ശബരിമല: നൂറാം വയസില്‍ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ തന്റെ മൂന്നു തലമുറയില്‍പ്പെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. കൊച്ചുമകന് ഗിരീഷ് കുമാര്‍, കൊച്ചുമകന്റെ മക്കളായ അമൃതേഷ്, അന്വിത, അവന്തിക എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തിയത്.
അമ്മൂമ്മ എന്തേ ഇത്രനാളും ശബരിമലയില്‍ പോകാന്‍ വൈകിയത് എന്ന അവന്തികയുടെ ചോദ്യത്തിന് അമ്മയുടെ ഉത്തരം പെട്ടെന്നെത്തി. നേരത്തേ പോകണം എന്നുണ്ടായിരുന്നു. പക്ഷേ, അതു സാധിച്ചില്ല. ഇനി നൂറു വയസിലേ ശബരിമലയിലേക്ക് പോകുന്നുള്ളൂ എന്നു തീരുമാനിച്ചു. അങ്ങനെ ഇപ്പോള്‍ ശബരിമലയിലെത്തി. പൊന്നുംപടിയും പൊന്നമ്പലവും കണ്ടു. മനസു നിറഞ്ഞു. ഒന്നു മിണ്ടണം. അത്രയേ വേണ്ടു. ഞാന്‍ എന്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു. അതിന് ഞാന്‍ വരും വഴി ഒരുപാടു പേര് സഹായിച്ചു. അവരേയും ഭഗവാന് രക്ഷിക്കും എന്നു പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
പാറുക്കുട്ടിയമ്മയുടെ മകളായ ഭാനുമതിയുടെ മകന് ഗിരീഷ് കുമാറിന്റെ ഭാര്യ രാഖി ജോലി ചെയ്യുന്നത് ഇസ്രായേലിലാണ്. അതിനാല്‍ പലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അയ്യപ്പനോടു പ്രാര്‍ഥിച്ചുവെന്നും പാറുക്കുട്ടിയമ്മ പറഞ്ഞു. 1923-ല്‍ ജനിച്ചെങ്കിലും മലചവിട്ടാനുള്ള പാറുക്കുട്ടിയമ്മയുടെ ആഗ്രഹം സഫലമാകുന്നത് നൂറാം വര്‍ഷത്തിലാണ്.
മൂന്നാനക്കുഴിയില്‍ നിന്നും ഡിസംബര്‍ രണ്ടിനു തിരിച്ച 14 അംഗ സംഘത്തിനൊപ്പമാണ് പാറുക്കുട്ടിയമ്മ പമ്പയിലെത്തിയത്. മൂന്നിനു പമ്പയിലെത്തിയ സംഘം വിശ്രമ ശേഷം നാലിനു രാവിലെയാണ് സന്നിധാനത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: