Categories: Kerala

നവകേരളത്തില്‍ കാളവണ്ടി ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; ആളുകള്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി

Published by

കുമളി: നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥം, സുപ്രീംകോടതി വിധി കാറ്റില്‍പറത്തി സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുമളിയില്‍ കാളവണ്ടിയോട്ട മത്സരം. ടൗണിലെ തിരക്കേറിയ റോഡിലൂടെ പാഞ്ഞ കാളവണ്ടികളിലൊന്ന് വാഹനങ്ങള്‍ക്കിടയിലേക്ക് ഇടിച്ച് കയറി. കാളവണ്ടിയിടിച്ച് ജീപ്പിനും ഓട്ടോറിക്ഷക്കും കേടുപാട്. മറ്റൊരു വണ്ടി ആള്‍ക്കാര്‍ക്ക് നേരെ പാഞ്ഞടുത്തു. ഓടിമാറിയതിനാല്‍ അപകടം ഒഴിവായി.

പീരുമേട് മണ്ഡല പര്യടനത്തിന്റെ പ്രചരണാര്‍ത്ഥമാണ് സിപിഎമ്മും ഇടത് കര്‍ഷക സംഘടനകളും ചേര്‍ന്ന് കുമളിയില്‍ കാളവണ്ടിയോട്ട മത്സരം നടത്തിയത്. തേനിയില്‍ നിന്ന് ഇതിനായി ആറ് കാളവണ്ടികള്‍ എത്തിച്ചിരുന്നു. കുമളി ഒന്നാം മൈലില്‍ നിന്ന് തുടങ്ങി ടൗണ്‍ ചുറ്റി ചെളിമട വഴി തിരിച്ചെത്തുന്ന വിധമാണ് മത്സരം നടത്തിയത്. ടൗണിലെ സെന്‍ട്രല്‍ ജങ്ഷനില്‍ എത്തിയപ്പോഴാണ് കാളവണ്ടി നിയന്ത്രണം വിട്ട് വാഹനങ്ങളെ ഇടിച്ചത്.

കുറച്ച് ദൂരം ഒരു ചക്രത്തിലാണ് ഈ കാളവണ്ടി ഓടിയത്. മറ്റൊരു കാളവണ്ടി റോഡില്‍ നിന്നിരുന്ന ആളുകള്‍ക്കിടയിലേക്കാണ് പാഞ്ഞ് കയറിയത്. ആളുകള്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. ശബരിമല തീര്‍ത്ഥാടനകാലം ആയതിനാല്‍ കുമളി ടൗണില്‍ വലിയ തിരക്കാണ്. ഇതിനിടയിലാണ് മതിയായ മുന്‍കരുതല്‍ പോലും ഇല്ലാതെ കാളവണ്ടിയോട്ടം നടത്തിയത്. കാളവണ്ടി ഉപയോഗിച്ച് വിളംബര ജാഥ നടത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും സംഭവത്തില്‍ പരാതി കിട്ടിയാല്‍ കേസെടുക്കുമെന്നും കുമളി എസ്എച്ച്ഒ ജോബിന്‍ ആന്റണി ജന്മഭൂമിയോട് പറഞ്ഞു. ഗതാഗത തടസം ഉണ്ടായിട്ടില്ല. വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായും ആരും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ് കുമളിയില്‍ നടന്നതെന്നും കര്‍ശന നടപടി വേണമെന്നും മൃഗ അവകാശ പ്രവര്‍ത്തകനായ എം.എന്‍. ജയചന്ദ്രന്‍. ജല്ലിക്കെട്ടിന്റെ ഭാഗമായി മൃഗങ്ങളെ വിനോദങ്ങള്‍ക്കും അഭ്യാസ പ്രകടനങ്ങള്‍ക്കും ഉപയോഗിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഈ പരിപാടി. സംഭവത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും സംഭവം അറിഞ്ഞിട്ടും നടപടി എടുക്കാന്‍ തയ്യാറാകാതിരുന്ന കുമളി എസ്എച്ച്ഒക്കെതിരെയും ക്രിമിനല്‍ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by