കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും കോടതിവിധി അനുസരിക്കുന്നില്ലെന്നുമുള്ള പരാതിയില്‍ പോലീസ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഈ വിചിത്ര ഉത്തരവ്. 2015ല്‍ കോടതി വിധി പുറപ്പെടുവിച്ച സംഭവമാണ്.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി വിധിച്ച 63 ലക്ഷം രൂപ ലഭിക്കാന്‍ സഹായിക്കണമെന്നായിരുന്നു വടകര മുട്ടുങ്ങല്‍ സ്വദേശി എ.കെ. യൂസഫ് നല്കിയ പരാതിയിലെ ആവശ്യം. 2015 മുതല്‍ വടകര മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ നടന്ന കേസില്‍ രണ്ടുവര്‍ഷം ജയില്‍ ശിക്ഷയും 63 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. അഹമ്മദ് ദേവര്‍കോവില്‍ നല്കിയ അപ്പീല്‍ പരിഗണിച്ച് ജയില്‍ശിക്ഷ ഒഴിവാക്കുകയും 63 ലക്ഷം രൂപ പരാതിക്കാരനായ യൂസഫിന് നല്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു.
എന്നാല്‍, കോടതിവിധി വന്ന് എട്ടു വര്‍ഷമായിട്ടും പരാതിക്കാരന് പണം കൊടുത്തിട്ടില്ല. തന്നെ വഞ്ചിക്കുകയാണെന്നും ഇക്കാര്യം ചോദിക്കുമ്പോള്‍ തന്നെയും കുടുംബത്തെയും മന്ത്രി ഭീഷണിപ്പെടുത്തുകയാണെന്നും യൂസഫ് പരാതിയില്‍ പറയുന്നു. ഈ വിഷയത്തിലാണ് അന്വേഷണത്തിനായി കോഴിക്കോട് റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടത്.
കോടതിവിധി ഉണ്ടെന്നിരിക്കെ മന്ത്രിക്കെതിരേ ഉടന്‍ നടപടിയാണ് എടുക്കേണ്ടത്. നവംബര്‍ 24 നാണ് എ.കെ. യൂസഫ് പരാതി നല്കിയത്. നവകേരള സദസ് പരിപാടിക്ക് ശേഷം ഡിസംബറില്‍ സ്ഥാനം ഒഴിയാനിരിക്കെയാണ് മന്ത്രിക്കെതിരെ പോലീസ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: