ബെംഗളൂരു: നാഗ്പൂരിലെ ഡോ. ഹെഡ്ഗേവാര്‍ സ്മൃതിമന്ദിരത്തില്‍ ജാതി ചൂണ്ടിക്കാട്ടി തനിക്ക് പ്രവേശനം നിഷേധിച്ചെന്ന കര്‍ണാടക മുന്‍ എംഎല്‍എ ഗൂളിഹട്ടി ശേഖറിന്റെ ശബ്ദസന്ദേശം അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് ആര്‍എസ്എസ് ദക്ഷിണ മധ്യക്ഷേത്ര കാര്യവാഹ് എന്‍. തിപ്പസ്വാമി.
ഹൊസ്ദുര്‍ഗയിലെ മുന്‍ എംഎല്‍എയുടെ ആരോപണം തെറ്റാണ്. നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തിലും സ്മൃതിമന്ദിരത്തിലും സന്ദര്‍ശകരുടെ പേര് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രവേശിപ്പിക്കുന്ന സംവിധാനമില്ല. ആര്‍എസ്എസിന്റെ എല്ലാ സ്ഥാപനങ്ങളിലും എല്ലാവര്ക്കും ഒരു തടസ്സവുമില്ലാതെ വരാം. ജാതിമതഭേദമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇവിടെയെത്താറുണ്ട്. ഇത്തരമൊരു ആരോപണം വിചിത്രമാണ്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പാണ് ഈ സംഭവമെന്ന് അവകാശപ്പെടുന്ന ഗൂളിഹട്ടി ശേഖര്‍ അതിനുശേഷം ആര്‍എസ്എസിന്റെ എത്രയോ മുതിര്‍ന്ന പ്രവര്‍ത്തകരെ കണ്ടിട്ടുണ്ട്. എന്നാല്‍ എവിടെയും ഈ സംഭവം അദ്ദേഹം ഉന്നയിച്ചിട്ടില്ല. പത്ത് മാസത്തിന് ശേഷം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ആശ്ചര്യകരമാണെന്ന് തിപ്പസ്വാമി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: