രാജ്യം ആരെയാണ് 2024ല്‍ കാതോര്‍ക്കുന്നത് എന്നതിനുള്ള ഉത്തരമാണ് രാജസ്ഥാനും മധ്യപ്രദേശും ഛത്തിസ്ഗഡും നല്‍കിയത്. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ, കൂട്ടുകെട്ടുണ്ടാക്കി വിജയം കൊയ്യാമെന്ന വ്യാമോഹം തകര്‍ന്നു. മോദിയാണ് ഭാവി ഭാരതത്തിന്റെ നായകനെന്ന് ജനങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ദക്ഷിണേന്ത്യയില്‍ കടന്നുകയറാന്‍ കഴിയുമെന്ന് തെലങ്കാനയിലൂടെ ബിജെപി കാട്ടിത്തരുകയും ചെയ്യുന്നു. ഗുജറാത്തില്‍ എങ്ങിനെയാണോ ബിജെപി ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായത് ആ നിലയിലേക്ക് മധ്യപ്രദേശ് മാറുന്നു. ഇവിടെയൊക്കെ ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിനുപോയത് ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെയും ഉയര്ത്തികാട്ടിയല്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബൃഹദ് കാമ്പയിന് ആയിരുന്നു നടന്നത്. അതുകൊണ്ടുതന്നെ ഇത് മോദിക്കുള്ള അംഗീകാരമാണ്. കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി പോലെ പ്രധാനമാണ് സിപിഎമ്മിനു കിട്ടിയ പ്രഹരവും. രാജസ്ഥാനില്‍ ഉണ്ടായിരുന്ന രണ്ടുസീറ്റു പോയി. ഒരിടത്തും ഒരു ശതമാനം വോട്ടുപോലും കിട്ടാത്ത അവസ്ഥയുമായി.
മോദിക്ക് ജനങ്ങള്‍ക്കിടയിലുള്ള അംഗീകാരം, എത്രമാത്രം എന്നത് തന്നെയായിരുന്നു രാജ്യവും ലോകവും ഉറ്റുനോക്കിയത്. ഇവിടെ ബിജെപി പരാജയപ്പെട്ടാല്‍ 2024ല്‍ മോദി യുഗം അവസാനിക്കുമെന്ന് അവര്‍ പ്രവചിച്ചു. അതിനു തക്കവണ്ണമാണ് ഒരു തരത്തിലും യോജിക്കാനാവാത്ത കൂട്ടര് ഒരു കുടക്കീഴില് വരുന്നു എന്ന പ്രതീതിയുണ്ടാക്കാന്‍ ശ്രമിച്ചത്. ആ പരീക്ഷണവും ദയനീയമായ പരാജയമാണെന്നല്ലേ കണ്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരായ കമല്‍നാഥ്, ദിഗ്വിജയ് സിങ്, അശോക് ഗെഹ്ലോട്ട് എന്നിവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമായും ഈ തെരഞ്ഞെടുപ്പ് ഫലത്തെ കാണാം.
അല്‍പ്പം ചരിത്രം
മധ്യപ്രദേശില്‍ 2018ല്‍ത്തന്നെ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. എന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ പിന്നില്‍പോയി. പിന്നീട് നാം കണ്ടത്, ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പമുള്ള 22 എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയിലെത്തുന്നതാണ്. ‘കുടുംബത്തിലേക്കുള്ള തിരിച്ചുവരവ്’ എന്നാണ് അതിനെ സിന്ധ്യ വിശേഷിപ്പിച്ചത്. ആ രാജകുടുംബം ആദ്യം മുതലേ ജനസംഘത്തിലും ബിജെപിയിലും അടിയുറച്ചുനിന്നിരുന്നവരാണ്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിലാണ് രാജമാത വിജയരാജ സിന്ധ്യയുടെ മകന് മാധവറാവു സിന്ധ്യയെ കോണ്‍ഗ്രസിലേക്ക് എത്തിക്കുന്നത്. അമ്മ ജയിലില്‍ കഴിയുമ്പോള്‍ മകന് ഇന്ദിരാഗാന്ധിയുടെ ഭീഷണിക്ക് മുമ്പില്‍ കീഴടങ്ങി. പിന്നീട് അദ്ദേഹത്തിന്റെ ദാരുണ മരണവും മറ്റും ഇന്നും സംശയത്തിന്റെ നിഴലിലാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ മടങ്ങിവരവ് യഥാര്‍ഥത്തില്‍ തെറ്റുതിരുത്തല്‍ തന്നെയായിരുന്നു. മാധവ റാവുവിന്റെ സഹോദരിമാര്‍ അന്നും എന്നും ബിജെപിക്കൊപ്പം തന്നെയായിരുന്നു. അവരില്‍ ഒരാള്‍ മധ്യപ്രദേശില്‍ മന്ത്രിയായിരുന്നു. വസുന്ധര രാജസ്ഥാനില്‍ മുഖ്യമന്ത്രിയുമായല്ലോ. ജ്യോതിരാദിത്യയുടെ രാഷ്ട്രീയ നീക്കത്തിന് രണ്ടുതരത്തിലാണ് പ്രാധാന്യമുണ്ടായിരുന്നത്. ഒന്ന് ബിജെപിയെ ശക്തിപ്പെടുത്തുന്നു, മധ്യപ്രദേശില്‍ വീണ്ടും അധികാരത്തിലേറുന്നു. അതിനൊപ്പം ആ സംസ്ഥാനത്ത് പല ശക്തികേന്ദ്രങ്ങളിലും കോണ്‍ഗ്രസിനുണ്ടായ തളര്‍ച്ച. അതിലേറെ മധ്യപ്രദേശില്‍ ഇനിയാര് എന്ന ചോദ്യവും കോണ്‍ഗ്രസിന് മുന്നില്‍ ഉയര്ന്നുനില്ക്കുന്നു.
രാജസ്ഥാനില്‍ ഇത്തവണ ബിജെപി ജയിക്കുമെന്ന് ഏവര്‍ക്കും വ്യക്തതയുണ്ടായിരുന്നു. പ്രതിപക്ഷമെന്ന നിലക്ക് ശക്തമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ അവിടെ ബിജെപി ശ്രദ്ധിച്ചു. ഓരോ വിഷയവും ജനഹൃദയങ്ങളിലെത്തിക്കാന്‍ സാധിച്ചു. അതിനൊപ്പം നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ വിശദാംശങ്ങളും. ഈ പദ്ധതികള്‍ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ജനഹൃദയങ്ങളെ സ്വാധീനിക്കാന്‍ പോരുന്നതാണ് എന്നതാണ് വീണ്ടും കാണിച്ചുതരുന്നത്.
ഛത്തീസ്ഗഡില്‍ ഒരിക്കലും ബിജെപി വലിയ വിജയങ്ങള്‍ കരസ്ഥമാക്കിയിരുന്നില്ല. 2003, 2008 തെരഞ്ഞെടുപ്പുകളില്‍ 50 സീറ്റുകളും 2013ല്‍ 49 സീറ്റുമാണ് അവര്‍ക്കുണ്ടായിരുന്നത്. 2018ല്‍ 68 സീറ്റുമായാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. അന്ന് ഏതാണ്ട് 75% മണ്ഡലങ്ങളില്‍ അവര്‍ക്ക് വലിയ ഭൂരിപക്ഷവുമുണ്ടായിരുന്നു. ചാഞ്ചാടി നില്ക്കുന്ന ഏതാണ്ട് 23-24 മണ്ഡലങ്ങളാണ് അവിടെ സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണയിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് കോണ്‍ഗ്രസിന് അനുകൂലമായി. ഇത്തവണ അത്തരം മണ്ഡലങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്താന്‍ ബിജെപി ആദ്യമേ ശ്രദ്ധിച്ചു. മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആ സംസ്ഥാന സര്‍ക്കാരിനെ ഒരു എടിഎം ആക്കിമാറ്റിയിരുന്നു എന്ന വസ്തുത ജനങ്ങളിലെത്തിക്കാന്‍ ബിജെപിക്കായി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട അഴിമതിക്കഥകള്‍ സര്‍വത്ര ചര്ച്ചാവിഷയമായിരുന്നുവല്ലോ.
2024ല്‍ ഇനിയെന്ത്
ഇനി വരുന്നതു ലോകസഭാ തെരഞ്ഞെടുപ്പാണ്. അവിടെ എന്താണ് സംഭവിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മറ്റും ചേര്‍ന്ന് നേട്ടമുണ്ടാക്കിയാല്‍ അത് പൊതുതെരഞ്ഞെടുപ്പില്‍ സഹായകരമാവുമെന്ന് പലരും കരുതിയിരുന്നു, പ്രത്യേകിച്ചു ബിജെപി വിരുദ്ധ പക്ഷം. ആ മനപായസം പാഴായതോടെ പ്രതിപക്ഷ മുന്നണിയുടെ പ്രസക്തി തന്നെ ഇല്ലാതാവുന്നു.
2018ല്‍ കോണ്‍ഗ്രസ് ഏറെ ശക്തമായ നിലയിലായിരുന്നുവല്ലോ. പഞ്ചാബ്, രാജസ്ഥാന്, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നിവ കോണ്‍ഗ്രസ് തനിച്ചാണ് ഭരിച്ചിരുന്നത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരും. എന്നിട്ടും ദേശീയ തലത്തില്‍ ബിജെപി 2019ല്‍ ഉജ്വല വിജയം കരസ്ഥമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജസ്ഥാന്, ഛത്തിസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും, ഏറ്റവും വലിയ കക്ഷിയായിട്ടും അധികാരം നഷ്ടമായ കര്‍ണാടകത്തിലും മോദി തരംഗം അലയടിച്ചു. അടുത്ത വര്‍ഷം കര്‍ണാടകവും പഞ്ചാബും ഒഴികെയുള്ള ഈ സംസ്ഥാനങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പിന് പോകുന്നത് സ്വന്തം സംസ്ഥാന സര്‍ക്കാരുകളുടെ കൂടി ബലത്തിലാണ്.
ഇനി പ്രതിപക്ഷ മുന്നണിയുടെ കാര്യം. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോഴാണ് ഈ കൂട്ടുമുന്നണി ജന്മം കൊണ്ടത്. കര്‍ണാടകത്തില്‍ ‘ബിജെപിയെ തറപറ്റിക്കല്‍’ ആയി അതിനെ അവര്‍ വിലയിരുത്തി. എന്നാല്‍, ബിജെപിയെ സംബന്ധിച്ച്, അതൊരു കനത്ത പ്രഹരമായി കാണേണ്ടതില്ലായിരുന്നു. ഭരണത്തിലെത്താന്‍ സാധിച്ചില്ലെങ്കിലും സ്വന്തം അടിത്തറ നിലനിര്‍ത്താന്‍ അവര്‍ക്കു സാധിച്ചിരുന്നു. മാത്രമല്ല ബിജെപി വിരുദ്ധ പക്ഷത്ത് നിലകൊണ്ടിരുന്ന ദേവഗൗഡ ഇപ്പോള്‍ മോദി പക്ഷത്തു അണിനിരക്കുകയും ചെയ്തിരിക്കുന്നു. ഇനിയിപ്പോള്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട സംസ്ഥാനങ്ങളില്‍ മുന്നണിയിലെ കക്ഷികള്‍ ഒന്നിച്ചു മത്സരിച്ചാലും ഫലം മറ്റൊന്നാവാന്‍ പോകുന്നില്ല. മധ്യപ്രദേശിലെ കാര്യം നോക്കൂ. ബിജെപി നേടിയത് 49 ശതമാനത്തോളം വോട്ട്. കോണ്‍ഗ്രസിന് കിട്ടിയത് 40. 32 %. തട്ടിക്കൂട്ട് മുന്നണിയിലെ മറ്റു കക്ഷികള്ക്കൊക്കെയായി ലഭിച്ചത് വെറും 1. 82 ശതമാനം. എന്താണ് ഈ മുന്നണിക്ക് അവിടെ കഴിയുക?
പ്രതികരിക്കാൻ ഇവിടെ എഴുതുക: