ചെന്നൈ: മുന്‍ സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് മരിച്ചുവീണ മണ്ണില്‍, കൂനൂരിലെ നഞ്ചപ്പ ഛത്രത്തില്‍ സ്മൃതിക എന്ന പേരില്‍ സ്മാരകശില സ്ഥാപിച്ച് സൈന്യം.
2021 ഡിസംബര്‍ എട്ടിനാണ് ജനറല്‍ റാവത്തും 13 പേരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ നഞ്ചപ്പ ഛത്രത്തില്‍ തകര്‍ന്നുവീണത്.
സതേണ്‍ കമാന്‍ഡ് കമാന്‍ഡിങ് ചീഫ് ലെഫ്റ്റനന്റ് ജനറല്‍ എ.കെ. സിങ്ങിന്റെ നേതൃത്വത്തിലാണ് സ്മൃതിക രൂപകല്പന ചെയ്തത്. ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള സൈനികരുടെ ത്യാഗവും സേവനവും തലമുറകളിലേക്ക് പകരുകയാണ് സ്മൃതികയ്ക്ക് പിന്നിലെ സങ്കല്പമെന്ന് സൈന്യം പത്രക്കുറിപ്പില്‍ അറിയിച്ചു. ഹെലികോപ്റ്റര്‍ ദുരന്തത്തിന് ശേഷം പ്രദേശത്ത് ഗ്രാമവാസികള്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ ചിത്രം സ്ഥാപിച്ച് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. സ്മൃതിക സ്ഥാപിക്കുന്നതിലൂടെ ഗ്രാമീണരുടെ പരിശ്രമങ്ങളും ഫലം കാണുകയാണ്. വനംവകുപ്പും തമിഴ്നാട് സര്‍ക്കാരും സ്മൃതിക സ്ഥാപിക്കുന്നതിന് പൂര്‍ണ സഹകരണം നല്‍കിയെന്നും പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണ ഭാരത ഏരിയ കമാന്‍ഡിങ് ജനറല്‍ ഓഫീസര്‍ ലെഫ്റ്റനന്റ് ജനറല്‍ കെ. ബ്രാര്‍ ആണ് സ്മൃതികയുടെ സമര്‍പ്പണം ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: