Categories: Pathanamthitta

അയ്യപ്പസ്വാമിമാര്‍ക്കു പാപനാശിനിയായി ഉരക്കുഴി സ്‌നാനം

പരമ്പരാഗത കാനനപാതവഴി സന്നിധാനത്തു വരുന്നവര്‍ ഇവിടെ മുങ്ങിയതിനു ശേഷമാണ് ദര്‍ശനം നടത്തുന്നത്.

Published by

ശബരിമല: അയ്യപ്പാനുഗ്രഹത്തിനായി മലകയറുന്ന തീര്‍ഥാടകര്‍ക്കു പാപമോക്ഷത്തിനായുള്ള പുണ്യതീര്‍ഥമായി പാണ്ടിത്താവളത്തിനടുത്തെ ഉരക്കുഴി വെള്ളച്ചാട്ടം. അയ്യപ്പദര്‍ശനശേഷം ഇവിടെ മുങ്ങിക്കുളിച്ചാണ് മിക്കവരും മലയിറങ്ങുന്നത്. പരമ്പരാഗത കാനനപാതവഴി സന്നിധാനത്തു വരുന്നവര്‍ ഇവിടെ മുങ്ങിയതിനു ശേഷമാണ് ദര്‍ശനം നടത്തുന്നത്.

മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പന്‍ ഈ കാനനതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചു സന്നിധിയില്‍ എത്തിയെന്നാണു വിശ്വാസം. ഇതിന്റെ ചുവടു പിടിച്ചാണ് അയ്യപ്പഭക്തര്‍ ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിക്കുന്നത്. പമ്പാനദിയുടെ കൈവഴിലെ കുമ്പളം തോട്ടില്‍നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിനു കീഴെയാണ് ഉരക്കുഴി തീര്‍ത്ഥം. വെള്ളം സ്ഥിരമായി പതിച്ച പാറ ഉരല്‍പോലെ കുഴിയായെന്നും ഉരല്‍ക്കുഴി ലോപിച്ച് ഉരക്കുഴി ആയെന്നുമാണ് വിശ്വാസം.

ഒരുസമയം ഒരാള്‍ക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാന്‍ കഴിയുക. ഉരല്‍ക്കുഴിയിലെ കുളി പാപനാശിനിയാണെന്നു ഭക്തര്‍ കരുതുന്നു. അയ്യപ്പദര്‍ശനത്തിനു മുന്‍പും ദര്‍ശനത്തിനു ശേഷവും ഇവിടെയത്തി മുങ്ങിക്കുളിച്ചാല്‍ പാപമോക്ഷം നേടുമെന്നാണ് വിശ്വാസം. ഉരക്കുഴി കാണാനും കുളിക്കാനുമായി നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by