ന്യൂദല്‍ഹി : ഖാലിസ്ഥാന്‍ തീവ്രവാദി ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വിട്ടു നല്‍കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.ഇന്ത്യയില്‍ പന്നു നടത്തിയിട്ടുളള കുറ്റകൃത്യങ്ങളുടെ വിവരങ്ങളും കൈമാറി.
ഇയാള്‍ തുടര്‍ച്ചയായി ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുന്നത് അമേരിക്കയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും നടപടികള്‍ തുടരുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡിസംബര്‍ പതിമൂന്നിന് മുമ്പ് പാര്‍ലമെന്റ് ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ഗുര്‍പത്വന്ത് സിംഗ് പന്നു ഭീഷണി മുഴക്കിയിരുന്നു.വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ഭീഷണി. ഐഎസ്ഐയുടെ സഹായത്തോടെയാണ് ആക്രമണം നടത്തുകയെന്ന് പറഞ്ഞ ഇയാള്‍ തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും വീഡിയോയില്‍ പറഞ്ഞു.
പാര്‍ലമെന്റ് ആക്രമണത്തിന്റെ 22 ാം വാര്‍ഷികം ഡിസംബര്‍ 13 നാണ്. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരുവിന്റെ പോസ്റ്റര്‍ ഉപയോഗിച്ചായിരുന്നു വീഡിയോ. കഴിഞ്ഞ നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആക്രമിക്കുമെന്നും പന്നു ഭീഷണി മുഴക്കി.
അമേരിക്ക- കാനഡ ഇരട്ടപൗരത്വമുളളയാളാണ് ഗുര്‍പത്വന്ത് സിംഗ് പന്നു. ഇയാളെ കൊലപ്പെടുത്താന്‍ ഇന്ത്യയുടെ അറിവോടെ ന്യൂയോര്‍ക്കില്‍ ശ്രമമുണ്ടായെന്ന് നേരത്തെ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയെന്നും വാര്‍ത്ത വന്നിരുന്നു. അമേരിക്ക ഈ വിഷയത്തില്‍ നല്കിയ റിപ്പോര്‍ട്ട് അന്വേഷിക്കാന്‍ ഇന്ത്യ ഉന്നതതല സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: