Categories: Samskriti

കലിയുഗവരദന്റെ ചരിതം…

Published by

ബരിമലയ്‌ക്ക് പോകാനായി ഭക്തര്‍ മാലയിട്ട് കഴിഞ്ഞാല്‍ ഭഗവാനും ഭക്തനും ഒന്നാകുന്ന ദേവനടയാണ് സന്നിധാനം. ഇവിടെ, ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയെന്ന് ‘തത്വമസി’ വിളിച്ചോതുന്നു. ശബരിമല അയ്യപ്പനെ പറ്റിയുള്ള ഐതിഹ്യങ്ങള്‍ പലതാണ്. പന്തളം രാജകുടുംബവുമായുള്ള ബന്ധം തന്നെയാണ് അതില്‍ പ്രധാനം. കൊട്ടാരം വിട്ടിറങ്ങിയ അയ്യപ്പന്‍ വനാന്തരങ്ങളില്‍ ചുറ്റിക്കറങ്ങി ഇന്നു കാണുന്ന ശബരിമല പ്രദേശത്ത് എത്തി, ഇപ്പോള്‍ മണിമണ്ഡപം സ്ഥിതിചെയ്യുന്ന സ്ഥലത്തെ പാറയില്‍ വന്നിരുന്നു. ആ പ്രദേശത്തിന്റെ മഹാത്മ്യം അയ്യപ്പന്‍ തിരിച്ചറിഞ്ഞു. ആ പാറയില്‍ ശാസ്താവിന്റെ ചൈതന്യം കണ്ടെത്തിയ അയ്യപ്പന്‍ അതില്‍ വിലയം പ്രാപിച്ചു.

താമസിയാതെ സ്വന്തം പിതാവിനെ സ്വപ്‌ന രൂപേണ, എന്നെ അന്വേഷിച്ച് അലയേണ്ട എന്നും ഞാന്‍ ശബരിമല എന്ന സ്ഥലത്തുണ്ടെന്നും അറിയിച്ചു. ഇതനുസരിച്ച് പന്തളം രാജാവും മന്ത്രിയും കൂടി പ്രസ്തുത സ്ഥലം കണ്ടെത്തി, മകനായ അയ്യപ്പനെ തിരിച്ചു കൊട്ടാരത്തില്‍ കൊണ്ടുപോകാന്‍ വളരെയധികം പരിശ്രമിച്ചു. എന്നാല്‍ അച്ഛനോട് സ്‌നേഹപൂര്‍വ്വം, തന്റെ ജന്മലക്ഷ്യം എന്താണെന്ന് അയ്യപ്പന്‍ വിശദീകരിക്കുകയും തന്റെ പിതാവിന് മാത്രം വിശ്വരൂപദര്‍ശനം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. ഇനിയുള്ള കാലങ്ങളില്‍ ഭക്തരെ അനുഗ്രഹിക്കാന്‍ ഞാന്‍ ഇവിടെ ഉണ്ടാകമെന്നും അതിനായി ചെറിയൊരു അമ്പലം പണിതുതരണമെന്നും അയ്യപ്പന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് പന്തളം രാജാവ് ഒരു ചെറിയ ക്ഷേത്രം പണികഴിപ്പിച്ച് ഇരിപ്പിട സ്ഥാനം ഒരുക്കിക്കൊടുത്തു. ആദ്യകാലങ്ങളില്‍ വനവാസികളാണ് ക്ഷേത്രം പരിപാലിച്ചു പോന്നത്. 1936 ല്‍ കാട്ടുതീയില്‍ പെട്ട ക്ഷേത്രം പൂര്‍ണമായും കത്തിയെരിഞ്ഞു. വീണ്ടും രാജകുടുംബം തന്നെ പുതിയ ക്ഷേത്രം പണിത് കല്‍വിഗ്രഹമുണ്ടാക്കി പ്രതിഷ്ഠിച്ചു.

അക്കാലത്ത് വളരെ കുറച്ച് ഭക്തന്മാര്‍ മാത്രമേ ശബരിമലക്ക് പോകുമായിരുന്നുള്ളൂ. മൃഗങ്ങളെ പ്രതിരോധിക്കാന്‍ തക്ക സംവിധാനത്തോടു കൂടിയായിരുന്നു യാത്ര.

1951 ല്‍ വീണ്ടും ചില ദുഷ്ടശക്തികള്‍ ക്ഷേത്രം തീവെച്ച് നശിപ്പിക്കുകയും വിഗ്രഹം തല്ലി പ്പൊട്ടിക്കുകയും ചെയ്തു.
പിന്നീടാണ് ഇന്നു കാണുന്ന ക്ഷേത്രവും അയ്യപ്പ വിഗ്രഹവും പുതുക്കി പണിതത.്

18 മലകളാല്‍ ചുറ്റപ്പെട്ട ബ്രഹ്മസ്ഥാനത്താണ് അയ്യപ്പന്റെ ഇരിപ്പിടം. ഇവിടെ നിന്നും വമിക്കുന്ന ഊര്‍ജ്ജം മറ്റൊരിടത്തും കിട്ടില്ല. വളരെ പ്രയാസപ്പെട്ട് മലകയറി സന്നിധാനത്തെത്തുന്ന ഭക്തന് പ്രത്യേക അനുഭൂതിയാണ് ലഭിക്കുക. അതുവരെയുള്ള ക്ഷീണവും തളര്‍ച്ചയും മാറും. അയ്യപ്പ വിഗ്രഹം ഒരു നോക്ക് കാണുവാന്‍ എല്ലാ ത്യാഗങ്ങളും സഹിച്ച് ഇവിടെയെത്തുന്നത് ലക്ഷങ്ങളാണ്. ചിന്മുദ്രയോടെയുള്ള അയ്യപ്പവിഗ്രഹത്തിന്റെ ആകര്‍ഷണശക്തി അവാച്യമാണ്.

അയ്യപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യം ഇങ്ങനെ: അയ്യപ്പനെ ചരിത്രപുരുഷനായി കാണുന്നവരുണ്ട.് ശാസ്താവിന്റെയും അയ്യപ്പന്റെയും ചരിത്രങ്ങള്‍ തമ്മില്‍ വ്യത്യാസം ഏറെയാണ് . ധര്‍മ്മശാസ്താവ് പുരാണപുരുഷനും അയ്യപ്പന്‍ ചരിത്രപുരുഷനുമാണ്. ഏകദേശം 800 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അയ്യപ്പന്റെ ജീവിതകാലം. നിത്യബ്രഹ്മചാരിയും മഹായോഗിയും അമാനുഷിക സിദ്ധികള്‍ക്ക് ഉടമയുമായിരുന്നു അയ്യപ്പന്‍. ഉദയനന്‍ പണ്ട് തകര്‍ത്ത് ശബരിമല ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ എന്ന ജീവിതലക്ഷ്യം സാധിച്ചതിനുശേഷം അയ്യപ്പന്‍ ശാസ്താവില്‍ വിലയം പ്രാപിക്കുകയാണ് ഉണ്ടായത്. അങ്ങനെ അയ്യപ്പനും ശാസ്താവും ഒന്നായി തീര്‍ന്നു. ശബരിമലയില്‍ പണ്ട് ക്ഷേത്രമുണ്ടായിരുന്നുവെന്നും അവിടെ പരശുരാമനാണ് ശാസ്താപ്രതിഷ്ഠ നിര്‍വഹിച്ചതെന്നും പറയപ്പെടുന്നു.

ശബരി എന്ന ചണ്ഡാല സ്ത്രീ 18 മലകളുടെ നടുവിലുള്ളൊരു മലയില്‍ ആശ്രമം സ്ഥാപിച്ച് തപസ്സനുഷ്ഠിച്ചു .യോഗിനിയായ ശബരി നിര്‍വാണം പ്രാപിച്ചതോടെ ആ മലയ്‌ക്ക് ശബരിമല എന്ന പേരുവന്നു. ആശ്രമം നിലനിന്നിടത്താണ് പരശുരാമന്‍ ശാസ്താപ്രതിഷ്ഠ നടത്തിയതത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊള്ളക്കാരനായ ഉദയനന്‍ ക്ഷേത്രം തകര്‍ക്കുകയും തുടര്‍ന്ന് അയ്യപ്പന്‍ യുദ്ധത്തില്‍ ഉദയനനെ വധിക്കുകയും ചെയ്തു. പന്തളം രാജാവ് പുതിയ ക്ഷേത്രം നിര്‍മച്ചു പ്രതിഷ്ഠ നടത്തുകയും കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അയ്യപ്പന്‍ ശാസ്താവില്‍ വിലയം പ്രാപിക്കുകയും ചെയ്തതായാണ് കഥ.

അയ്യപ്പനെ കാണാന്‍ 1957 ല്‍ അച്ഛന്റെ കൈപിടിച്ച് വണ്ടിപ്പെരിയാര്‍, പുല്‍മേട് വഴി നടത്തിയ യാത്ര…അനുഭവിച്ചവര്‍ക്കു മാത്രമേ അതിന്റെ സുഖമറിയൂ. പിന്നീട് എരുമേലി വഴിയും ചാലക്കയം വഴിയുമെല്ലാം റോഡുകള്‍ വന്നു. ഇപ്പോള്‍ ആധുനികരീതിയിലുള്ള ഭക്തിമാര്‍ഗ്ഗം പലരും തേടുന്നു. പണ്ട് 41 ദിവസത്തെ വ്രതമെടുത്ത് മാത്രമേ ശബരിമലയില്‍ പോകുകയുള്ളൂ. ആ ആ രീതി പാടെ മാറി.

മനസ്സുതുറന്ന് പ്രാര്‍ത്ഥിച്ചാല്‍ എല്ലാം തരുന്ന സര്‍വ്വശക്തനാണ് അയ്യപ്പസ്വാമി. ശബരിമലയിലെ ആദ്യകാല മാസ്റ്റര്‍പ്ലാനില്‍ 18 നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞത് മഹാഭാഗ്യമായി ഞാന്‍ കാണുന്നു.

(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by