തമിഴ്നാട്ടിലും കേരളത്തിലും സംഘപ്രചാരകനും കന്യാകുമാരി വിവേകാനന്ദ ശിലാസ്മാരക നിര്‍മാണത്തില്‍ ഏകനാഥറാനഡേയുടെ സഹായിയുമായിരുന്ന ദത്താജി ഡിഡോള്‍ക്കറുടെ ജന്മശതാബ്ദി ആഘോഷിക്കപ്പെടുമെന്ന വാര്‍ത്ത ജന്മഭൂമിയുടെ അകത്തെ പേജുകളില്‍ വായിച്ചു. രണ്ടുദിവസം മുന്‍പ് മാതൃഭൂമിയിലും ടൈംസ് ഓഫ് ഇന്ത്യയിലും അതുവായിച്ചിരുന്നു. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കേണ്ട ആവശ്യകത ദേശീയ ചിന്താഗതി ഉള്ക്കൊണ്ടിട്ടുള്ളവര്ക്കെല്ലാമുണ്ട്. 1953-54 കാലത്ത് തിരുവനന്തപുരത്ത് പ്രചാരകന് എന്ന നിലയ്ക്കും പിന്നീട് പ്രചാരകനായശേഷം മാര്‍ഗദര്‍ശിയെന്ന നിലയ്ക്കുമുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാനാണിത് കുറിക്കുന്നത്. 1967ല്‍ തിരുവനന്തപുരത്തുനടന്ന വിദ്യാര്‍ഥിപരിഷത്തിന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് അദ്ദേഹമായിരുന്നു. കേരളത്തില്‍ പരിഷത്തിന് കാലുറപ്പിക്കാന്‍ അവസരം ലഭിച്ചത് അതോടുകൂടിയാണ്.
അദ്ദേഹം പഴയ മധ്യസംസ്ഥാനത്തെ വിദര്‍ഭ വിഭാഗത്തില്‍ ബുല്ധാനായിലാണ് ജനിച്ചത്. ഉന്നതവിദ്യാഭ്യാസത്തിന് നാഗ്പൂരില്വന്നു. സര്‍വകലാശാലയിലെ മികച്ച വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു. തപാല്‍ വകുപ്പില്‍ ജീവനക്കാരനായ ജ്യേഷ്ഠനും അച്ഛനുമൊപ്പം താമസിച്ചു. 1942ല്‍ വിദ്യാര്‍ഥികളോടും മറ്റ് യുവാക്കളോടുമായി ശ്രീ ഗുരുജി ചെയ്ത ആഹ്വാനത്തില്‍, അവധിക്കാലത്ത് വിസ്താരകന്മാരായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്റര്‍മീഡിയറ്റ് എഴുതിയശേഷം അതിന് ദത്താജി ഡിഡോള്‍ക്കര്‍ സന്നദ്ധത അറിയിച്ചു. ഇംഗ്ലീഷ് നന്നായി സംസാരിക്കുമായിരുന്നതിനാല്‍ ദത്താ, മദിരാശിയിലേക്കയയ്ക്കപ്പെട്ടു. 17-ാം വയസ്സില്‍ അവിടെയെത്തിയ ആ യുവാവ് തൃശ്ശിവപേരൂരിലേക്കാണ് നിയോഗിക്കപ്പെട്ടത്. അവിടെ കേശവദീക്ഷിത് എന്നയാള്‍ക്കായിരുന്നു പരിചയപത്രം. ദീക്ഷിത്തിന്റെ അച്ഛന് അവിടെ സീതാറാം മില്ലില്‍ ഉദ്യോഗസ്ഥനും, പൂജനീയ ഡോക്ടര്‍ജിയുടെ സുഹൃത്തുമായിരുന്നു. അവര്‍ തൃശ്ശിവപേരൂരില്‍ ശാഖ ആരംഭിച്ചിരുന്നു. കേശവദീക്ഷിത് പ്രചാരകനായി ബംഗാളിലേക്ക് അയയ്ക്കപ്പെട്ടു. അവിടത്തെ പ്രാന്തപ്രചാരകനും, പൂര്‍വമേഖലാ പ്രചാരകനുമായി പ്രവര്‍ത്തിച്ച് ഈയിടെയാണ് അന്തരിച്ചത്.
കുട്ടിത്തം മാറാത്ത ഡിഡോള്‍ക്കര്‍ വെക്കേഷന് കഴിഞ്ഞ് നാഗ്പൂരിലേക്ക് മടങ്ങി, പഠിത്തം തുടര്‍ന്നു. ഓണേഴ്സ് ബിരുദമെടുത്തശേഷം പ്രചാരകനായി എത്തിയത് കോഴിക്കോട്ടേക്കാണ്. നാഗ്പൂര്ക്കാരന് തന്നെയായ ശ്രീ ശങ്കര്‍ ശാസ്ത്രിയുടെ തണലില്‍ കോഴിക്കോട്ട് അദ്ദേഹം തന്റെ സ്ഥാനം കണ്ടെത്തി. മലയാളം പറയാനും എഴുതാനും വായിക്കാനും അഭ്യസിച്ചു. മാധവജി, ടി.എന്‍.മാര്‍ത്താണ്ഡവര്‍മ, ഭരതന്, ഡി.എന്‍.സുബ്രഹ്മണ്യന്, ദാമോദരന്‍ വൈദ്യര് മുതലായ അക്കാലത്തെ പ്രമുഖരൊക്കെയായിരുന്നു കൂട്ടുകാര്‍. ആയിടെ നടന്ന രാമസിംഹന് സംഭവം ദത്താജിയെ ഏറെ ചിന്തിപ്പിച്ചു.
1948ലെ സംഘനിരോധനത്തെ തുടര്‍ന്ന് മദിരാശി സംസ്ഥാനക്കാരല്ലാത്ത പ്രചാരകരെ പോലീസ് അറസ്റ്റുചെയ്ത് നാട്ടിലേക്കയച്ചു. അതിനാല്‍ നിരോധനത്തിനെതിരായ കേരളത്തിലെ പോരാട്ടത്തില്‍ അദ്ദേഹമുണ്ടായില്ല. അക്കാലത്ത് എറണാകുളത്തുപ്രചാരകനായിരുന്ന ശ്രീ ഭാസ്കര്‍റാവു മംഗലാപുരത്തിനടുത്തുള്ള തന്റെ മൂലകുടുംബത്തിന്റെ വിലാസമാണ് കൊടുത്തത്. അതുകൊണ്ട് പുറത്താക്കപ്പെട്ടില്ല. കര്‍മക്ഷേത്രം കൊച്ചിരാജ്യമാകയാല് അവിടെ സുരക്ഷിതനായി കഴിഞ്ഞ്, സ്വയം സേവകര്‍ക്ക് നേതൃത്വം നല്കി.
നിരോധനം നീക്കി സംഘപ്രവര്‍ത്തനം പുനഃരാരംഭിച്ചശേഷം 1953ല്‍ ദത്താജി വീണ്ടും മദിരാശി പ്രാന്തത്തിലേക്ക് നിയോഗിക്കപ്പെട്ടു. ഇക്കുറി തിരുവനന്തപുരത്തേക്കായിരുന്നു. അവിടത്തെ സംഘപ്രവര്‍ത്തനം ഏതാണ്ട് ശിഥിലമായി കിടക്കുകയായിരുന്നു. കാര്യാലയം പോലുമുണ്ടായിരുന്നില്ല. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന ശ്രീദിവാകര് കമ്മത്ത് താമസിച്ചിരുന്ന നരസിംഹവിലാസം എന്ന തിരുമല ദേവസ്വം ലോഡ്ജില്‍ ‘സഹമുറിയ’നായി കൂടി. ദത്താജിക്കു നോക്കാന്‍ കുഴിത്തുറ, പത്മനാഭപുരം, നാഗര്‍കോവില്‍, കന്യാകുമാരി ശാഖകളുമുണ്ടായിരുന്നു. ആ ഭാഗത്തുനിന്ന് തിരുവനന്തപുരത്തുപഠിച്ചിരുന്ന കോളജ് വിദ്യാര്‍ഥികളായിരുന്നു കാര്യകര്‍ത്താക്കള്‍.
ദത്താജി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായിരുന്ന മക്കപ്പുഴ വാസുദേവന്‍പിള്ളയെ പരിചയപ്പെട്ടു. ഫിസിക്സില്‍ ബിരുദാനന്തര യോഗ്യതയുള്ളയാളെ എം.ജി.കോളജിലേക്ക് വേണ്ടി അന്വേഷിക്കുന്ന അവസരത്തിലാണ് അദ്ദേഹത്തെ കിട്ടിയത്. പ്രൊഫസര്‍ സ്ഥാനം സംഘപ്രവര്ത്തനവുമൊത്തു നടത്താന്‍ തടസ്സമില്ലെന്നും സര്‍വകലാശാലാ സ്കെയിലില്‍ വേതനം നല്‍കാമെന്നും പറഞ്ഞു. താന്സംഘ പ്രചാരകനാണെന്നും അതുവിട്ട് ഒരു പ്രവൃത്തിയും ചെയ്യില്ലെന്നും ദത്താജി ഉറച്ചുനിന്നു.
ഗോരക്ഷാമഹാഭിയാന സമിതിയുടെ ഗോവധ നിരോധ പ്രസ്ഥാനം രാജ്യവ്യാപകമായി നടന്നുവന്നു. 18 വയസ്സ് തികഞ്ഞവരുടെ ഒപ്പുശേഖരിക്കുകയായിരുന്നു മുഖ്യപരിപാടി. പ്രചാരണയോഗങ്ങളും സംഘടിപ്പിച്ചിരുന്നു. ശൈവപ്രകാശം ഹാളില്‍ ഗോരക്ഷാ പ്രദര്‍ശനവും സംഘടിപ്പിച്ചു. ഗോസമ്പത്തിന്റെ സ്ഥിതിവിവരങ്ങള്‍ ചിത്രീകരിച്ച പോസ്റ്ററുകള്‍ ആയിരുന്നു മുഖ്യം. വാസു എന്ന സ്വയംസേവകന് ഭംഗിയായി ചിത്രങ്ങള്‍ വരച്ചു അതിനെ മനോഹരമാക്കി. അയ്യായിരത്തിലേറെപ്പേര്‍ പ്രദര്‍ശനം കണ്ടു, അഭിനന്ദിച്ച് പുസ്തകത്തിലെഴുതി. പയ്യോളിയില്‍ ഗോസംരക്ഷണയോഗം ആക്രമിക്കപ്പെട്ടതും, പരസ്യമായി മൂരിയെ അറുത്തു മാംസം വിതരണം ചെയ്തതും യോഗാധ്യക്ഷനായിരുന്ന കണ്ണന് ഗുമസ്തന് സ്വഭവനത്തില്‍ വധിക്കപ്പെട്ടതും പത്രത്തില്‍ വായിച്ചറിഞ്ഞു, ഒരു പ്രതിഷേധയോഗം നടത്തുകയുമുണ്ടായി.
ശാഖകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പ്രത്യേക പരിപാടികള്‍ ഞായറാഴ്ചകളില്‍ നടത്തപ്പെട്ടു. കന്യാകുമാരിക്കടുത്ത് മണ്ടയ്ക്കാട് ഭഗവതീക്ഷേത്രത്തിലെ പൊങ്കാല (അമ്മന്‍കൊട) യോടനുബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഹിന്ദുമത കണ്വെന്ഷന് നടത്തിവന്നു. ഉത്തരഭാരതത്തില്‍ നിന്ന് പ്രഭാഷകനെ കൊണ്ടുവരിക പതിവായിരുന്നു. അതനുസരിച്ച് ദേവസ്വം ബോര്‍ഡ് സെക്രട്ടറി മക്കപ്പുഴ പ്രഭാഷകനെ വേണമെന്നു ദത്താജിയോടാവശ്യപ്പെട്ടു. അദ്ദേഹം ശ്രീദീനദയാല്ജിയെ അതിനായി ക്ഷണിച്ചു. അദ്ദേഹം സമ്മതിച്ചു. പത്രപ്രവര്‍ത്തകനായ എസ്.എസ്.ആപ്ടേയെ കൂടെ കൊണ്ടുവന്നു. ദീനദയാല്‍ജിയുടെ ആദ്യകേരള സന്ദര്‍ശനം അതായിരുന്നു. പ്രസംഗം വിവര്‍ത്തനം ചെയ്യാന്‍ സാധുശീലന്‍ പരമേശ്വരന്പിള്ളയുണ്ടായിരുന്നു. ദീനദയാല്‍ജി പുത്തന്‍ചന്ത ശാഖയില്‍ വന്നു. അവിടെ അദ്ദേഹം ഹിന്ദിയിലാണ് സംസാരിച്ചത്.
1954ല്‍ തിരുകൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പുവരുന്നുണ്ടായിരുന്നു. ഭാരതീയ ജനസംഘം മത്സരിക്കണമെന്ന് പൊതുവേ ഹിന്ദുക്കളില്‍ മോഹമുണ്ടായി. ദീനദയാല്‍ജി മലബാറില്‍ വന്ന് ടി.എന്‍.ഭരതന് കണ്‍വീനറായി സമിതിയുണ്ടാക്കി. തിരുകൊച്ചിക്കായി സമിതിയുണ്ടാക്കാനുള്ള ശ്രമവുമായി നീങ്ങി. എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പോയി. ആലപ്പുഴയില്‍ ഡോ. കെ.പി.പണിക്കര്‍ അധ്യക്ഷനായി ഒരു താല്‍ക്കാലിക സമിതിയുണ്ടാക്കി. തിരുവനന്തപുരത്തെ മാന്നാര്‍ ഗോപാലന് നായര്‍ സെക്രട്ടറിയായി. 1954ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ തിരുവനന്തപുരം 3-ാം മണ്ഡലത്തില്‍ അറയ്ക്കല്‍ നാരായണപിള്ളയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിശ്ചയിക്കപ്പെട്ടു.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന്റെ മര്‍മ്മങ്ങള്‍ അറിയാത്തവര്‍ക്ക് ദത്താജിയാണ് നിര്‍ദ്ദേശം നല്‍കിയത്. വോട്ടര്‍മാരെ കാണാനും അദ്ദേഹം സ്വയം സേവകരോടൊപ്പം പോയി. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് വടക്കന്ചുവയുള്ളത് ശ്രദ്ധിക്കപ്പെട്ടു. വോട്ടുചോദിക്കാന്‍ പോലും നാട്ടിലാളില്ലേ എന്നും ചിലര്‍ അന്വേഷിച്ചു. 1954 ആദ്യം ദത്താജിയുടെ ആസ്ഥാനം മധുരയിലേക്ക് മാറ്റപ്പെട്ടു. എഴുത്തുകുത്തുകള്‍ തുടര്‍ന്നു. കത്തുകള്ക്കദ്ദേഹം കൃത്യമായി മറുപടി അയയ്ക്കുമായിരുന്നു. ഒരുദിവസം തൊടുപുഴയില്‍ വരാം എന്ന വാഗ്ദാനം നിലനിന്നു.
ക്ലാസുകള്‍ കഴിഞ്ഞ് നാട്ടില്‍ നില്ക്കുമ്പോള് അവിടെ ഒരു ട്യൂട്ടോറിയലില് ക്ലാസെടുക്കാന്‍ ക്ഷണം കിട്ടി. മണക്കാടു സ്കൂളിലെ ഒരു മുതിര്‍ന്ന അധ്യാപകന്റെ നിരസിക്കാനാവാത്ത ക്ഷണമായിരുന്നു. ഒരുനാള്‍ ആ സ്ഥാപനത്തിലേക്ക് ദത്താജിയും ഭാസ്കര്‍ റാവുവും കയറിവന്നു. അവര്‍ വരുമെന്നുപറഞ്ഞിരുന്നെങ്കിലും മുന്നറിയിപ്പുണ്ടാകുമെന്നാണ് വിചാരിച്ചത്. തൊടുപുഴ പോസ്റ്റ് ഓഫീസില്‍ വന്ന് അന്വേഷിച്ചുപിടിച്ചെത്തി. വീട്ടിലേക്ക് മുന്നു കി.മീ. നടന്നുതന്നെ പോകണം. മണ്ണുറോഡ്. അവിടെ എല്ലാവരുമുണ്ടായിരുന്നു. റേഷന്‍ അരിയുടെ ദുര്‍ഗന്ധം വമിക്കുന്ന ചുവന്ന ചോറായിരുന്നു കുറേനാളായി. അന്നു ഭാഗ്യവശാല്‍ നല്ല കുത്തരി തറവാട്ടില്‍ നിന്നുലഭിച്ചിരുന്നു. നല്ല മാമ്പഴവും ഉണ്ടായിരുന്നു. തൊടുപുഴയിലേക്ക് ഒരു സംഘ പ്രചാരകന് വന്നത് അന്നാദ്യമായിരുന്നു. ഞാന്‍ സംഘത്തില്‍ പോകുന്ന വിവരം വീട്ടില്‍ അജ്ഞാതമായിരുന്നില്ല. അവരുടെ സംഭാഷണം വീട്ടില്‍ എല്ലാവര്ക്കും സുഖകരമായിരുന്നു. ഊണും അല്പസമയത്തെ വിശ്രമവും കഴിഞ്ഞു. കാലാവസ്ഥ മാറുന്നതിന് മുന്‍പ് അവരെ ബസ് കയറ്റാന്‍ പോയി.
സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ മാറ്റം വരുത്താനായി നാഗ്പൂരിനടുത്ത് സിന്ദി എന്ന സ്ഥലത്ത് ചേര്‍ന്ന ബൈഠക് കഴിഞ്ഞുവരികയായിരുന്നു അവര്‍. ദത്താജിയുടെ ആസ്ഥാനം മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് മാറ്റുന്നു. അവിടത്തെ 15 വിച്ചൂര്‍ മുത്തയ്യ മുതലി സ്ട്രീറ്റ്, വെപ്പേരി മദ്രാസ് എന്ന വിലാസം പിന്നെ മനസ്സില്‍ പതിഞ്ഞു. പിന്നീട് രണ്ടുവര്‍ഷം കഴിഞ്ഞ് 1958 ലാണ് കേരളത്തെ വേറെ ഭാഗ് ആക്കുന്നത്. അന്നും ദത്താജി പ്രാന്തപ്രചാരക് ആയിരുന്നു. പ്രചാരകന്മാര് സംഘത്തിന്റെ അച്ചടക്കം പാലിക്കണമെന്നതില്‍ അദ്ദേഹം ശഠിച്ചിരുന്നു. തങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട പ്രദേശത്തിന് വെളിയില്‍ പോകരുതെന്ന് നിര്‍ബന്ധിച്ചു. ഞാന്‍ തലശ്ശേരിയില്‍ പ്രചാരകനായിരിക്കുമ്പോഴാണ് മാധവജിയുടെ അച്ഛന് ശ്രീ. പി.കെ.എസ്.രാജാ അന്തരിച്ചത്. വിവരം അറിയിക്കുന്ന അദ്ദേഹത്തിന്റെ കത്ത് ലഭിച്ചു. ഞാന്‍ കോഴിക്കോട്ട് പോയി ഒരു സ്വയംസേവകനെ കൂട്ടി പന്നിയങ്കരയിലുള്ള വീട്ടിലെത്തി. പറയാന്‍ ധാരാളമുണ്ടായിരുന്നു. മധവജിയുടെ പഴയ തലശ്ശേരി അനുഭവങ്ങളടക്കം. അമ്മയെയും സഹോദരങ്ങളെയും പരിചയപ്പെട്ടു മടങ്ങി. വിവരങ്ങള്‍ കത്തുമൂലം ദത്താജിയെ അറിയിച്ചു. കൃത്യമായ മറുപടി വന്നു. അതില്‍ ശാസനയുമുണ്ടായിരുന്നു. നിങ്ങളുടെ സാന്നിധ്യം ആവശ്യമില്ലാത്തിടത്താണ് പോയതെന്ന്.
പ്രചാരകന്മാര്ക്ക് കുരുക്ഷേത്ര നെയ്ത്തിലുള്ള വിരിപ്പ് കൊടുക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വിശേഷപ്പെട്ടതരം ഇരട്ടനെയ്ത്തുള്ള അതിന്റെ രണ്ടുവശവും രണ്ടുനിറമായിരിക്കും. 1958ലെ യാത്രയില്‍ എനിക്കും കിട്ടി ഒരെണ്ണം. ഇന്നും കേടുകൂടാതെ അത് ഉപയോഗത്തിലുണ്ട്. കേരളത്തിലെ നാട്ടിന്‍പുറങ്ങളിലൂടെ നടന്നുവേണം ശാഖകളില്‍ പോകാന്‍. അതിന് ഒട്ടും മടിയില്ല. 1962ല്‍ കോയമ്പത്തൂരില്‍ നടന്ന സംഘശിക്ഷാ വര്‍ഗിലാണ് ശ്രീഗുരുജി തമിഴ്നാട്ടിന്റെയും കേരളത്തിന്റെയും സംഘപ്രവര്‍ത്തനത്തെ രണ്ടു പ്രാന്തങ്ങളാക്കിയവിവരം പ്രഖ്യാപിച്ചത്. കേരളത്തിന് ശ്രീ.എന്‍.ഗോവിന്ദമേനോന് സംഘചാലകനും, ശ്രീ.അഡ്വക്കേറ്റ് ഡി.എന്‍.പൈ കാര്യവാഹും. ഭാസ്കര്‍റാവു പ്രചാരകനുമായി നിശ്ചയിക്കപ്പെട്ടു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: