിലാണ് ജനിച്ചത്. അവിടത്തെ ഒരു കുടിയില്‍നിന്ന് ഡോ.എം. കുഞ്ഞാമന് എന്ന ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി, യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന് (യുജിസി) എന്ന വിദ്യാഭ്യാസ രംഗത്തെ ഉന്നത വേദിയില്‍ അംഗമായി മാറിയ കുഞ്ഞാമന് ആത്മഹത്യ ചെയ്തതിന് ഒമ്പതുമാസം മുമ്പ്, 74-ാം വയസ്സില്‍, പറഞ്ഞു: ”എനിക്ക് കുട്ടിക്കാലത്തെ അനുഭവങ്ങളില്‍ പിടികൂടിയ ഭയം ഇനിയും ജീവിതത്തില്‍ മാറിയിട്ടില്ല” എന്ന്.
ഡോ.കുഞ്ഞാമന് അന്തരിച്ചപ്പോള്‍ ഗുണഗണങ്ങള്‍ വാഴ്ത്തിയവര്‍ ഏറെയുണ്ട്. ജീവിച്ചിരിക്കെ അപമാനിച്ചവരും അവരിലുണ്ടെന്ന് ഒരു സുഹൃത്ത് ചൂണ്ടിക്കാണിച്ചതോര്ക്കുന്നു. ഉയര്‍ന്ന മൗലിക ചിന്തകള്‍, രാഷ്ടീയ അടിമത്തം ഇല്ലാതെ പറയാന്‍ അദ്ദേഹം തയാറായി. അതുപക്ഷേ പരിഗണിക്കാതെ മലയാളി നടന്നുപോയി. 2023 ഏപ്രിലില്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ പത്രാധിപ സമിതിയുമായി ഡോ.കുഞ്ഞാമന് സുദീര്‍ഘം സംസാരിച്ചു. അതില്‍ നിരീക്ഷിച്ച, വിശദീകരിച്ച രാഷ്ട്രീയ-സാമൂഹ്യ വാസ്തവങ്ങള്‍ കാപട്യമില്ലാത്ത ബുദ്ധിയുടെ ജീവിക്കാന്‍ വേണ്ടിമാത്രമല്ലാത്ത യാഥാര്‍ത്ഥ്യങ്ങളായിരുന്നു.
സകലതിലും മതേതരത്വം തിരയുന്നവര്‍ക്കുള്ള മറുപടിയായിരുന്നിരിക്കണം, ഡോ.കുഞ്ഞാമന് പറഞ്ഞു; ദാരിദ്ര്യം മതേതരമാണെന്ന്. അത് വിശദീകരിച്ചു: ”അക്കാലത്ത് കടുത്ത ദാരിദ്ര്യമായിരുന്നു. ഇന്നിപ്പോള്‍ ഭക്ഷ്യക്ഷാമമില്ല. നമ്മുടെ സര്‍ക്കാര്‍ കൈക്കൊണ്ട ഭക്ഷ്യ സുരക്ഷാ നടപടികള്‍ക്ക് നന്ദി. വിശപ്പില്ലായ്മ നമ്മുടെ സമൂഹത്തിന്റെ വര്ണരാജിയെയാകെ ഉന്നതമായ അഭിലാഷത്തിലേക്ക് നയിച്ചു. അഭിലാഷമുണ്ടാകുമ്പോള് ജീവിതം സജീവമാകും. മൊബീല്‍ ഫോണ്‍ അതിനെ ശക്തിപ്പെടുത്തുന്ന ഉപകരണമാണ്…”
ഒരു സാമ്പത്തിക ശാസ്ത്രജ്ഞന് രാജ്യത്തിന്റെ വികസനത്തിന് സൂചകമായി കാണുന്നത് ദാരിദ്ര്യമില്ലായ്മയാണ്. അതിന് ആസൂത്രണം നടത്തുന്നവര്‍ ആമാശയത്തെ മാത്രമല്ല, ആശയത്തേയും അഭിലാഷത്തേയുമാണ് ഊട്ടിവളര്ത്തുന്നതെന്ന് ഡോ.കുഞ്ഞാമന് പറഞ്ഞപ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ നമ്മുടെ സമൂഹം തയാറായില്ല. അത് ഡോ.കുഞ്ഞാമന് കക്ഷിരാഷ്ട്രീയമില്ലാഞ്ഞതിനാലായിരിക്കുമോ?
”ബ്രാഹ്മണാധിപത്യമുള്ള ഹിന്ദു സംവിധാനം ഭാരതത്തില്‍ ഇല്ലതാകുന്നു”വെന്ന് ഡോ.കുഞ്ഞാമന് പറഞ്ഞു. ”അതിന് കാരണക്കാരന്‍ നരേന്ദ്ര മോദിയാണ്. എന്നുവെച്ച് ബ്രാഹ്മണാധിപത്യം ഇല്ലാതാകുന്നുവെന്നല്ല. ഇന്നത്തെ ബ്രാഹ്മണിസം ബ്രാഹ്മണന്മാരില്ലാത്തതാണ് എന്നാണ്. ഇന്ന് ദളിത് ബ്രാഹ്മണരുണ്ട്, ഒബിസി ബ്രാഹ്മണരും. എല്ലാ സമുദായക്കാരും ഇന്ന് അധികാരത്തില്‍ ഭാഗം ആഗ്രഹിക്കുന്നു. ജാത്യാധിപത്യം അടിച്ചേല്‍പ്പിച്ച് ഭാരതത്തില്‍ രാഷ്ട്രീയം അസാധ്യമാണ്. അവര്‍ ‘ഉപഹിന്ദുത്വം’ ഗൗരവതരമായി അവതരിപ്പിച്ചു. അവര്‍ യാഥാര്‍ത്ഥ്യം പഠിച്ച് കഠിന പരിശ്രമം നടത്തി ജാതി സംവിധാനത്തില്‍ ആഴത്തില്‍ കടന്നു-ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും പരാജയപ്പെട്ടതാണ്.
ഡോ.അംബേദ്കര്‍ ഭൂമി വിതരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കമ്യൂണിസ്റ്റുകള്‍ ഭൂപരിഷ്കരണത്തെക്കുറിച്ച് പറഞ്ഞു. അതിനുകാരണം ഇഎംഎസ്സിന് ഇതൊന്നും മനസ്സിലാകാഞ്ഞതാണ്. അദ്ദേഹത്തിന് വര്‍ഗ്ഗ സങ്കല്‍പ്പത്തിനപ്പുറം പോകാന്‍ കഴിയുമായിരുന്നില്ല. ഇക്കാര്യത്തിലൊക്കെ ഇഎംഎസ്സിനോട് പലവട്ടം ചോദിച്ചിട്ടും നേരിട്ട് ഉത്തരം നല്‍കിയിട്ടില്ല. പല കമ്യൂണിസ്റ്റുകളും സ്വന്തംപേരില്‍ ജാതി ചേര്‍ത്തിട്ടുള്ളവരാണ്.
മുമ്പ് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും മതേതരരായിരുന്നു. രാഹുല്‍ ഗാന്ധിക്ക് മതേതര-അഖിലേന്ത്യാ കാഴ്ചപ്പാടുണ്ട്. പക്ഷേ മറ്റുപലര്ക്കുമില്ല. ആര്‍എസ്എസ്സിനെക്കുറിച്ച് ഞാന്‍ അത്ര പഠിച്ചിട്ടില്ല. അറിഞ്ഞിടത്തോളം അവര്‍ സാംസ്കാരിക സംഘടനയാണ്.” ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ ഡോ.കുഞ്ഞാമന്റേതായി അച്ചടിച്ചുവന്നതാണ്. എത്ര കപട വിഗ്രങ്ങളെയാണ് തകര്ത്തുകളഞ്ഞതദ്ദേഹം! എത്ര യാഥാര്‍ത്ഥ്യങ്ങളാണ് പകല്വെളിച്ചത്തിലേക്കിട്ടത്. പക്ഷേ, കേരളത്തിലെ പ്രമുഖര്‍ ഇപ്പറഞ്ഞതിലൊന്നുപോലും ചര്‍ച്ച ചെയ്തില്ല. നമ്മുടെ വിദ്യാഭ്യാസ നിലവാരം മോശമായതുകൊണ്ടല്ല, ഇംഗ്ലീഷ് വായിച്ചറിയാന്‍ കഴിയാഞ്ഞല്ല. ഡോ.കുഞ്ഞാമനെ തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും അവഗണിക്കേണ്ടവനുമായി പണ്ട് മാറ്റിനിര്‍ത്തിയ ‘പ്രഭുവര്ഗ്ഗത്തെ’ പ്പോലെതന്നെ കേരളത്തിന്റെ ‘പ്രബുദ്ധവര്ഗ്ഗം’ മാറിയതിന്റെ ഫലമാണ്.
നൂറ്റാണ്ടോളമായി നടക്കുന്ന ആസൂത്രിത പരിശ്രമങ്ങളുടെ ഫലത്തെക്കുറിച്ചാണ് ‘ഉപഹിന്ദുത്വം’ എന്ന് ഡോ.കുഞ്ഞാമന് പരാമര്‍ശിച്ചത്. ചിലര്‍ അതിനെ ‘തീവ്രഹിന്ദുത്വ’മെന്നും ‘അതിതീവ്ര ഹിന്ദുത്വ’മെന്നും ‘കാവിഹിന്ദുത്വ’മെന്നും ‘ബ്രാഹ്മണ ഹിന്ദുത്വ’മെന്നും വിളിച്ചു. ഡോ.കുഞ്ഞാമന് ‘ഉപഹിന്ദുത്വ’മെന്നും. വാസ്തവത്തില്‍ രാഷ്ട്രത്തിന്റെ സ്വത്വമായ ഹിന്ദുത്വം, അതുതന്നെയാണത്.
ഉന്നത ചിന്താബോധമുള്ള ഡോ.കുഞ്ഞാമന് അത് തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായി. ആരും ഭയപ്പെടുത്തിയില്ല, അവഗണിക്കുകയായിരുന്നെങ്കിലും. ആ ചിന്താ-പ്രസംഗ-പ്രവര്‍ത്തന സ്വാതന്ത്ര്യം ജനാധിപത്യത്തില്‍ എല്ലാവര്ക്കും കിട്ടുന്ന രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടായാല്മതി. വാസ്തവം അറിഞ്ഞ് വ്യാജന്മാരെ തള്ളാന്‍ സാമാന്യജനം തയാറാകും. ഡോ.കുഞ്ഞാമന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു.
പിന്കുറിപ്പ്:
സര്‍വീസ് സംഘടനാ സ്വാതന്ത്ര്യം ദുരുപയോഗിച്ച്, ട്രേഡ് യൂണിയന് പ്രവര്‍ത്തനം നടത്തുന്നത് നിര്‍ത്തി, സത്യസന്ധരായ, മനസ്വികളായ അദ്ധ്യാപകരെ പിന്തുടരാന് മുഴുവന്‍ അദ്ധ്യാപകരും തയാറായാല്‍ തീരുന്ന പ്രശ്നങ്ങളേ ഇവിടെയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: