മുംബൈ: രാജ്യത്ത് എൻഐഎയുടെ വ്യാപക റെയ്ഡ്. മഹാരാഷ്ട്രയിലും കർണാടകയിലുമായി 44 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന കേസിലാണ് റെയ്ഡ്. 15 ഓളം പേരെ കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് രണ്ട് സംസ്ഥാനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. കർണാടകയിലെ ഒരിടത്തും, മഹാരാഷ്ട്ര പൂനെയിലെ 2 സ്ഥലങ്ങളിലും താനെ റൂറലിലെ 31 സ്ഥലങ്ങളിലും താനെ നഗരത്തിലെ 9 സ്ഥലങ്ങളിലും ഭയന്ദറിൽ ഒരിടത്തും അന്വേഷണ സംഘം തെരച്ചിൽ നടത്തി. ഇരു സംസ്ഥാനങ്ങളിലും പോലീസുമായി സഹകരിച്ച് തീവ്രവാദ വിരുദ്ധ ഏജൻസി റെയ്ഡ് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് വിവിധയിടങ്ങളിൽ സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് പരിശോധന. രാജ്യത്ത് ഭീകരാക്രമണങ്ങളും അക്രമങ്ങളും നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് ആസൂത്രണം ചെയ്ത നിരവധി പദ്ധതികൾ നേരത്തേ എൻ ഐ എ തകർത്തിരുന്നു. രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് കാസർകോട്ടെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സഹോദരങ്ങളുടെ വീട്ടിൽ രണ്ട് ദിവസം മുൻപ് എൻ ഐ എ പരിശോധന നടത്തിയിരുന്നു.
പോപ്പുലർ ഫ്രണ്ട് കാസർകോട് ജില്ലാ അദ്ധ്യക്ഷൻ ആയിരുന്ന സി.ടി സുലൈമാന്റെ സഹോദരങ്ങളുടെ വീടുകളിലാണ് പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: