കൊല്‍ക്കത്ത: ഭാരത ദേശീയ ഫുട്ബോള്‍ ടീമിലെ മുന്‍ ഗോള്‍ കീപ്പര്‍ സുബ്രത പോള്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു. 37കാരനായ താരം ഇന്നലെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 67 മത്സരങ്ങളില്‍ താരം ഭാരതത്തിനായി ഗോള്‍വല കാത്തിട്ടുണ്ട്. ഭാരത ഫുട്ബോള്‍ എന്നെന്നും ഓര്‍ത്തുവയ്ക്കാവുന്ന പ്രകടന മികവ് സമ്മാനിച്ച താരമാണ് സുബ്രത പോള്‍.
2007ല്‍ ലെബനനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റ മത്സരം. 12 വര്‍ഷം മുമ്പ് ഖത്തര്‍ ആതിഥേയം വഹിച്ച എഎഫ്സി ഏഷ്യന്‍ കപ്പിലൂടെയാണ് സുബ്രത ഏറെ ശ്രദ്ധയാകര്‍ഷിച്ചത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഓസ്ട്രേലിയ, ബഹ്റൈന്‍, കൊറിയ ടീമുകളോട് ഭാരതം പരാജയപ്പെട്ടിരുന്നു. കൊറിയയ്ക്കെതിരായ മത്സരത്തില്‍ 16 സേവുകള്‍ നടത്തിയതാണ് താരത്തിന്റെ കരിയറിന് തങ്കത്തിളക്കം ചാര്‍ത്തിക്കൊടുത്തത്.
ക്ലബ്ബ് കരിയറില്‍ മോഹന്‍ ബഗാനിലൂടെയാണ് സുബ്രതോ കരിയര്‍ ആരംഭിച്ചത്. പിന്നീട് ബഗാന്റെ ചിരവൈരികളായ ഈസ്റ്റ് ബംഗാളിലുമെത്തി. ഏതെങ്കിലുമൊരു യൂറോപ്യന്‍ ടീം സൈന്‍ ചെയ്യുന്ന ആദ്യ ഭാരത താരം എന്ന പകിട്ട് കൂടി സുബ്രതയുടെ കരിയറിനുണ്ട്. 2014ല്‍ ഡെന്മാര്ക്ക് ക്ലബ്ബ് എഫ്സി വെസ്റ്റ്യേല്ലാന്ഡ് ആണ് താരത്തെ സ്വന്തമാക്കിയത്. പക്ഷെ ടീമിന്റെ പ്രധാന താരമായി മാറാന്‍ കഴിയാതെ പോയി.
2008ല്‍ ഭാരതം എഎഫ്സി ചലഞ്ച് കപ്പ്, മൂന്ന് തവണ നെഹ്രു കപ്പ്, 2016ലെ സാഫ് സുസുക്കി കപ്പ്, 2017 ട്രിനേഷന്സ് കപ്പ് എന്നീ ടൈറ്റിലുകള്‍ സ്വന്തമാക്കിയ ഭാരത ടീമില്‍ സുബ്രത ഉണ്ടായിരുന്നു. താരത്തെ കേന്ദ്ര സര്‍ക്കാര്‍ അര്‍ജുന അവാര്‍ഡ് നല്കി ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷെഡ്പുര്‍ എഫ്സി താരമായ സുബ്രത 2017-18 സീസണിലെ മികച്ച ഗോള്‍ കീപ്പര്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: