ദുബായ്: വിസ മാറ്റ നിയന്ത്രണത്തില്‍ ഇളവുമായി കുവൈറ്റ്. വിദേശികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റ നിയന്ത്രണത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളെ സ്വകാര്യമേഖലയിലേക്കുള്ള വിസമാറ്റ നിരോധനത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
ഇതുസംബന്ധമായ തീരുമാനം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറപ്പെടുവിച്ചതായയും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിൽ റെസിഡൻസി മാറുന്നത് നിർത്തിവെക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട അനന്തരഫലങ്ങൾ നിലവിൽ മന്ത്രാലയം പരിശോധിച്ച് വരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ കുവൈറ്റിലെ വിവിധ സർക്കാർ മന്ത്രാലയങ്ങളിൽ തൊഴിലെടുത്ത് വരുന്ന നിരവധി പ്രവാസികളെ ബാധിക്കുന്ന തീരുമാനമാണെന്ന പശ്ചാത്തലത്തിലാണ് പരിശോധനകൾ സംഘടിപ്പിക്കുന്നത്.
സ്വദേശികളെ വിവാഹം കഴിച്ച വിദേശികളും അവരുടെ കുട്ടികളും, സാധുവായ രേഖകള്‍ കൈവശമുള്ള ഫലസ്തീന്‍ പൗരന്മാര്‍ക്കും 60 വയസ്സിന് താഴെ പ്രായമുള്ള യൂണിവേഴ്‌സിറ്റി ബിരുദധാരികളായ വിദേശികള്‍ക്കുമാണ് ഇളവ് നല്‍കുക.
എന്നാല്‍ ഇത്തരത്തിലുള്ളവരുടെ അപേക്ഷകളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും നടപടി സ്വീകരിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തേ സര്‍ക്കാര്‍ മേഖലയിലും പൊതു മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നത് നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
സര്‍ക്കാര്‍ ജോലിയില്‍നിന്ന് വിരമിച്ചവര്‍ക്കും രാജി വെച്ചവര്‍ക്കും പിരിച്ചുവിട്ടവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ തീരുമാനം ബാധകമാവുക. രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: