സുരേന്ദ്രൻ നായർ
രജതജൂബിലിയുടെ നെറുകയിലേക്ക് നടന്നടുക്കുന്ന കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക എന്ന സാംസ്കാരിക സംഘത്തിന് യുവ കേന്ദ്ര നേതൃത്വം ഹ്യൂസ്റ്റൺ ഹിന്ദു മഹാ സംഗമത്തിൽ സാധ്യമായിരിക്കുന്നു. അവർ മുന്നോട്ടുവച്ച പുരോഗമന കാഴ്ചപ്പാടുകളും ദാർശനിക കർമ്മ പദ്ധതികളുമാണ് ഏകസ്വരത്തിലൂടെയുള്ള ഒരു നേതൃമാറ്റത്തിന് കളമൊരുക്കിയത്.
പ്രവാസലോകത്തെ ഹിന്ദുക്കളുടെ സാംസ്കാരിക പ്രതിസന്ധികളെയും ആചാര അനുഷ്ഠാന വെല്ലുവിളികളെയും തൊഴിൽപരമായ അനിശ്ചിതത്വങ്ങളെയും അതിജീവിക്കാൻ ഡാളസ്സിലെ ഒരു സംഘം സാമൂഹ്യ പ്രവർത്തകരുടെ മുൻകയ്യോടെയും ജഗത്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ ആശിർവാദത്തോടെയും ആരംഭിച്ചു, 2001 ലെ ഡാളസ് പ്രഥമ ഹിന്ദു സംഗമത്തിൽവച്ചു സ്വാമിജിയുടെ തൃക്കയ്യാൽ ഭദ്രദീപം തെളിയിച്ചു സമാരംഭം കുറിച്ച സംഘടന ഇന്ന് രണ്ടായിരത്തി അഞ്ഞൂറിൽ പരം ഹൈന്ദവ കുടുംബങ്ങളും 15 അംഗ സംഘടനകളും ഉൾക്കൊള്ളുന്ന ഭാരതത്തിനു പുറത്തുള്ള ഏറ്റവും വലിയ ഹൈന്ദവ കൂട്ടായ്മയായി വളർന്നു ..
അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി പതിനൊന്നു ദൈവാർഷിക കൺവൻഷനുകൾ പൂർത്തിയാക്കി.
ഹ്യൂസ്റ്റനിൽ പന്ത്രണ്ടാമത് കൺവെൻഷന്റെ കൊടിയിറങ്ങുമ്പോൾ അമേരിക്കൻ ഹൈന്ദവ മുന്നേറ്റത്തിന്റെ ചരിത്രത്തിൽ മറ്റൊരു വിജയഗാഥ കൂടെ കൂട്ടിച്ചേർക്കുകയായിരുന്നു. ഹ്യൂസ്റ്റൺ കൺവെൻഷന്റെ സമാപന വേദിയിൽ സ്വാമി ചിദാനന്ദ പുരിയുടെയും സ്വാമി ഉദിത് ചൈതന്യയുടെയും ശക്തി ശാന്താനന്ദ മഹർഷിയുടെയും കുമ്മനം രാജശേഖരന്റേയും കെ.എച്ച്.എൻ.എ.കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ പ്രസിഡന്റ് ജി. കെ.പിള്ള. സംഘടനയുടെ പാവന പതാക നിയുക്ത പ്രസിഡന്റ്ഡോ: നിഷ പിള്ളക്ക് കൈമാറി. അമേരിക്കയിലെ ആദ്യകാല പ്രവാസികളിൽ ഒരാളായ ജി.കെ. പിള്ളയിൽ നിന്നും കെ.എച്ച്.എൻ.എ. യുടെ കാവിക്കൊടി ഡോ: നിഷ പിള്ളയിലേക്കു കൈമാറുമ്പോൾ നേതൃത്വം അടുത്ത തലമുറയിലേക്കു കൈമാറുന്നതിന്റെ മാതൃകാ സൂചന കൂടിയായി. സംഘടനക്ക് കരുത്തും കരുതലും പകരാൻ സന്നദ്ധതയുള്ള സഹഭാരവാഹികളും സദസ്സിന്റെ ഭാഗമായി.
2025 ജൂലായ് 2 മുതൽ 5 വരെ ന്യൂയോർക്കിൽ നടക്കുന്ന സിൽവർ ജൂബിലി ഹിന്ദു സംഗമ വേദിക്ക് ഋഗ്വേദത്തിലെ പുരുഷ സൂക്തം വ്യക്തമാക്കുന്ന വിരാട് എന്നാണ് നാമകരണം നടത്തിയിരിക്കുന്നത്. മനുഷ്യന്റെ ഉൽല്പത്തിക്കും അനേകായിരം കാതങ്ങൾ അകലെയുള്ള പ്രപഞ്ചോല്പത്തി വിരാട് പുരുഷനിൽ നിന്നുമാകുന്നു. മനുഷ്യ മനസ്സിന്റെ സങ്കൽപ്പത്തിന് വഴങ്ങാത്ത ആയിരം തലയും ആയിരം കണ്ണുകളും ആയിരം കാലുകളുമുള്ള ബ്രഹ്മാണ്ഡം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പുരുഷ സങ്കൽപ്പത്തിൽ നിന്നാണ് വിരാട് രൂപം കൊള്ളുന്നത്. എങ്ങും നിറഞ്ഞു ഏക കാരണമായി നിലനിൽക്കുന്ന വസ്തു- പ്രപഞ്ച രൂപമായ പരബ്രഹ്മം – ഇതാണ് വിരാടിനെ കുറിക്കുന്ന വൈദിക മതം.
ആധ്യാത്മിക ഭാരതത്തിന്റെ അംബാസിഡർ ആയി പ്രശോഭിക്കുന്ന സ്വാമി വിവേകാനന്ദൻ വിഭാവനം ചെയ്ത സർവ്വ ധർമ്മ സാരാംശമായ ഭാരതീയ വേദാന്തത്തിന്റെ സുഗന്ധം ഐക്യനാടുകളിലെമ്പാടും വ്യാപിപ്പിക്കാൻ നിയുക്ത നേതൃത്വം യുവാക്കളുടെ ഒരു വൻ നിരയെത്തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. സമ്പൂർണ്ണമായ ഭൗതികതയുടെ ശാപമായ സിനിസിസം യുവാക്കളുടെ ആധ്യാത്മിക മരണത്തിനു കാരണമാകുന്നു. പൗരസ്ത്യ ജ്ഞാനവും പാശ്ചാത്യശാസ്ത്രവും സമന്വയിക്കുന്ന വേറിട്ട ജീവിതരീതി എന്നതാണ് അടുത്ത രണ്ടു വർഷത്തെ കെ.എച്ച്.എൻ.എ. യുടെ സകല പ്രവർത്തനങ്ങളുടെയും അന്തർധാര.ന്യൂയോർക്ക് വിരാട് 2025 രജത ജൂബിലി കൺവെൻഷൻ ന്റെ നേതൃനിരയിൽ ഡോ:നിഷ പിള്ളയോടൊപ്പം തിരഞ്ഞെടുക്കപ്പെട്ടവർ :-
മധു ചെറിയേടത്തു,ന്യൂജേഴ്‌സി ( ജനറൽ സെക്രട്ടറി)
രഘുവരൻ നായർ ന്യൂയോർക്ക് ( ട്രഷറർ)
സുരേഷ് നായർ, മിനിസോട്ട(വൈ: പ്രസിഡന്റ്)
സുധിർ പ്രയാഗ, സൈന്റ്ലൂയിസ് (എക്സി: വൈസ് പ്രസിഡന്റ് )
ആതിര സുരേഷ് ,കാലിഫോർണിയ (ജോയിന്റ് സെക്രട്ടറി)
ശ്രീജിത്ത് ശ്രീനിവാസൻ അരിസോണ ( ജോയിന്റ് ട്രഷറർ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: