എസ്എസ്എല്‍സി പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കുള്ള ശില്‍പ്പശാലയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണല്ലോ. അക്ഷരം കൂട്ടിവായിക്കാനും, സ്വന്തം പേരെഴുതാന്‍പോലും അറിയാത്ത കുട്ടികള്‍ക്കുവരെ എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നല്‍കുകയാണെന്നും, ഇത് അവരോട് ചെയ്യുന്ന ചതിയാണെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തുറന്നടിച്ചത്. കുട്ടികളെ ജയിപ്പിക്കുന്നതിന് താന്‍ എതിരല്ലെന്നും, മാര്‍ക്ക് ദാനം ചെയ്യുന്നതില്‍ ഒരു പരിധി വേണമെന്നുമാണ് ഷാനവാസ് പറഞ്ഞത്. കുട്ടികള്‍ക്ക് മാര്‍ക്ക് വെറുതെ നല്‍കരുത്. അത് സ്വയം നേടിയെടുക്കേണ്ടതാണെന്ന ധാരണ കുട്ടികള്‍ക്കു വേണം. എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ വരെ എ പ്ലസ് ലഭിക്കുന്നവരിലുണ്ട്. സ്വന്തം രജിസ്റ്റര്‍ നമ്പര്‍ അക്ഷരത്തിലെഴുതാന്‍ അറിയാത്ത കുട്ടികളുണ്ട്. തെറ്റായി അത് രേഖപ്പെടുത്തിയത് കണ്ടുപിടിക്കാത്തതിന് പല അധ്യാപകരോടും വിശദീകരണം തേടേണ്ടിവന്നിട്ടുണ്ട്. സ്വന്തം പേര് എഴുതാനറിയാത്തവര്‍ക്കുപോലും എ പ്ലസ് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസകാര്യത്തില്‍ ഇപ്പോള്‍ കേരളത്തെ കൂട്ടിക്കെട്ടുന്നത് ബീഹാറുമായിയൊക്കെയാണ്. യൂറോപ്പിലെ മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്തിരുന്നിടത്തുനിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത് എന്നൊക്കെയാണ് വിദ്യാഭ്യാസ ഡയറക്ടര്‍ ആത്മരോഷത്തോടെ പറഞ്ഞത്. കഴിഞ്ഞ മാസം നടന്ന ശില്‍പ്പശാലയില്‍ പറഞ്ഞ കാര്യങ്ങള്‍ അപ്രതീക്ഷിതമായി പുറത്തായതാണ് വിവാദത്തിനിടയാക്കിയിട്ടുള്ളത്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്ന് കഴിഞ്ഞ കുറെക്കാലമായി കേരളത്തിലെ വിദ്യാഭ്യാസരംഗം ശ്രദ്ധിക്കുന്ന ആരും സമ്മതിക്കും. വാസ്തവത്തില്‍ ഇതിനെക്കാള്‍ വഷളാണ് സ്ഥിതിവിശേഷം. വിദ്യാര്‍ത്ഥികളെ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യരാക്കുന്ന പരീക്ഷയാണ് എസ്എസ്എല്‍സി. എന്നാല്‍ ഈ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി പ്ലസ്ടു തലത്തിലും അവിടെനിന്ന് സര്‍വകലാശാലകളിലേക്കും എത്തുന്ന ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും മാതൃഭാഷപോലും തെറ്റുകൂടാതെ എഴുതാന്‍ അറിയില്ല. ഭാഷയിലെ വ്യാകരണം അവര്‍ക്ക് അന്യമാണ്. അന്യഭാഷയായ ഇംഗ്ലീഷിന്റെ കാര്യം പറയേണ്ടതുമില്ല. ഇവരെ പഠിപ്പിക്കുന്ന അധ്യാപകരോട് ചോദിച്ചാല്‍ ഇത് സത്യമാണെന്ന് സമ്മതിക്കും. പക്ഷേ ഒരു നിവൃത്തിയുമില്ല. താഴെക്ലാസുകളില്‍ പഠിക്കേണ്ട കാര്യങ്ങള്‍ ഉയര്‍ന്ന ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനാവില്ല. അത് പ്രായോഗികവുമല്ല. അങ്ങനെ ചെയ്താല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയാതെവരും. അതുകൊണ്ട് ആശങ്കളൊക്കെ മാറ്റിവച്ച് സ്വന്തം കടമ നിര്‍വഹിക്കുകയാണ് പല അധ്യാപകരും ചെയ്യുന്നത്. ഇതിനിടെ സ്വന്തം നിലയ്ക്ക് പരിശ്രമിച്ച് ഭാഷ പഠിക്കുന്നവരും, വിഷയങ്ങള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നുവരുമുണ്ട്. അതു പക്ഷേ നമ്മുടെ വിദ്യാഭ്യാസ രീതിയുടെ മേന്മയായി കണക്കാക്കാനാവില്ല. എസ്എസ്എല്‍സി പരീക്ഷയ്ക്ക് കഠിനമായി പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും ഉയര്‍ന്ന മാര്‍ക്കും നേടുന്നവരുണ്ട്. അതിന്റെ ബഹുമതിയും ആ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ടതാണ്. ഇത്തരക്കാരെ സഹായിക്കുന്ന അധ്യാപകരുമുണ്ടാവാം.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തുറന്നുപറച്ചില്‍ വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന മന്ത്രിയെയും മറ്റും പ്രതിക്കൂട്ടിലാക്കിയത് സ്വാഭാവിഷം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിമര്‍ശനാത്മകമായി പറഞ്ഞത് സര്‍ക്കാര്‍ നയമായി കാണേണ്ടതില്ല എന്നാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. കക്ഷിരാഷ്ട്രീയക്കാരനായ മന്ത്രി ഇതല്ലാതെ മറ്റെന്തെങ്കിലും പറയുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വര്‍ധിപ്പിക്കുക എന്നതല്ല സര്‍ക്കാര്‍ നയമെന്നാണ് മന്ത്രി പറയുന്നത്. ഈ സര്‍ക്കാരിന്റെ നയം അതല്ലെന്ന് എല്ലാവര്ക്കും അറിയാം. യാന്ത്രികമായി പരാജയപ്പെടുത്തിയല്ല, വിജയിപ്പിച്ചാണ് ഗുണമേന്മ വര്‍ധിപ്പിക്കുന്നത്. മാര്‍ക്കുദാനം സര്‍വധനാല്‍ പ്രധാനം എന്നതാണ് ശിവന്‍കുട്ടിയെപ്പോലുള്ള വിദ്യാഭ്യാസമന്ത്രിമാരുടെ നയം. എത്ര മോശമായി പരീക്ഷയെഴുതിയാലും വാരിക്കോരി മാര്‍ക്ക് നല്കി വിജയിപ്പിക്കുക. എന്നിട്ട് അത് കേരള മോഡല്‍ വിദ്യാഭ്യാസ പദ്ധതിയുടെ മേന്മയായി വാഴ്ത്തിപ്പാടുക. ലോകനിലവാരമുണ്ടെന്ന് അവകാശപ്പെടുക. പഠനത്തിന് യാതൊരു പ്രാമുഖ്യവും നല്‍കാതെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ആളെ കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കുന്നവര്‍ക്ക് കുട്ടികളുടെ നിലവാരം ഒരു പ്രശ്നമാവേണ്ട കാര്യമില്ല. കേരളത്തില്‍ വിദ്യാഭ്യാസത്തിന് നിലവാരമുണ്ടെങ്കില്‍ പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പോകുന്നത് എന്തിനാണ് എന്നുമാത്രം ഇക്കൂട്ടര്‍ക്ക് മറുപടിയില്ല. ഇങ്ങനെ പോകുന്നതില്‍ ആശങ്കപ്പെടേണ്ടെന്നും, അവര്‍ തിരിച്ചുവരുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. എവിടുന്ന് കിട്ടി ഇത്ര മോശമായ ചങ്കൂറ്റമെന്ന് ആശ്ച്യപ്പെടുകയേ നിവൃത്തിയുള്ളൂ. ഏതായാലും അപ്രിയസത്യം വിളിച്ചുപറഞ്ഞതിന് ഓരോ മലയാളിയും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് കടപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: