ശ്വാസ കോശങ്ങളുടെ വീക്കത്തിന് കാരണമാകുന്ന ഒരുതരം ന്യുമോണിയ ബാധയാണ് വൈറ്റ് ലങ് സിൻഡ്രോം. സാധാരണയായി കുട്ടികളിലാണ് ഇത് ഏറെയും ബാധിച്ചു വരുന്നതായി കാണുന്നത്. കൊറോണ മഹാമാരിയ്‌ക്ക് ശേഷം രോഗപ്രതിരോധ ശേഷി കുറഞ്ഞതാണ് കുട്ടികളെ കൂടുതലായി ബാധിക്കുന്നതിന് പിന്നിലെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. നിലവിൽ മൂന്ന് മുതൽ എട്ട് വയസുവരെയുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
യഥാർത്ഥത്തിൽ വൈറ്റ് ലങ് സിൻഡ്രോം എന്നത് മെഡിക്കൽ പദമല്ല. ന്യുമോണിയയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി ശ്വാസകോശത്തിന്റെ എക്സ് റേ എടുക്കുമ്പോൾ കാണുന്ന ദൃശ്യത്തിൽ നിന്നാണ് ഈ പേര് നിലവിൽ വന്നത്. ഇത്തരത്തിൽ രോഗം ബാധിച്ചവരുടെ എക്സ് റേയിൽ വെളുത്ത നിറത്തിലുള്ള പാടുകൾ കാണാം. സാധാരണ നിലയിൽ നെഞ്ചിന്റെ എക്സ് റേ എടുക്കുകയാണെങ്കിൽ ശ്വാസകോശത്തിൽ നിറഞ്ഞിരിക്കുന്ന വായു ദൃശ്യമാകുക കറുത്ത നിറത്തിലാണ്. എന്നാൽ ന്യുമോണിയ ബാധിക്കുന്നതോടെ ഫ്ളൂയിഡ് നിറഞ്ഞ് കറുത്ത ഭാഗങ്ങളിൽ വെള്ള നിറം പ്രത്യക്ഷമാകുന്നു.ഇതിനാലാണ് ഈ പേര് വന്നത്.
പനി, ചുമ, ക്ഷീണം എന്നിവയാണ് വൈറ്റ് ലങ് സിൻഡ്രോമിന്റെ പ്രധാനലക്ഷണങ്ങൾ. ചിലരിൽ ശ്വാസ തടസ്സവും അനുഭവപ്പെടാറുള്ളതായി പഠനങ്ങൾ പറയുന്നു. പച്ചയും മഞ്ഞയും രക്ത നിറവും കലർന്ന കഫം, പനിയും വിറയലും, വേഗത്തിലും പതിയെയുമുള്ള ശ്വസനം, ആഴത്തിൽ ശ്വാസമെടുക്കുമ്പോഴും ചുമക്കുമ്പോഴുമുള്ള നെഞ്ചുവേദന, വിശപ്പില്ലായ്‌മ, ഊർജ്ജക്കുറവും ക്ഷീണവും, ഓക്കാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ബാക്ടീരിയ, വൈറസ്, ഫംഗി എന്നിവ മൂലമുണ്ടാകുന്ന ന്യുമോണിയയാണ് വൈറ്റ് ലങ് സിൻഡ്രോമിന് കാരണമാകുന്നത്. സ്ട്രെപ്റ്റോക്കോക്കസ് ന്യുമോണിയ, മൈകോപ്ലാസ്മ ന്യുമോണിയ എന്നിവയാണ് ഇതിന് കാരണമായേക്കാവുന്ന ബാക്ടീരിയകൾ. രോഗപ്രതിരോധമെന്നതിൽ പ്രധാനം വ്യക്തിശുചിത്വവും തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം മറയ്‌ക്കുകയും സാമൂഹിക ഇടപെടലുകൾ കുറയ്‌ക്കുകയുമാണ് ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: