ഐസ്വാള്‍: മിസോറമില്‍ 2013ല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചത് മൃഗീയ ഭൂരിപക്ഷത്തോടെയായിരുന്നു. ആകെയുള്ള 40 സീറ്റില്‍ 34 ഉം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചവര്‍ ജയിച്ചുകയറി. കഴിഞ്ഞ തവണ മിസോ നാഷനല്‍ ഫ്രണ്ട് അധികാരം തിരിച്ചു പിടിച്ചെങ്കിലും കോണ്‍ഗ്രസിന് 4 എംഎല്‍എമാരെ കിട്ടി. എന്നാല്‍ ഇത്തവണ തകര്‍ന്നടിഞ്ഞു. മുഴുവന്‍ സീറ്റുകളിലും മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്.
പ്രാദേശിക പാര്‍ട്ടികളായ പീപ്പിള്‍സ് കോണ്‍ഫറന്‍സും സോറം നാഷനലിസ്റ്റ് മൂവ്‌മെന്റും കോണ്‍ഗ്രസുമായി കൈ കോര്‍ത്തെങ്കിലും ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് കനത്തപരാജയത്തിന്റെ കയ്പറിഞ്ഞു . കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം സംസ്ഥാന പ്രസിഡന്റ് ലാല്‍സോവ്തയുടെ പ്രതികരണം. ഐസോള്‍ മണ്ഡലത്തില്‍ ലാല്‍സോവ്ത പരാജയപ്പെട്ടു.
എന്നാല്‍ ബിജെപി നില മെച്ചപ്പെടുത്തി. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് കഴിഞ്ഞ തവണ ആണ് ആദ്യമായി ബിജെപിക്ക് ഒരു എംഎല്‍എയെ കിട്ടിയത്. ഇത്തവണ 2 മണ്ഡലങ്ങളിലാണ് ബിജെപി ജയിച്ചത്. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സിയാഹ ജില്ല ഭാരതീയ ജനതാ പാര്‍ട്ടി തൂത്തുവാരി. ജില്ലയിലെ സിയാഹ, പാലക് മണ്ഡലങ്ങളില്‍ താമര ജയിച്ചു. മിസോറാമില്‍ ബിജെപിയുടെ എക്കാലത്തെയും മികച്ച പ്രകടനമാണിത്.
27 സീറ്റുമായി ഭരണത്തിലിരുന്ന മിസോ നാഷണല്‍ ഫ്രണ്ടിനും തിരിച്ചടിയാണ് ഉണ്ടായത്. 10 സീറ്റില്‍ മാത്രമാണ് മുന്നില്‍. മുഖ്യമന്ത്രി സോറം തങ്കയും തോറ്റു. സോറം പീപ്പിള്‍സ് മൂവ്‌മെന്റും (സെഡ്പിഎം) 25 സീറ്റിലധികം നേടി അധികാരത്തിലെത്തുമെന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: