ന്യൂദല്‍ഹി: ഭാരത നാവികസേനയുടെ യുദ്ധക്കപ്പലില്‍ ആദ്യത്തെ വനിത കമാന്‍ഡിങ് ഓഫീസറായി പ്രേര്‍ണ ദിയോസ്തലി നിയമിതയായി. നാവികസേനയുടെ പടിഞ്ഞാറന്‍ വ്യൂഹത്തിന്റെ കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ സി.ആര്. പ്രവീണ്‍ നായര്‍ പ്രേര്‍ണയ്ക്ക് നിയമനക്കത്ത് കൈമാറി.
യുദ്ധക്കപ്പലില്‍ ആദ്യമായി വനിതാ കമാന്‍ഡിങ് ഓഫിസറെ നിയമിക്കുന്നുവെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്. ഹരികുമാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഓഫീസറുടെ പേരുവിവരങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞദിവസം നാവികസേനയുടെ പടിഞ്ഞാറന്‍ വ്യൂഹം എക്സിലൂടെയാണ് വനിതാ കമാന്‍ഡിങ് ഓഫീസറുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്.
യുദ്ധക്കപ്പലായ ഫസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (എഫ്എസി) ഐഎന്‍എസ് ത്രികാന്തിലാണ് ആദ്യ വനിത കമാന്‍ഡറായി പ്രേര്‍ണ ചുമതലയേല്‍ക്കുക. നിലവില്‍ ഐഎന്‍എസ് ചെന്നൈയിലെ ഫസ്റ്റ് ലഫ്റ്റനന്റ് ആണ്. സമുദ്രനിരീക്ഷണ വിമാനമായ ടിയു-142 ലെ ആദ്യ വനിതാ നിരീക്ഷകയുമാണ്. പട്രോളിങ് വിമാനമായ പി8ഐ വിമാനത്തിലും പ്രേര്ണയെ നിയോഗിച്ചിരുന്നു. ഐഎന്‍എസ് ത്രികാന്തില്‍ ചുമതലയേല്‍ക്കും മുമ്പ് പ്രേര്‍ണയ്ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.
2009ല്‍ നാവികസേനയുടെ ഭാഗമായ പ്രേര്‍ണ ദിയോസ്തലി മുംബൈ സ്വദേശിയാണ്. ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റ് സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. നാവികസേനയിലെ തന്നെ ഉദ്യോഗസ്ഥനെ വിവാഹം ചെയ്ത പ്രേര്‍ണയ്ക്ക് മൂന്ന് വയസുള്ള മകളുമുണ്ട്. പ്രേര്ണയുടെ സഹോദരനും നാവികസേനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: