തിരുവനന്തപുരം: തലസ്ഥാനനഗരിയെ സ്മാര്‍ട്ടാക്കാനായി കൊണ്ടുവന്ന പദ്ധതിയാണ് സ്മാര്‍ട്ട് റോഡ് പദ്ധതി. പക്ഷേ പദ്ധതിക്ക് വേണ്ടി പൊളിച്ചിട്ട റോഡുകള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സ്മാര്‍ട്ടായിട്ടില്ല. തകര്‍ന്ന റോഡിലൂടെ ജനങ്ങള്‍ ദുരിതയാത്ര തുടരുകയാണ്. തലസ്ഥാനത്തെ മറ്റ് റോഡുകളെല്ലാം കുഴിയുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുമ്പോള്‍ മന്ത്രിമാര്‍ താമസിക്കുന്ന നന്തന്‍കോട് റോഡ് സ്മാര്‍ട്ടായി പൊതുജനത്തെ നോക്കി കൊഞ്ഞനംകുത്തുന്നു. മന്ത്രിമന്ദിരങ്ങളിലേക്കുള്ള റോഡുകള്‍ അറ്റകുറ്റപണികള്‍ നടത്തി രാജപാതകളാക്കി മാറ്റുമ്പോള്‍ സാധാരണക്കാര്‍ സഞ്ചരിക്കുന്ന റോഡുകള്‍ വെട്ടിപ്പൊളിച്ച് നഗരയാത്ര നരകയാത്രയാക്കി മാറ്റിയിരിക്കുകയാണ്.
ദോഷം പറയരുതല്ലോ മന്ത്രി മന്ദിരങ്ങളിലേക്കല്ലാത്ത റോഡും പണിപൂര്‍ത്തിയാക്കി മിനുക്കിയിട്ടുണ്ട്. മാസങ്ങളായി തകര്‍ന്ന് കിടന്ന ഡിപിഐ വഴുതക്കാട് റോഡ് ഇങ്ങനെ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കിയത് ജനങ്ങളുടെ നഗരയാത്ര കണ്ട് മനസ്സലിഞ്ഞിട്ടല്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ അടുപ്പക്കാരനായ ഒരു വ്യവസായി അടുത്തിടെ തിരുവനന്തപുരത്ത് ആരംഭിച്ച പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വകുപ്പുകളും കരാറുകാരും ഉദ്യോഗസ്ഥരും സ്മാര്‍ട്ടായി റോഡ് പണി പൂര്‍ത്തിയാക്കിയത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരിക്കാന്‍ പദ്ധതിയിട്ട നാല്‍പ്പത് റോഡുകളില്‍ പതിനേഴെണ്ണം പൊളിച്ചിട്ടു. പക്ഷേ പണി പകുതിയാകുന്നതിന് മുമ്പ് തന്നെ കരാറുകാരുമായി നഗരസഭയും പൊതുമരാമത്ത് വകുപ്പും ഉടക്കായി. ഇതോടെ കരാറുകാരന് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും പുറത്ത് പോയി. പണി തീര്‍ക്കേണ്ട ദിവസവും കഴിഞ്ഞ് ആറുമാസവും കഴിഞ്ഞിട്ടും നഗരവാസികള്‍ ഇന്നും നരകത്തില്‍ തന്നെ. നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനി പണി ഉപേക്ഷിച്ച് പോയിട്ട് മാസങ്ങളായിട്ടും ഇതുവരെയും പുതിയ കരാറുകാരെ കണ്ടെത്താന്‍ ഭരണാധികാരികള്‍ക്കായിട്ടില്ല. കരാറുകാരന് മാറിയതും നഗരസഭയുടെ മെല്ലെപ്പോക്കും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം 430 കോടി രൂപ ചെലവഴിച്ച് നഗരത്തിലെ ഒന്‍പത് വാര്‍ഡുകളിലായി നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ റോഡ് നവീകരണത്തിനായി ആവിഷ്ക്കരിച്ച സ്മാര്‍ട്ട് റോഡ് പദ്ധതിയുടെ മുന്നോട്ടു പോക്കിനെ കാര്യമായി ബാധിച്ചു.
സ്റ്റാച്യൂ-ജനറല്‍ ആശുപത്രി റോഡ്, സംഗീത കോളജ്-മോഡല്‍ സ്കൂള്‍ റോഡ്, എകെജി സെന്റര്‍-സ്പെന്‍സര്‍ റോഡ് തുടങ്ങിയ റോഡുകളെല്ലാം വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വെള്ളയമ്പലം-വഴുതക്കാട് റോഡില്‍ അടുത്തിടെ മാത്രമാണ് വലിയ കുഴികള്‍ മെറ്റലിട്ടു മൂടിയത്. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന സ്റ്റാച്യൂ- ജനറല്‍ ആശുപത്രി റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് രണ്ട് വര്‍ഷം കഴിയുന്നു. സ്മാര്‍ട്ട് സിറ്റി പണിയെന്ന് തുടങ്ങുമെന്ന് ചോദിച്ചാല്‍, ടെണ്ടര്‍ വിളിച്ചിട്ടുണ്ട് കരാറുകാര്‍ വന്നാല്‍ ഉടന്‍ പണി തുടങ്ങുമെന്നാണ് അധികൃതരുടെ മറുപടി.
മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയോടു ചേര്‍ന്ന് പനവിള ജംഗ്ഷനിലേക്ക് പോകുന്ന കലാഭവന്‍ മണി റോഡിന് അടുത്തകാലത്താണ് ശാപമോക്ഷം ലഭിച്ചത്. തലസ്ഥാന നഗരത്തില്‍ തകര്‍ന്ന റോഡുകള്‍ ഇനിയുമുണ്ട്. നഗരത്തില്‍ ചാല, മോഡല്‍ സ്കൂള്‍ ജംഗ്ഷന്-ശാസ്താ ക്ഷേത്രം, പൂജപ്പുര വാണിയത്തു ലെയ്ന്‍, അംബുജവിലാസം റോഡ്-മാതൃഭൂമി റോഡ്, സ്റ്റാച്യൂ-അംബുജവിലാസം റോഡ് എന്നിങ്ങനെ തകര്‍ന്നു കിടക്കുന്ന റോഡുകളുടെ എണ്ണമെടുത്താല്‍ ഒത്തിരിയുണ്ട്. എല്ലാം ശരിയാക്കുമെന്നു പറഞ്ഞവര്‍ ഈ റോഡുകളെല്ലാം എന്നെങ്കിലും ശരിയാക്കുമായിരിക്കും.
സുനില്‍ തളിയല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: