കോഴിക്കോട്: ബിജെപിക്കുണ്ടായ തകര്‍പ്പന്‍ മുന്നേറ്റം 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നതിന്റെ സൂചനയാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നടപ്പാക്കിയ വികസന പദ്ധതിക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ഇന്‍ഡി മുന്നണിയെ 2024 തെരഞ്ഞെടുപ്പില്‍ കാത്തിരിക്കുന്നത് ദയനീയ പരാജയമായിരിക്കും. ജാതിക്കാര്‍ഡിറക്കി ജനതയെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താമെന്ന ഇന്‍ഡി മുന്നണിയുടെ മോഹമാണ് തകര്‍ന്ന് പോയിരിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രം പിന്തുടര്ന്ന് പ്രതിപക്ഷത്തിന് ജനങ്ങള്‍ കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
2024 ലെ തെരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഉണ്ടായിരിക്കുന്നത്. രാഹുലിന് വയനാട്ടില്‍ തന്നെ വന്ന് മത്സരിക്കേണ്ടിവരും. ഇത്തവണ അമേഠിയിലും വയനാട്ടിലും രാഹുല്‍ പരാജയപ്പെടും. കേരളത്തിലെ ജനങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ നരേന്ദ്ര മോദിയോടൊപ്പം നില്‍ക്കണമെന്ന വ്യക്തമായ സൂചനയാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സൗജന്യവാഗ്ദാനങ്ങളേക്കാള് നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഉറപ്പുള്ള വാഗ്ദാനങ്ങളെയാണ് ജനങ്ങള്‍ വിശ്വസിച്ചത്.
കേരളത്തില്‍ യുഡിഎഫിന്റെ പ്രതീക്ഷ അപ്പാടെ തകര്‍ന്നിരിക്കുന്നു. പലതുകൊണ്ടും അസംതൃപ്തരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇനിയും എന്തിനാണ് ആ പാര്‍ട്ടിയില്‍ തുടരുന്നത്. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പിന്റെ പ്രതികരണങ്ങള്‍ ഉണ്ടാകും. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. മറ്റ് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ചിന് ബിജെപി സംസ്ഥാന നേതൃയോഗം കോട്ടയത്ത് ചേരും. തുടര്‍ന്ന് എന്‍ഡിഎ സംസ്ഥാനതല യോഗം നടക്കും ആദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: