സത്യം എന്റെ പ്രചാരമാണ്
ധര്‍മം എന്റെ ആചാരമാണ്
ശാന്തി എന്റെ സ്വഭാവമാണ്
പ്രേമം എന്റെ സ്വരൂപമാണ്
ശ്രീ സത്യസായി ബാബ
ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ അതീവ സാധാരണമായ ഒരു കൊച്ചു ഗ്രാമം. കര്‍ഷകരാണ് ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്. പോയ നൂറ്റാണ്ടിന്റെ ആദ്യപകുതിയോളം തീര്‍ത്തും അപരിഷ്കൃതമായ പ്രദേശം. ശരിക്കും ഒരു ഓണംകേറാമൂല. അതാണ് പുട്ടപര്‍ത്തി. ഇന്നത് ഭക്ത കോടി തേടിയെത്തുന്ന പുണ്യസ്ഥലം. ഭഗവാന് ശ്രീസത്യസായിബാബയുടെ ആത്മീയ തലസ്ഥാനമായ പ്രശാന്തിനിലയം അവിടെയാണ്.
ജീവിതകാലയളവില്‍ (1926 -2011) സമസ്ത ലോകത്തിന്റെയും സ്നേഹാദരം ഇത്രമേല്‍ ലഭിച്ച മറ്റൊരു വ്യക്തിപ്രഭാവമുണ്ടോ? സംശയമാണ.് ഏതാണ്ട് നൂറ്റിഅറുപത്തഞ്ചോളം ലോകരാജ്യങ്ങളിലെ വിശ്വാസികള്‍ ഈ പ്രപഞ്ചാത്ഭുത പ്രതിഭാസത്തെ സ്വന്തമാക്കിയിരിക്കുന്നു. പുട്ടപര്‍ത്തിയിലെ അസ്തമിക്കാത്ത വെളിച്ചം ആവോളം കോരിക്കുടിച്ച് അവര്‍ മടങ്ങുന്നു. വീണ്ടും വരുവാനായി.
കാല്‍നൂറ്റാണ്ടുകാലം പുട്ടപര്‍ത്തിയിലെ സന്ദര്‍ശകനായിരുന്ന, ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ ഈ വാക്കുകള്‍ കേള്‍ക്കുക: ഭഗവാന് സത്യസായിബാബ ഉല്‍കൃഷ്ടവും ഉദാത്തവുമായ ഒരു ആത്മീയ ശക്തിയാണ്. അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം സത്യാന്വേഷണത്തില്‍ നമ്മെ, നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുകയും ചുറ്റുമുള്ള പ്രപഞ്ചവുമായി നമുക്കുള്ള പാരസ്പര്യം മനസ്സിലാക്കി തരികയും ചെയ്യുന്നു.
ഏകമതം, ലോക മതം. സ്നേഹമതം. അതാണ് സായിമതം. ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും ജൂതനും ജൈനനും സായിമത സാധകരാണ്. ഒന്നോര്‍ക്കുക, സത്യസായിബാബയ്ക്ക് ശിഷ്യരില്ല. സാധകര്‍ മാത്രം, സേവകര്‍ മാത്രം. ഭഗവാന് പറയുന്നു: ഞാന്‍ പാതയുടെ അറ്റത്ത് നിങ്ങള്‍ക്കായി സദാ പ്രതീക്ഷയോടെ നില്‍പ്പുണ്ടാകും, നിങ്ങളുടെ ഓരോ ചുവടും ശ്രദ്ധിച്ചുകൊണ്ട്. ഞാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും ഒപ്പമുണ്ട.് കാരണം ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ കുടികൊള്ളുന്നു. ശരിയായ എളിമയോടെ പരിശുദ്ധ ഹൃദയവുമായി എന്നിലേക്ക് തിരിയുന്ന ആരെയും സഹായിക്കാന്‍ വേണ്ടി ഞാന്‍ ഇവിടെ സദാ ഉണ്ടായിരിക്കും.
ഭൂതകാലത്തിന്റെ നന്മകളെ പുരോഗതിക്കായി പുനരുജ്ജീവിപ്പിച്ചുകൊണ്ട് നൈരന്തര്യത്തിന്റെ ഒരു അപൂര്‍വ ലാവണ്യം മെരുക്കി വളര്‍ത്തുകയാണ് സത്യസായിബാബ. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ മികവും തികവും അംഗീകരിച്ചുകൊണ്ടുതന്നെ ആധ്യാത്മിക ശാസ്ത്രത്തിന് മാനവീയമായ ഒരു മഹായജ്ഞമൊരുക്കുകയാണ് പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയം. ആധ്യാത്മികതയുടെ ഇന്റര്‍നാഷണല്‍ സെന്ററാണിത്. ലോകഭൂപടത്തില്‍ ഇതൊന്നു മാത്രം; ലോകം ഇവിടെ സനാഥമാകുന്നു.
വ്യക്തി, കുടുംബം, സമൂഹം ഇവകളുടെ സുസ്ഥിതിക്കായി തയ്യാറാക്കിയ പാഠ്യപദ്ധതിയാണ് പുട്ടപര്‍ത്തിക്കുള്ളത്. പ്രേമാദൈ്വതമാണ് സിലബസിന്റെ ‘അണ്ടര്‍ടോണ്‍’. ഏകമതവും ഏകലോകവുമാണ് അതിന്റെ പ്രധാനോദ്ദേശ്യം. സേവനമാണ് പരീക്ഷണശാല. ഒരു ലോക യുവജനസമ്മേളനത്തില്‍ പ്രശാന്തിനിലയത്തെ സ്പിരിച്ചല്‍ വര്‍ക്ക്ഷോപ്പ് എന്ന് ബാബ വിശേഷിപ്പിക്കുകയുണ്ടായി. കെട്ടവകളെ കൊള്ളാവുന്നവകളാക്കാന്‍ നാം അവിടേക്ക് ഇടയ്ക്കിടെ ഒന്ന് പോയി മടങ്ങുക. വിനോദസഞ്ചാരി യാവരുത്, തീര്‍ത്ഥാടകനാവുക. സാധകന് സായി നല്കുന്ന നല്കുന്ന നിര്‍ദേശങ്ങളില്‍ ചിലത് ഇങ്ങനെ:
1. നിത്യവും ധ്യാനവും പ്രാര്‍ഥനയും.
2. സാമൂഹ്യ സേവനത്തിലേര്‍പ്പെടുക.
3. കുടുംബാംഗങ്ങളൊത്ത് ആഴ്ചയില്‍ ഒരു വട്ടം ഭജന.
4. സൗമ്യമായും മധുരമായും സംസാരിക്കുക.
5. അന്യരെ അവരുടെ അസാന്നിധ്യത്തില്‍ ദുഷിച്ചു സംസാരിക്കാതിരിക്കുക.
6. ആഗ്രഹങ്ങള്‍ക്ക് പരിധി നിശ്ചയിക്കുക.
ഈശ്വരനെ കണ്ടെത്താന്‍ പത്തു വഴികള്‍ സ്വാമി ചൂണ്ടികാണിക്കുന്നു:
1.മാതൃഭൂമിയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക.. മറ്റുള്ളവരുടെ മാതൃഭൂമിയെ വെറുക്കുകയോ ദ്രോഹിക്കുകയോ അരുത്.
2. എല്ലാ മതങ്ങളെയും ആദരിക്കുക. അവയോരോന്നും ഏകമായ ദൈവത്തിലേക്കുള്ള പാതയാണ്
3. ഭേദചിന്ത കൂടാതെ എല്ലാവരും എല്ലാവരെയും സ്നേഹിക്കുക മാനവരാശി ഒരേയൊരു സമൂഹമാണെന്നറിയുക.
4. വീടും പരിസരവും ശുചിയായി വെയ്ക്കുക. അത് നിങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യവും സുഖവും ഉറപ്പാക്കും.
5. ഭിക്ഷക്കാര്‍ക്ക് നാണയം എറിഞ്ഞുകൊടുക്കരുത്. ആതുരര്‍ക്കും വൃദ്ധര്‍ക്കും പാര്‍പ്പിടവും സംരക്ഷയും നല്‍കുക.
6. കൈക്കൂലി കൊടുത്ത് പ്രലോഭിപ്പിക്കരുത്. കൈക്കൂലി വാങ്ങി സ്വയം നിങ്ങള്‍ താഴരുത്.
7. അസൂയ ഈര്‍ഷ്യ എന്നിവയെ ഒരുതരത്തിലും വളര്‍ത്തരുത്.
8. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരെ ആശ്രയിക്കരുത്. സേവനത്തിന് ഇറങ്ങും മുമ്പ് നിങ്ങള്‍ സ്വയംസേവകനാവുക.
9. രാഷ്ട്രനിയമങ്ങളെ അനുസരിച്ചുകൊണ്ട് മാതൃകാ പൗരനായിരിക്കുക.
10. ഈശ്വരനെ ആരാധിക്കുക. പാപത്തെ വെറുക്കുക.
സ്പിരിച്വല്‍ സോഷ്യലിസമാണ് സായിബാബ ഫലപ്രദമായി അവതരിപ്പിക്കുന്നത.് ഭൗതിക വിജ്ഞാനത്തിന് മനുഷ്യന്റെ അന്തര്‍ഘടനയില്‍ പരിണാമം വരുത്താന്‍ കഴിഞ്ഞിട്ടില്ല. വികലധാരണകളില്‍ നിന്നും യഥാര്‍ത്ഥ മൂല്യത്തിലേക്ക് സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തണം. ബാബയുടെ ആധ്യാത്മിക സിദ്ധാന്തത്തിന്റെ
പാഠവും പൊരുളും ഇതാണ്.
ഒമ്പത് ദശാബ്ദങ്ങള്‍ കൊണ്ട് ഭഗവാന് എന്തേ നല്‍കിയത്?
അഗതികള്‍ക്ക് മേല്‍ത്തരം ആശുപത്രി.
ദാഹാര്‍ത്തര്‍ക്ക് സംശുദ്ധമായ ജീവനം.
വിദ്യാര്‍ത്ഥിക്ക് കലാപരഹിതമായ കലാലയം. ആനന്ദം സേവനത്തിലൂടെ ആര്‍ജ്ജിക്കുക. ശാന്തി ത്യാഗത്തിലൂടെ നേടുക. രണ്ടുകാര്യങ്ങള്‍ ഇതിനായി വേണം. ഒന്ന് വിശ്വാസം, രണ്ട് പ്രേമം.
ബാലനായ ബാബ പുട്ടപര്‍ത്തിയില്‍ കര്‍ണം സുബ്ബമ്മയുടെ വീട്ടില്‍ താമസിക്കുമ്പോള്‍ പാടാറുള്ള പാട്ട് മലയാളത്തില്‍ ഇങ്ങനെ:
സത്യവും ധര്‍മ്മവും ശാന്തിയും പ്രേമവും
ജീവിതയാത്രയില്‍ സംവഹിക്കൂ
കര്‍മ്മയോഗത്തിന്റെ കമ്രനിയോഗം നിന്
കര്‍ത്തവ്യമാണെറിഞ്ഞീടുക
ഗൂഢ രഹസ്യമതൊന്നു മാത്രം പ്രഭോ
നിത്യസ്മൃതികളില്‍ നീയുണര്‍ത്തൂ
ഭക്തന്റെ മാറ്റിന്നുരകല്ലു സാധന
തീര്‍ത്ഥാടനം നീ തുടര്‍ന്നീടുക
സത്യവും ധര്‍മ്മവും പ്രേമവു-
മെപ്പോഴും നിന് പകലുണ്ടാവട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: