ന്യൂദല്‍ഹി: കേന്ദ്ര അവഗണന കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന ടി.എന്‍. പ്രതാപന്റെ അടിയന്തര പ്രമേയ നോട്ടിസ് സിപിഎമ്മിനെ സഹായിക്കാനാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കേന്ദ്രം കേരളത്തോട് ഒന്നിലും ഒരു വിവേചനവും കാണിക്കുന്നില്ല എന്ന് പാര്‍ലമെന്റില്‍ നല്കിയ മറുപടികളില്‍ നിന്ന് ടി.എന്‍. പ്രതാപന് അറിയാം. പ്രതാപന്റെ പ്രമേയം രാഷ്ട്രീയലക്ഷ്യത്തോടെ കോണ്‍ഗ്രസ് കൊണ്ടുവന്നതാണെന്നും വി. മുരളീധരന് ദല്‍ഹിയില്‍ പറഞ്ഞു.
ഉച്ചക്കഞ്ഞിയുടെയും തൊഴിലുറപ്പിന്റെയും വിഹിതമെല്ലാം നല്‍കിയെന്ന രേഖാമൂലമുള്ള മറുപടി സഭയില്‍ നല്‍കിയത് പ്രതാപന് അറിയാം. എന്നിട്ടും കേരളത്തിന്റെ സാമ്പത്തിക ദുരവസ്ഥയ്ക്ക് കാരണം കേന്ദ്രമാണ് എന്ന പിണറായിയുടെ നിലപാടിനോട് കോണ്‍ഗ്രസ് യോജിക്കുകയാണ്. അങ്ങനെയെങ്കില്‍ കുറ്റവിചാരണ സദസ്സും യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രകടനവും എന്തിനെന്ന് നേതൃത്വം പറയണം. നാടുനീളെ അടികൊള്ളുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സിപിഎമ്മിനെ എതിര്‍ക്കാന്‍ ശേഷിയുള്ള നേതൃത്വമല്ല പാര്‍ട്ടിയുടേത് എന്ന് തിരിച്ചറിയണം.
അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ കേരളത്തിലും സീറ്റു ധാരണയുണ്ടാക്കണമെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു. സിപിഎം ദുര്‍ഭരണത്തിന് എതിരായി ഒരു പ്രതിഷേധം പോലും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കേണ്ടെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: