കോഴിക്കോട്: ഈ മണ്ഡലമാസം വേങ്ങേരി കാട്ടില്‍പറമ്പത്ത് വിജിലാല്‍ മല ചവിട്ടുന്നത് തന്റെ കൈകൊണ്ട് പൂര്‍ത്തീകരിച്ച അയ്യപ്പസ്വാമിയുടെ സ്ട്രിംങ് ആര്‍ട്ടും നെഞ്ചോട് ചേര്‍ത്താണ്. 246 ആണിയും 5000 മീറ്റര്‍ കറുത്ത നൂലും ഉപയോഗിച്ച് മൂന്ന് അടി നീളവും വീതിയുമുള്ള ക്യാന്‍വാസിലാണ് അയ്യപ്പസ്വാമിയുടെ ചിത്രം ഒരുക്കുന്നത്. കുറഞ്ഞ പണി
കൂടി പൂര്‍ത്തിയാകുന്നതോടെ തെളിഞ്ഞ അയ്യപ്പസ്വാമിയുമായി മല ചവിട്ടുകയാണ് വിജിലാലിന്റെ സ്വപ്നം.
പ്ലൈവുഡില്‍ ചാര്‍ട്ട് പേപ്പര്‍ ഒട്ടിച്ച് ആണി തറച്ച് മുന്‍കൂട്ടി രൂപരേഖ തയ്യാറാക്കാതെ മനസ്സിലെ കണക്കുകൂട്ടലിലൂടെ നൂല് കോര്‍ത്തിണക്കി തയ്യാറാക്കുന്നതാണ് ഓരോ ചിത്രങ്ങളും. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ആദ്യമായി സ്ട്രിംങ് ആര്‍ട്ടിനെ കുറിച്ച് കാണുന്നത്. ചെയ്തു നോക്കാന്‍ താല്പര്യം തോന്നിയതോടെ ഗൂഗിളും യൂട്യൂബും നോക്കി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ തുടങ്ങിയെന്നും വിജിലാല്‍ പറയുന്നു.
ആദ്യമായി ചെയ്യുന്നത് കൂട്ടുകാരന്റെ വിവാഹത്തിന് സമ്മാനിക്കാനായി വധൂവരന്മാരുടെ ചിത്രമാണ്. ആദ്യമായി ചെയ്യുന്നതിനാല്‍ കണക്കുകൂട്ടലുകളിലെ പിഴവ് ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ച ആ ക്യാന്‍വാസിലെ 1000 മീറ്റര്‍ നൂലിഴയ്ക്കിടയിലൂടെ തന്റെ മൊബൈല്‍ ക്യാമറ പകര്‍ത്തിയ ചിത്രത്തില്‍ താന്‍ തയ്യാറാക്കിയ ചിത്രം തെളിഞ്ഞുവരുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് മണിക്കൂറുകള്‍ കൊണ്ടാണ് വിജിലാല്‍ ആ ചിത്രം പൂര്‍ത്തിയാക്കി കൂട്ടുകാരന്റെ വിവാഹത്തിന് സമ്മാനിച്ചത്.
1500മീറ്റര്‍ നൂലില്‍ 200 ആണി ഉപയോഗിച്ച് ഒരാഴ്ച്ച കൊണ്ടാണ് ഈ ചിത്രം പൂര്‍ത്തീകരിച്ചത്. ഇതോടെ കേരളത്തില്‍ വലിയ പ്രചാരം ലഭിച്ചിട്ടില്ലാത്ത സ്ട്രിംങ് ആര്‍ട്ടിലൂടെ വിജിലാല്‍
ശ്രദ്ധ നേടിത്തുടങ്ങി. തുടര്‍ന്ന് നാലടി വലിപ്പമുള്ള ക്യാന്‍വാസില്‍ 5,000 മീറ്റര്‍ നൂലും 286 ആണിയും ഉപയോഗിച്ച് പറശ്ശിനിക്കടവ് മുത്തപ്പന്റെ ചിത്രം പൂര്‍ത്തിയാക്കി. മിനറല്‍ വാട്ടര്‍ കമ്പനിയിലാണ് വിജിലാല്‍ ജോലി ചെയുന്നത്.
ജോലിക്ക് ശേഷം രാത്രിയിലാണ് സ്ട്രിംങ് ആര്‍ട്ടിനായി സമയം കണ്ടെത്തുന്നത്. കാട്ടില്‍പറമ്പത്ത് ഗണേശന് – വനജ ദമ്പതികളുടെ മകനാണ് വിജിലാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: