തിരുവനന്തപുരം: ഏകപക്ഷീയമായി തിരുവനന്തപുരം ജില്ലയിലെ ലേണേഴ്സ് സപ്പോര്‍ട്ട് സെന്റര്‍(എല്എസ്സി) മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലേക്ക് മാറ്റി ശ്രീനാരായണഗുരു സര്‍വകലാശാല.
തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജായിരുന്നു 2023ലെ അഡ്മിഷന് സമയത്ത് വിദ്യാര്‍ഥികള്‍ക്കായി ലേണേഴ്സ് സപ്പോര്‍ട്ട് സെന്ററായി അനുവദിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് നല്കിയ അഡ്മിഷന് ടിക്കറ്റിലും മാര്‍ ഇവാനിയോസ് കോളജായിരുന്നു സ്റ്റഡി സെന്റര്‍. ബിരുദ-പിജി വിദ്യാര്‍ഥികള്‍ക്കുള്ള കൗണ്‍സിലിങ്ങും തുടര്‍ന്നുള്ള കോണ്ടാക്റ്റ് ക്ലാസുകളുമാണ് മാര്‍ ഇവാനിയോസ് കോളജില്‍ നിശ്ചയിച്ചിരുന്നത്.
എന്നാല്‍ യൂണിവേഴ്സിറ്റി ഏകപക്ഷീയമായി ലേണേഴ്സ് സപ്പോര്‍ട്ട് സെന്റര്‍ 18 കിലോമീറ്റര്‍ അകലെയുള്ള തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലേക്ക് മാറ്റുകയായിരുന്നു. ഇത് അഡ്മിഷനെടുത്ത വിദ്യാര്‍ഥികളെ വെട്ടിലാക്കി. നാല്‍പ്പതും അമ്പതും കിലോമീറ്റര്‍ യാത്ര ചെയ്ത് താരതമ്യേന ഗതാഗതസൗകര്യം കുറഞ്ഞ തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലേക്ക് എത്തേണ്ട സ്ഥിതിയാണ് വിദ്യാര്‍ഥികള്‍ക്ക്.
കഴിഞ്ഞദിവസമായിരുന്നു 2023 വര്‍ഷത്തെ ഡിഗ്രി-പിജി വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്സിറ്റിയുടെ കൗണ്‍സിലിങ്ങും ഐഡി കാര്‍ഡ്, സ്റ്റഡി മെറ്റീരിയല്‍ വിതരണവും. നാല്‍പ്പതും അമ്പതും കിലോമീറ്റര്‍ പിന്നിട്ടാണ് വിദ്യാര്‍ഥികള്‍ ക്ലാസിനെത്തിയത്. വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും ഇതുമൂലം കൃത്യമായി ക്ലാസിനെത്താനാകുന്നില്ല. യൂണിവേഴ്സിറ്റി ഇക്കാര്യത്തില്‍ കബളിപ്പിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസ്. യാത്രാസൗകര്യമുള്ള നഗരത്തില്‍ത്തന്നെയുള്ള കോളജില്‍ എല്എസ്സി അനുവദിച്ചില്ലെങ്കില്‍ കോണ്ടാക്റ്റ് ക്ലാസുകളില്‍ പങ്കെടുക്കാനും പരീക്ഷയെഴുതാനും ബുദ്ധിമുണ്ടാകുമെന്ന് വിദ്യാര്‍ഥികള്‍ ഭയക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: