കോട്ടയം: ഹമാസ് ഭീകരതയെ മുന്നില്‍ നിര്‍ത്തി കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പത്മകുമാര്‍. ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വടക്കന്‍ മേഖലയില്‍ മാത്രം യോഗങ്ങള്‍ സംഘടിപ്പിച്ച് ജനങ്ങളുടെ മനസില്‍ വര്‍ഗീയവിഷം കുത്തിനിറക്കുകയാണ്. വോട്ട് കിട്ടാന്‍ വര്‍ഗീയ കാര്‍ഡിറക്കുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് പടമാടന്‍, ബിജു മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ എല്ലാ മണ്ഡലങ്ങളിലും ക്രിസ്തുമസ് ആഘോഷം നടത്താന്‍ സംസ്ഥാന ഘടകം തീരുമാനിച്ചു.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ നേതാക്കളെ നേരില്‍ കാണുന്ന സ്‌നേഹയാത്രയ്‌ക്ക് തുടക്കംകുറിക്കും. ഒരു മാസത്തെ സ്‌നേഹയാത്ര തിരുവനന്തപുരത്ത് ജനുവരി രണ്ടിന് ആരംഭിക്കും. യാത്രയില്‍ സംസ്ഥാന, ദേശീയ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: