അറ്റ്ലാന്റ: മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന 2024 കോപ്പ അമേരിക്ക ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മുന്‍ ചാമ്പ്യന്മാരായ ചിലിയെ എതിരിടേണ്ടിവരും. മറ്റൊരു കടുപ്പമേറിയ ഗ്രൂപ്പില്‍ ബ്രസീലിനൊപ്പം ശക്തരായ കൊളംബിയയും ഒത്തുവന്നിട്ടുണ്ട്. ഭാരത സമയം ഇന്നലെ രാവിലെയാണ് അറ്റ്ലാന്റയില്‍ 2024 കോപ്പ അമേരിക്ക ഫു്ടബോള്‍ ഗ്രൂപ്പ് നിര്‍ണയം നടന്നത്.
അടുത്ത വര്‍ഷം ജൂണ്‍ 20നാണ് കിക്കോഫ്. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ കാനഡയോ ട്രിനിഡാഡ് ആന്റ് ടുബാഗോയോ ആയിരിക്കും. മാര്‍ചില്‍ നടക്കുന്ന കാനഡ-ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ പോരില്‍ ജയിക്കുന്നവരായിരിക്കും ആദ്യ മത്സരത്തിനിറങ്ങുക. അറ്റ്ലാന്റയിലാണ് ഉദ്ഘാടന മത്സരം. അന്ന് തന്നെ ടെക്സസില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ആതിഥേയരായ അമേരിക്ക ബൊളീവിയയെ നേരിടും.
ഗ്രൂപ്പ് എയില്‍ അര്‍ജന്റീനയ്ക്ക് നേരിടേണ്ട കരുത്തന് ടീം മുന്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയാണ്. ഇതിന് മുമ്പ് 2016ല്‍ അമേരിക്കയില്‍ കോപ്പ അമേരിക്ക നടന്നപ്പോള്‍ ഇരുവരും ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു. ജൂണ്‍ 25ന് ന്യൂജേഴ്സിയിലാണ് അര്‍ജന്റീന-ചിലി പോരാട്ടം. ഗ്രൂപ്പ് എയിലെ നാലാം ടീം പെറു ആണ്.
മുന്‍ ചാമ്പ്യന്മാരായ ബ്രസീലും കൊളംബിയയും അടങ്ങുന്നത് ഗ്രൂപ്പ് ഡിയിലാണ്. പരാഗ്വെ ആണ് ഇതിലെ മറ്റൊരു ടീം. കോസ്റ്ററിക്ക-ഹോണ്ടുറാസ് പ്ലേഓഫ് മത്സര വിജയികളായിരിക്കും ഗ്രൂപ്പിലെ മറ്റൊരു ടീം. ജൂലൈ 14ന് മിയാമി ഗാര്‍ഡന്‍സിലാണ് ഫൈനല്‍.
ഗ്രൂപ്പ് എ: അര്‍ജന്റീന, ചിലി, പെറു, (കാനഡ/ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ)
ഗ്രൂപ്പ് ബി: മെക്സിക്കോ, ഇക്വഡോര്‍, വെനസ്വേല, ജമൈക്ക
ഗ്രൂപ്പ് സി: അമേരിക്ക, ഉറുഗ്വായ്, പാനമ, ബൊളീവിയ
ഗ്രൂപ്പ് ഡി: ബ്രസീല്‍, കൊളംബിയ, പരാഗ്വെ, (കോസ്റ്റ റിക്ക/ഹോണ്ടുറാസ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: