അരനൂറ്റാണ്ടായി വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പടിപടിയായി ഉയര്‍ന്ന നേതാവായിരുന്നു കാനം രാജേന്ദ്രന്. നന്നേ ചെറുപ്പത്തില്‍ വാഴൂരില്‍ നിന്നും എംഎല്‍എ ആയി. തുടര്‍ന്ന് 1987ലും വിജയിച്ചു. 87ല്‍ മന്ത്രിയാകുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും വെളിയം ഭാര്‍ഗവനുമായുണ്ടായ ഉടക്കില്‍ അത് നഷ്ടമായി. തുടര്‍ന്ന് പാര്‍ലമെന്ററി വ്യാമോഹം തന്നെ ഉപേക്ഷിക്കേണ്ടി വന്നു.
എന്‍.ഇ ബാലറാം സെക്രട്ടറിയായിരിക്കെ 1975ല്‍ സെക്രട്ടേറിയറ്റ് മെമ്പറായ കാനം, എം.എന്‍ ഗോവിന്ദന്‍നായര്‍, അച്യുതമേനോന് തുടങ്ങിയ നേതൃനിരയോടൊപ്പം പ്രവര്‍ത്തിച്ചു. സിപിഐയില്‍ പടവെട്ടി തന്നെയാണ് സ്ഥാനങ്ങളോരോന്നും ചവിട്ടിക്കയറിയതെങ്കിലും അതൊന്നും പൊതു ചര്‍ച്ചയായില്ല. സിപിഐക്കുപുറമെയുള്ള സൗഹൃദവും സൗമ്യമായ പെരുമാറ്റവും കാനത്തെ വ്യത്യസ്തനാക്കി. ഇടത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയുടെ സെക്രട്ടറി എന്ന നിലയില്‍ ഇണങ്ങിയും ഇടഞ്ഞും തന്നെയായിരുന്നു കാനത്തിന്റെ പ്രവര്‍ത്തനം. പല വിഷയങ്ങളിലും പിണറായി വിജയനുമായി ഉടക്കിയ അനുഭവമുണ്ടായി. ശിവശങ്കറിന് അമിത പ്രാധാന്യം നല്‍കിയതിനെതിരെ നിലപാട് സ്വീകരിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പാളിച്ചകളെ നിരന്തരം എതിര്‍ത്ത് തിരുത്താന്‍ അദ്ദേഹം തയ്യാറായി. തുടക്കത്തില്‍ കാനത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച സിപിഎം ഒടുവില്‍ കാനത്തിന്റെ സമീപനങ്ങള്‍ക്ക് വിലനല്‍കാനും തയ്യാറായി. മന്ത്രിസഭയിലും മുന്നണിയിലും ഉണ്ടാകുന്ന തര്‍ക്കങ്ങളെയും സംശയങ്ങളെയും ദൂരീകരിക്കാന്‍ മുഖ്യമന്ത്രി, പാര്‍ട്ടി സെക്രട്ടറിയായിരുന്നു കോടിയേരിയേയും കാനം രാജേന്ദ്രനെയുമാണ് ആശ്രയിച്ചിരുന്നത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് ഇത് സഹായിച്ചു. ജനങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ പൊക്കിനെ നിശിതമായി വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. അത് ഫലപ്രദമായി പ്രയോജനപ്പെട്ടതാണ് തുടര്‍ഭരണത്തിന് വഴിവച്ചതെന്ന് പറയേണ്ടിയിരിക്കുന്നു.
പാര്‍ട്ടിയിലെ ഒരു യുവതുര്‍ക്കിയായിരുന്നു കാനം രാജേന്ദ്രന്. സിപിഎമ്മിന്റെ മുഷ്ക്കിന് ആദ്യവും ഒടുവില്‍ സിപിഐയിലെ തന്നെ വൃദ്ധ നേതൃത്വത്തിനെതിരെയും പട നയിച്ചു. കാനത്തെ നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ പ്രവര്‍ത്തിച്ച വെളിയം ഭാര്‍ഗവനുശേഷം പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ കാനത്തിന് സാധിച്ചു. 2012ല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പിന്റെ സാഹചര്യം വന്നപ്പോള്‍ കേന്ദ്രനേതൃത്വം, പ്രധാനമായും എ.ബി. ബര്ദാന്, എഐറ്റിയുസി നേതാവ് സി. ദിവാകരന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. അതില്ലാതായി പന്ന്യന്‍ രവീന്ദ്രന് സെക്രട്ടറിയായി. തുടര്‍ന്ന് 2015ലാണ് കാനം രാജേന്ദ്രന് പാര്‍ട്ടി സെക്രട്ടറിയാകുന്നത്.
പിളര്‍പ്പിനുശേഷം രൂപംകൊണ്ട് സിപിഎമ്മുമായി സഖ്യത്തിലായി 1967ല്‍ മന്ത്രിസഭയുണ്ടാക്കി രണ്ടുവര്‍ഷംകൊണ്ട് സഖ്യം തീര്‍ന്നു. കോണ്‍ഗ്രസ് മുന്നണിയില്‍ ചേര്‍ന്ന് അച്യുതമേനോന് മുഖ്യമന്ത്രിയായി. ആ മന്ത്രിസഭയാണ് സുപ്രധാനമായ ലക്ഷംവീട് പദ്ധതിക്ക് തുടക്കമിട്ടത്. ഭവനവകുപ്പ് മന്ത്രിയായിരുന്ന എം.എന്‍. ഗോവിന്ദന് നായരായിരുന്നു അതിന്റെ ഉപജ്ഞാതാവ്. എം.എന്‍ ഗോവിന്ദന്‍നായരുടെ ആശയങ്ങളെ ആദരപൂര്‍വ്വം കണ്ട കാനം 1978ല്‍ മുഖ്യമന്ത്രിയായ പി.കെ. വാസുദേവന്‍നായരുടെയും ശിഷ്യനായി.
അടിയന്തരാവസ്ഥയില്‍ ആര്‍എസ്എസും സിപിഎമ്മും സഖ്യത്തിലായിരുന്നു എന്ന കാനത്തിന്റെ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു. കറതീര്‍ന്ന കമ്മ്യൂണിസ്റ്റുകാരനായിരുന്നെങ്കിലും അതിലുപരിയുള്ള വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും കാനത്തെ വ്യത്യസ്തനാക്കുന്നു. കേരളത്തിലെ ഫിലിം സൊസൈറ്റികളുമായുള്ള കാനത്തിന്റെ ബന്ധം അതിനുദാഹരണമാണ്. ജോണ്‍ എബ്രഹാമുമായുള്ള കൂട്ട് ഫിലിം സൊസൈറ്റി രൂപീകരണത്തിന് നിര്‍ണായക നിമിത്തമായി. മാണി സി. കാപ്പന്, സി.കെ. ജീവന് എന്നിവരുമായുള്ള സൗഹൃദം രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദം കെട്ടിപ്പൊക്കാന്‍ സഹായകമായി.
കടുത്ത പ്രമേഹരോഗമാണ് അദ്ദേഹത്തിന്റെ അന്ത്യത്തിലേക്കെത്തിച്ചത്. പ്രമേഹ ചികിത്സയൂടെ ഭാഗമായി കാല് നീക്കം ചെയ്യേണ്ടി വന്നു. അനാരോഗ്യം മൂലം മൂന്നുമാസത്തെ അവധി അപേക്ഷയില്‍ തീരുമാനമെടുക്കാനിരിക്കുന്നതേയുള്ളൂ. സംസ്ഥാന ഘടകം ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും കേന്ദ്രകമ്മറ്റിയാണ് തീരുമാനിക്കേണ്ടതെന്ന നിലപാടിലായിരുന്നു. കാനത്തിനു പകരം അസിസ്റ്റന്റ് സെക്രട്ടറിമാര്‍ കാര്യം നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. എങ്കിലും പകരക്കാരന് ബിനോയ് വിശ്വമാകട്ടെ എന്ന നിലപാടിലായിരുന്നു കാനം.
അവസാന കാലം ഏറെ സങ്കടകരമായ കാര്യങ്ങളാണ് കാനത്തിനുണ്ടായത്. കണ്ടല സര്‍വ്വീസ് സഹകരണ ബാങ്കിലെ പണാപഹരണം തന്നെ മുഖ്യ കാരണം. വര്‍ഷങ്ങളായി കണ്ടല സഹകരണബാങ്കിലെ കൊള്ളരുതായ്മകള്‍ പാര്‍ട്ടിയെ അലട്ടുന്ന കാര്യമാണ്. തുടര്‍ന്ന് പ്രസിഡന്റ് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവന്നത്. ഇത് പാര്‍ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരം നിര്‍മ്മാണത്തിലാണ്. പഴയ എംഎന്‍ സ്മാരകം പൊളിച്ച് ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണത്തിലാണ്. അതിന്റെ പണി തീരാന്‍ ഇനിയും കാലമെടുത്തെന്നിരിക്കും. പുതിയ മന്ദിരത്തില്‍ ഒരു ദിവസമെങ്കിലും ഇരിക്കണമെന്ന മോഹം ബാക്കിവച്ചാണ് കാനം കടന്നുപോയത്. കാനത്തിന്റെ സെക്രട്ടറി യു. വിക്രമന് അന്തരിച്ച് ഏതാനും ദിവസം കഴിയുംമുമ്പേ തന്നെയാണ് പാര്‍ട്ടി സെക്രട്ടറിയും വിടവാങ്ങിയതെന്നത് സിപിഐക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: