ഡര്ബന്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ കളി ഇന്ന്. ഡര്‍ബനിലെ കിങ്സ്മീഡ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇരു ഭാഗത്തും പ്രധാന താരങ്ങള്‍ വിശ്രമത്തിലിരുന്ന് രണ്ടാം നിര താരങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുകയാണ്. തെംബ ഭവൂമയുടെ അഭാവത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്നത് എയ്ഡന്‍ മാര്‍ക്രം ആണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നയിച്ച സൂര്യകുമാര്‍ യാദവ് ആണ് ഭാരതത്തിന്റെ ക്യാപ്റ്റന്‍.
നാട്ടില്‍ നടന്ന പരമ്പരയില്‍ നിലവിലെ ട്വന്റി20 ലോക ചാമ്പ്യന്മാര് കൂടിയായ ഓസീസിനെ 4-1ന് തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവും. കിങ്സ്മീഡില്‍ ഇന്ന് തുടങ്ങുന്ന ട്വന്റി20 പരമ്പരയില്‍ വിജയം നിലനിര്‍ത്താന്‍ ഓസിസിനെതിരായ കളിയില്‍ തെളിഞ്ഞു കണ്ട പാളിച്ചകള്‍ ഭാരത്തിന് തീര്‍ക്കേണ്ടിവരും. ഏകദിന ലോകകപ്പിന് പിന്നാലെ വിശ്രമമെടുത്ത് മാറിനിന്ന ടീം മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡിന് കീഴിലുള്ള സംഘം തിരികെയെത്തിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ വി.വി.എസ്. ലക്ഷ്മണ് ആയിരുന്നു ടീമിന്റെ പ്രധാന പരിശീലക ചുമതല.
ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അതേ ടീമിനെ ഏറെക്കുറേ നിലനിര്‍ത്തിയിരിക്കുകയാണ് ഭാരതം അവസാന മത്സരത്തോടെ ടീമിലേക്കെത്തിയ ശ്രേയസ് അയ്യര്‍ ഈ പരമ്പരയില്‍ തുടക്കം മുതലേ ഉണ്ട്. താരത്തെ കൂടാതെ ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരും തിരിച്ചെത്തിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലുടനീളം മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ രവി ബിഷ്ണോയ് തുടക്കം മുതലേ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രകടനത്തോടെ താരം ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാമതെത്തിനില്ക്കുകയാണ്. ഭാരതനിരയില്‍ നിന്നും അക്ഷര്‍ പട്ടേലിനെ ട്വന്റി20 ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.
മറുവശത്ത് എയ്ഡെന്‍ മാര്‍ക്രത്തിന് കീഴിലിറങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ചില പരിയമില്ലാത്തവരെ കണ്ടെന്നുവരാം. എങ്കിലും പരിചയ സമ്പന്നരെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല. ഹെന്റിച്ച് ക്ലാസന്, ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെഹ്ലൂക്ക്വായോ, കേശവ് മഹാരാജ്, യുവതാരം തബ്രെയ്സ് ഷംസി എന്നിവര്‍ കളിക്കും. മാത്യു ബ്രീട്സ്കെ, ഡോനോവാന്‍ ഫെറെയ്റ, സീം ബോളര്‍ ഒട്ട്നിയേല്‍ ബാര്ട്ട്മാന്, നാന്‍ഡ്രെ ബര്‍ഗര്‍, ലിസാദ് വില്ല്യംസ് എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അണിനിരക്കുന്ന പുതുമുഖങ്ങള്‍. ഇവരില്‍ മാത്യു ബ്രീറ്റ്സ്കെയെ മാത്രമാണ് ഇന്ന് കളിപ്പിക്കാന്‍ സാധ്യതയുള്ളത്. ലുങ്കി എന്‍ജിടി പിന്മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: