തിരുവനന്തപുരം: ഇനി പാമ്പിനെ പേടിക്കേണ്ട. അണലിവേഗം പറമ്പിലുണ്ടെങ്കില്‍ പാമ്പ് വരില്ല. ആറുമീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന അണലിവേഗം എന്ന ഔഷധ സസ്യത്തിന്റെ വേരുകള്‍ ഇരുപതുമീറ്റര്‍ ചുറ്റളവിലെത്തും. ഈ ഭാഗങ്ങളില്‍ പാമ്പുകള്‍ വരില്ല. വന്നാല്‍ അവിടെത്തന്നെ മയങ്ങിക്കിടക്കുകയും ചെയ്യും. ഈ സസ്യത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇന്‍ഡോള്‍ എന്ന പദാര്‍ത്ഥമാണ് ഈ പ്രത്യേകതയ്‌ക്കു കാരണം.
ശാസ്ത്രീയ നാമം അല്‍സ്‌റ്റോണിയ വെനിനേറ്റ എന്നാണ്. പാമ്പിന്‍ വിഷത്തിന് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ പനി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്‌ക്കും ഗുണപ്രദമാണ്. എന്നാല്‍ ഇരുമ്പിന്റെ സാമീപ്യമുണ്ടെങ്കില്‍ അണലിവേഗത്തിന്റെ ശക്തിയില്‍ കുറവുണ്ടാകുമെന്നും വാദമുണ്ട്. നാല്പതു രൂപ നിരക്കില്‍ ഗ്ലോബല്‍ ഫെസ്റ്റിവലിലെ നാഗാര്‍ജുനയുടെ ഔഷധ വണ്ടിയില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് അണലിവേഗ തൈകള്‍ ലഭ്യമാണ്. അണലിവേഗം കൂടാതെ നിരവധി ഔഷധ സസ്യങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിനും വില്പനയ്‌ക്കുമായി തയ്യാറായിരിക്കുന്നത്.
ശരീരത്തിലുണ്ടാകുന്ന മുറിവുകളില്‍ ഇലപിഴിഞ്ഞ് നീര് ഇറ്റിച്ചാല്‍ ഏതു മുറിവും ഭേദമാക്കുന്ന മുറികൂട്ടി, ഒടിഞ്ഞ എല്ലുകള്‍ നേരെയാക്കുന്നതിനുള്ള എല്ലൂറ്റി, അകാല നര അകറ്റാനും യൗവനം നിലനിര്‍ത്താനും ഉപകരിക്കുന്ന സമുദ്രപ്പച്ച, ശിരോരോഗങ്ങളും അതിസാരവും ചര്‍മരോഗങ്ങളും പരിഹരിക്കുന്ന സമുദ്രഫലം, വെള്ളപ്പാണ്ഡും പാമ്പിന്‍വിഷവും ശമിപ്പിക്കുന്ന ഗരുഡക്കൊടി, രക്തചംക്രമണം വര്‍ധിപ്പിക്കുന്ന ചക്കരക്കൊല്ലി, അസിഡിറ്റിയും നെഞ്ചെരിച്ചിലും ഒഴിവാക്കുന്ന സര്‍വസുഗന്ധി, സോമയാഗത്തിനും വേദങ്ങളില്‍ സൂചിപ്പിക്കുന്ന സോമരസം ഉണ്ടാക്കാനും ഉപയോഗിക്കുന്ന സോമലത, ക്ഷീണവും വിശപ്പും അകറ്റാന്‍ സഹായിക്കുന്ന ആരോഗ്യപ്പച്ച, ചുമ, ശ്വാസംമുട്ടല്‍, കഫാധിക്യം എന്നിവ ഇല്ലാതാക്കുന്ന നെയ്‌വള്ളി, വന്ധ്യതാപ്രശ്‌നങ്ങളും മാനസികസമ്മര്‍ദവും കുറയ്‌ക്കുന്ന ശതാവരി, പുരാണങ്ങളിലും ഇതിഹാസങ്ങളിലും വിവരിക്കപ്പെടുന്ന ഐശ്വര്യദായകവും ഔഷധവുമായ നീലക്കൊടുവേലി, ക്യാന്‍സറിനെ നശിപ്പിക്കുന്ന അര്‍ബുദനാശിനി, ബുദ്ധിയും ഉച്ചാരണശുദ്ധിയും കൈവരുത്തുന്ന വയമ്പ്, ബുദ്ധി വര്‍ധിപ്പിക്കുന്ന ബ്രഹ്മി, ഉന്മേഷവും ലൈംഗികശക്തിയും വര്‍ധിപ്പിക്കുന്ന അശ്വഗന്ധ, ചര്‍മസംരക്ഷണത്തിനുപയോഗിക്കുന്ന കറ്റാര്‍വാഴ, നിരവധി ഔഷധഗുണമുള്ള ദശപുഷ്പങ്ങള്‍, ഭസ്മതുളസി, വിക്‌സ്തുളസി, വനതുളസി, പുദിനതുളസി, കുഴിമുണ്ടന്‍ തുളസി, കര്‍പ്പൂരതുളസി, പൂച്ചമീശ തുളസി, തിരുനീറ്റ തുളസി, കൃഷ്ണ തുളസി, രാമ തുളസി തുടങ്ങി ചിരപരിചിതവും ഏറെ അപരിചതവും അത്ഭുതഗുണങ്ങളുമുള്ള നിരവധി ഔഷധങ്ങള്‍ നേരില്‍ക്കണ്ട് മനസിലാക്കാനുള്ള അപൂര്‍വ അവസരമാണ് ആയുര്‍വേദ ഗ്ലോബല്‍ ഫെസ്റ്റിവല്‍.
ഇതില്‍ ചിലതെല്ലാം വിലകൊടുത്ത് വാങ്ങാനും ലഭ്യമാണ്. കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിലെ ബോട്ടണി വിഭാഗത്തിന്റെ സ്റ്റാളില്‍ അന്‍പതിലധികം ഇനങ്ങളില്‍പ്പെട്ട ഔഷധസസ്യങ്ങള്‍ ലഭിക്കും. പുതുതലമുറയ്‌ക്ക് ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഗാര്‍ജുന ആയുര്‍വേദയും ഔഷധസസ്യങ്ങളുടെ വിതരണം നടത്തുന്നുണ്ട്. ദേശീയ ഔഷധ സസ്യബോര്‍ഡിന്റെ സ്റ്റാളില്‍ ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: