കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് നാളെ 5 വയസ്സ്. എന്നാല്‍ ഉത്തരമലബാറിന്റെ വികസന കുതിപ്പിന് വഴിയൊരുക്കുമെന്ന് കരുതിയ വിമാനത്താവളത്തിന്റെ അനുബന്ധ വി
കസനങ്ങള്‍ ഇപ്പോഴും കടലാസിലുറങ്ങുന്നു.
വിമാനത്താവളത്തോടനുബന്ധിച്ച റോഡുകളുടെ വികസനം എങ്ങുമെത്തിയില്ല. വിമാനത്താവളനഗരമായി മട്ടന്നൂരിനെ ഉയര്‍ത്താനായി പ്രഖ്യാപിച്ച വന്‍കിട സംരംഭങ്ങള്‍ പലതും തുടങ്ങിയില്ല. വിമാനത്താവളത്തിലേക്കെത്തിച്ചേരാന് പൊതുഗതാഗത സൗകര്യങ്ങളില്ല. വിമാനത്താവള പരിസരത്ത് കുറഞ്ഞ ചെലവില്‍ താമസത്തിന് സൗകര്യങ്ങളും പരിമിതം. കാര്‍ഷിക വ്യാവസായിക ടൂറിസം മേഖലയും കാര്യമായി ഉണര്‍ന്നില്ല.
2018ല്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് അതിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പല വികസന പ്രവര്‍ത്തനങ്ങളും ഉദ്ഘാടനത്തില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.
കൊവിഡ് മഹാമാരി വന്നതു കാരണം രണ്ട് വര്‍ഷക്കാലം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിനുണ്ടായ തിരിച്ചടിയാണ് വികസനത്തിന് തടസ്സമായതെന്ന വാദം നിലനില്‍ക്കുമ്പോഴും അനുബന്ധ വികസനപ്രവര്‍ത്തികള്‍ വേണ്ടരീതിയില്‍ മുന്നോട്ട് പോവാഞ്ഞത് സംസ്ഥാനസര്‍ക്കാരിന്റെയും വിമാനത്താവള കമ്പനിയായ കിയാല്‍ അധികൃതരുടെയും കെടുകാര്യസ്ഥതയുമാണെന്ന ആരോപണം വ്യാപകമാണ്. 3050 മീറ്റര്‍ റണ്‍വേയാണ് നിലവിലുളളത്. ഇത് 4000 മീറ്ററാക്കാനുളള പ്രഖ്യാപനം നടന്നെങ്കിലും നടപടികള്മുടങ്ങി കിടക്കുകയാണ്.
ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത്. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന നീളമേറിയ റണ്‍വേയും ഏപ്രണും വിശാലമായ ടെര്‍മിനല്‍ കെട്ടിടവും കണ്ണൂര്‍ വിമാനത്താവളത്തിലുണ്ട്. എന്നാല്‍ വിമാന സര്‍വീസുകളും യാത്രക്കാരും കുറവായതിനാല്‍ സൗകര്യങ്ങളുടെ പകുതിപോലും ഇതുവരെ ഉപയോഗിക്കപ്പെടാത്ത സ്ഥിതിയാണ്.
വിമാനത്താവളത്തോടനുബന്ധിച്ച് ബിസിനസ് ക്ലാസ് ഹോട്ടല്‍, സ്പെഷ്യാലിറ്റി ആശുപത്രി, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുളള കേന്ദ്രം എന്നിവയടക്കം പ്രഖ്യാപനങ്ങളിലുണ്ടെങ്കിലും ഇതെല്ലാമെന്ന് യാഥാര്‍ത്ഥ്യമാകുമെന്നതിന് അധികൃതര്‍ക്ക് ഉത്തരമില്ല. എല്ലാമേഖലയിലും ഉണര്‍വ് വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടും വികസനപ്രവര്ത്തനങ്ങള്മുന്നോട്ടു പോയില്ല.
വിമാനത്താവളത്തോട് അനുബന്ധിച്ച് വികസിപ്പിക്കുന്ന 6 റോഡുകളുടെ പ്രവര്‍ത്തനം അതിര്‍ത്തിക്കല്ല് സ്ഥാപിക്കലില് ഒതുങ്ങിയിരിക്കുകയാണ്. വിമാനത്താവളത്തിലേക്ക് കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി, കോഴിക്കോട് തുടങ്ങിയ ടൗണുകളെ ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും കൊവിഡിനെ തുടര്‍ന്ന് സര്‍വീസ് അവസാനിപ്പിച്ചു. യാത്രക്കാര്‍ ഇല്ലാത്തതാണ് സര്‍വീസ് മുടങ്ങാന്‍ കാരണം. പുതുതായി സര്‍വീസ് തുടങ്ങാന്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
രാജ്യാന്തര നഗരമായി മട്ടന്നൂരിനെ ഉയര്‍ത്താനുള്ള പദ്ധതിയും പാതിവഴിയിലാണ്. 140 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കണ്വെന്ഷന് സെന്ററിന് മാസങ്ങള്‍ക്ക് മുമ്പേ ഭരണാനുമതി കിട്ടിയിട്ടും പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ല. വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഇടയ്ക്കിടെ നടക്കുമ്പോഴും 5 വര്‍ഷമാകുമ്പോഴും വികസന കാര്യത്തില്‍ ഒരടിപോലും മുന്നോട്ടു പോകാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: