ന്യൂദൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ രോഷം കൊള്ളാതെ പോസിറ്റീവായി മുന്നേറുകയും തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും ചെയ്താൽ ജനങ്ങൾക്ക് നിങ്ങളോടുള്ള കാഴ്ചപ്പാട് മാറുമെന്ന് പ്രതിപക്ഷത്തെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിഷേധാത്മക നിലപാടുകൾ അവസാനിപ്പിച്ച് പാർലമെൻ്റിൽ ക്രിയാത്മകമായ ചർച്ചകളോട് സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ശീതകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന് പുറത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. നിഷേധാത്മകതയെ രാജ്യം നിരസിച്ചിരിക്കുകയാണ്. മികച്ച ഭരണം കാഴ്ചവയ്‌ക്കാനായാൽ, പൊതുജനങ്ങളുടെ സേവനത്തിനായി കർമ്മനിരതരായാൽ, ഭരണവിരുദ്ധവികാരമെന്ന വാക്ക് അവിടെ അപ്രസക്തമാണ്. നാല് സംസ്ഥാനങ്ങളിലെ ഫലമാണ് ഇന്നലെ വന്നത്. രാജ്യത്തെ സാധാരണക്കാരുടെ ക്ഷേമത്തിനും രാജ്യത്തിന്റെ ശോഭനമായ ഭാവിക്കും വേണ്ടി പ്രതിജ്ഞാബദ്ധരായവർക്ക് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രോത്സാഹജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പ്രതിപക്ഷത്തിരിക്കുന്ന ഞങ്ങളുടെ സഹപ്രവർത്തകർക്ക് ഇതൊരു സുവർണാവസരമാണ്. ഈ സെഷനിൽ നിങ്ങളുടെ തോൽവിയുടെ രോഷം പുറത്തെടുക്കുന്നതിന് പകരം, കഴിഞ്ഞ 9 വർഷത്തെ നിഷേധാത്മക പ്രവണത ഉപേക്ഷിച്ച് പോസിറ്റീവായി മുന്നേറുകയും തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും ചെയ്താൽ, രാജ്യം അവരുടെ കാഴ്ചപ്പാട് മാറ്റും”, പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രബലമായ തിരഞ്ഞെടുപ്പ് പ്രകടനത്തിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ മൂന്ന് ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിൽ ഭാരതീയ ജനതാ പാർട്ടി തൂത്തുവാരിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: