ന്യൂദല്‍ഹി: അഴിമതി നടത്തി ജനങ്ങളില്‍ നിന്ന് കൊള്ളയടിച്ച പണം നയാപൈസാ വ്യത്യാസമില്ലാതെ തിരികെ നല്‍കേണ്ടിവരുമെന്നും ഇത് മോദിയുടെ ഉറപ്പാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിനു ബന്ധമുള്ള ഒരു ബിസിനസ് ഗ്രൂപ്പിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 200 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെന്ന വാര്‍ത്ത ടാഗ് ചെയ്തായിരുന്നു സാമൂഹ്യമാധ്യമമായ എക്സിലൂടെ മോദിയുടെ പ്രതികരണം.
ഈ കറന്‍സി നോട്ടുകളുടെ കൂമ്പാരം നോക്കണം, എന്നിട്ട് കോണ്‍ഗ്രസ് നേതാക്കളുടെ സത്യസന്ധതയെക്കുറിച്ചും നമ്മള് മനസിലാക്കണം. ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്ന ഓരോ പൈസയും ഇവര്‍ തിരികെ നല്‍കേണ്ടിവരും. ഇത് മോദിയുടെ ഉറപ്പാണെന്നും അദ്ദേഹം കുറിച്ചു.
കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 290 കോടി രൂപ കണ്ടെത്തി. സാഹുവിന്റെ വീട്ടില്‍ നിന്ന് മാത്രം 100 കോടിയിലേറെ രൂപയാണ് പിടിച്ചെടുത്തത്. എംപിയുടെ ഉടമസ്ഥതയിലുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസുകളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. എട്ട് കൗണ്ടിങ് മെഷീനുകള്‍ എത്തിച്ചാണ് ഉദ്യോഗസ്ഥര്‍ നോട്ടെണ്ണുന്നത്. യന്ത്രങ്ങള്‍ കുറവായതിനാല്‍ നോട്ടുകള്‍ പൂര്‍ണമായും എണ്ണി തീര്‍ന്നിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. റെയ്ഡ് ഇന്നലെയും തുടര്‍ന്നു. 500 രൂപയുടെ കെട്ടുകളായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. ആദായനികുതി വിഭാഗം മൂന്നൂറ് കോടിയോളം രൂപ കണ്ടെത്തിയ രാജ്യത്തെ ഏറ്റവും വലിയ റെയ്ഡുകളിലൊന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: