തിരുവനന്തപുരം: സ്ത്രീധനത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്.
അതേസമയം സുഹൃത്തായ ഡോ. റുവൈസിനെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ഇയ്യാളെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നായിരുന്നു റുവൈസിനെ കസ്റ്റിഡിയിലെടുത്തത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വെഞ്ഞാറമൂട് സ്വദേശിനി പിജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹനയുടെ മരണത്തില്‍ സുഹൃത്തായ ഡോ റുവൈസിനെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. ഡോ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തി.
ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ഇയാള്‍ക്കെതിരെ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ പിജി അസോസിയേഷന് സംസ്ഥാന പ്രസിഡന്റായ ഡോ റുവൈസിനെ ഷഹനയുടെ ആത്മഹത്യയെ തുടര്‍ന്നുളള ആരോപണത്തെ തുടര്‍ന്ന് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: