ന്യൂദല്‍ഹി: ഇല്ല, ഒരിക്കലും അവര്‍ എന്നെ പ്രധാനമന്ത്രിയാക്കില്ല, സോണിയയെ കുറിച്ചുള്ള പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയുടെ പുസ്തകം. 2004ല്‍ പ്രധാനമന്ത്രി പദത്തിനുള്ള ശ്രമത്തില്‍ നിന്ന് സോണിയ പിന്മാറിയപ്പോള് അദ്ദേഹത്തിന്റെ സാധ്യതകളെകുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രണബ് മുഖര്‍ജി ഇങ്ങനെ പറഞ്ഞതെന്ന് ‘പ്രണബ്, മൈ ഫാദര്‍: എ ഡാട്ടര്‍ റിമെംബേഴ്സ്’ എന്ന പ്രസിദ്ധീകരണത്തിന് തയാറാകുന്ന പുസ്തകത്തില്‍ ശര്‍മ്മിഷ്ഠ എഴുതുന്നു. പക്ഷേ അതിന്റെ പേരില്‍ അദ്ദേഹത്തിന് അവരോട് പ്രതിഷേധമുണ്ടായിരുന്നില്ല. അവര്‍ പ്രധാനമന്ത്രിയാക്കിയ മന്മോഹന് സിങ്ങിനോടും എതിര്‍പ്പുണ്ടായിരുന്നില്ല.
പ്രധാനമന്ത്രി പദത്തില്‍ ആരെന്ന അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യമായിരുന്നു അത്. മന്മോഹന്സിങ്ങിന്റെയും പ്രണബ് മുഖര്‍ജിയുടെയും പേരായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്. അച്ഛനെ അന്ന് കാണാന്‍ കിട്ടുമായിരുന്നില്ല. അദ്ദേഹം തിരക്കിലായിരുന്നു. ഫോണില്‍ സംസാരിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹത്തിന്റെ സാധ്യതയെക്കുറിച്ച് ചോദിച്ചത്. അച്ഛന് തറപ്പിച്ച് പറഞ്ഞു, അവര്‍ ഒരിക്കലും എന്നെ പ്രധാനമന്ത്രിയാക്കില്ല. അത് മന്മോഹന്സിങ്ങായിരിക്കും. പക്ഷേ സോണിയ അത് വേഗം പ്രഖ്യാപിക്കണം. ഇക്കാര്യത്തില്‍ അനിശ്ചിതത്വം നീളുന്നത് നല്ലതല്ല, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി, പുസ്തകത്തില്‍ എഴുതുന്നു.
അച്ഛന് പ്രതീക്ഷകളുണ്ടായിരുന്നില്ല. അതുകൊണ്ട് നിരാശയും ഉണ്ടായില്ല. 1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷവും പ്രണബിന്റെ പേര് പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു. അന്ന് നടന്നില്ല. 2004ലും ഉണ്ടായില്ല.
അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരുന്നോ എന്ന് ഒരിക്കല്‍ ചോദിച്ചു, ഏതൊരു രാഷ്ട്രീയക്കാരനും ആഗ്രഹിക്കും പോലെ എന്നായിരുന്നു ഉത്തരം. പക്ഷേ അതിനുവേണ്ടി പിന്നാലെ പോകാനില്ല എന്നും പ്രണബ് പറഞ്ഞിരുന്നു, പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: