Categories: India

രാഹുലിന്റെ ജാതി സെന്‍സസ് ജനം ചവറ്റുകുട്ടിയില്‍ എറിഞ്ഞു: അനില്‍ ആന്റണി

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മുന്നോട്ടുവച്ച ജാതി സെന്‍സസ് ജനം ചവറ്റുകുട്ടയില്‍ എറിഞ്ഞെന്ന് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി. നരേന്ദ്ര മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പിലൂടെ പ്രകടമായി. 2024ലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നും അനില്‍ ആന്റണി ജന്മഭൂമിയോട് പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു മിസോറാമിന്റെ തെരഞ്ഞെടുപ്പ് കോ-ഇന്‍ചാര്‍ജ് കൂടിയായിരുന്ന അനില്‍ ആന്റണി.
ബിജെപി വികസനം പറഞ്ഞു വോട്ടു തേടിയപ്പോള്‍ രാഹുല്‍ ജാതി സെന്‍സസ് ഏറ്റവും വലിയ രാഷ്‌ട്രീയ അജണ്ടയാക്കുകയായിരുന്നു. മിസോറാമിലും ബിജെപിക്ക് നേട്ടമാണ് ഉണ്ടായത്. സംസ്ഥാനത്ത് ഒരു സീറ്റില്‍ ഒതുങ്ങിയതോടെ, കോണ്‍ഗ്രസ് മുക്ത നോര്‍ത്ത് ഈസ്റ്റ് യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ മുന്നേറ്റത്തെ എങ്ങനെ വിലയിരുത്തുന്നു ?

= 2018ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടായി. മൂന്നു സംസ്ഥാനങ്ങളില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. തെലങ്കാനയിലും ഏറ്റവും മികച്ച പ്രകടനമാണ് ബിജെപി നടത്തിയത്. കഴിഞ്ഞ തവണ ഏഴു ശതമാനം വോട്ടും ഒരു സീറ്റും ലഭിച്ചപ്പോള്‍, ഇത്തവണ അത് 15 ശതമാനം വോട്ടും എട്ടു സീറ്റുമായി. മിസോറാമിലും ഇതു തന്നെയാണ് അവസ്ഥ. കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്നത് ഇത്തവണ രണ്ടു സീറ്റായി. ദീര്‍ഘകാലം മിസോറാം ഭരിച്ച കോണ്‍ഗ്രസ് നാലാം സ്ഥാനത്തായി. വെറും ഒരു സീറ്റുമായി ഏറ്റവും ചെറിയ കക്ഷിയായ അവര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇല്ലാതായി.

മണിപ്പൂരിനെകുറിച്ച് നടത്തിയ കുപ്രചാരണം ?

= രാഹുലും പ്രിയങ്ക വാദ്രയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മിസോറാമില്‍ പോയി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തി. മിസോറാമിനോടു ചേര്‍ന്നുള്ള മണിപ്പൂരിനെക്കുറിച്ച് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വലിയ കുപ്രചാരണമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തിയത്. അവിടെ രണ്ടു വിഭാഗക്കാര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെ വര്‍ഗീയവല്‍ക്കരിച്ചു വോട്ടാക്കാനാണ് ശ്രമിച്ചത്. ഒരു വിഭാഗം മാധ്യമങ്ങളും ഇതിന് കൂട്ടുനിന്നു. പക്ഷേ ഈ തെരഞ്ഞെടുപ്പോടെ ഇത്തരം കുപ്രചാരണങ്ങളും ജനം തള്ളിക്കളഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കോണ്‍ഗ്രസിനെ കൈവിട്ടോ ?

= വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമൊപ്പമാണ്. പ്രതിപക്ഷത്തിന്റെ ഇന്‍ഡി സഖ്യത്തെ നോര്‍ത്ത് ഈസ്റ്റിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഇന്ന് മിസോറാമിലും ഏറ്റവും വലിയ ദേശീയ കക്ഷി ബിജെപിയാണ്. മുമ്പ് ഒരിടത്തു പോലും ഭരണത്തിലില്ലാതിരുന്ന ബിജെപി, ഇപ്പോള്‍ എട്ടില്‍ ഏഴു സംസ്ഥാനങ്ങളിലും ഭരണത്തിലുണ്ട്. ഇതില്‍ നാലിടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. മൂന്നിടത്ത് ഭരിക്കുന്ന മുന്നണിയുടെ ഭാഗമാണ്. മിസോറാമില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ദേശീയ പാര്‍ട്ടിയും ബിജെപിയാണ്.

 

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക