കൊല്ലം: അച്ചൻകോവിൽ വനത്തിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി കാണാതായ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി. പുലർച്ചെയോടെ ഇവരെ സുരക്ഷിതസ്ഥാനത്തേയ്‌ക്ക് മാറ്റി. 30 വിദ്യാർഥികളും 3 അധ്യാപകരുമാണ് വനത്തിനുള്ളിൽ കുടുങ്ങിയത്. ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും പുറത്തെത്തിക്കാൻ പത്ത് മണിക്കൂറോളം സമയമെടുത്തു.
ക്ലാപ്പന ഷണ്മുഖ വിലാസം ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികളും അധ്യാപകരുമാണ് കുടുങ്ങിയത്. മൂന്നു ദിവസത്തെ അഡ്വഞ്ചർ ട്രിപ്പിനും ക്യാമ്പിങ്ങിനും വേണ്ടിയാണ് ഇവർ വനത്തിൽ എത്തിയത്. പകൽ 11 മണിയോടെയായിരുന്നു ഇവർ കാട്ടിനുള്ളിലേക്ക് കയറിയത്. എന്നാൽ ശക്തമായ മഴയെ തുടർന്ന് ഇവർക്ക് തിരിച്ചിറങ്ങാൻ കഴിഞ്ഞില്ല. ഇതോടെ വനത്തിൽതന്നെ കുടുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
വനംവകുപ്പിന്റെ ഔദ്യോഗിക അനുമതി ഇവർക്ക് ലഭിച്ചിരുന്നില്ല. ഉച്ചയോടുകൂടിയാണ് രണ്ടു ഗൈഡുമാരോടൊപ്പം ഉൾവനത്തിലേക്ക് പോയത്. ട്രക്കിങ്ങിനിടെ വഴി തെറ്റുകയായിരുന്നു. ഉൾവനത്തിൽ നാലു കിലോമീറ്ററിനുള്ളിൽവെച്ചാണ് ഇവരെ കണ്ടെത്തിയത്. കുട്ടികൾ അവശരായ നിലയിലാണ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും റെയ്ഞ്ച് ഇല്ലാത്തതിനാൽ മറ്റാരുമായി ബന്ധപ്പെടാൻ സാധിച്ചില്ല. പുറത്തേക്കെത്താൻ വിദ്യാർത്ഥികൾ ശ്രമം നടത്തിയിരുന്നെങ്കിലും വഴിയിൽ ആനയെ കണ്ടതിനാൽ ഭയപ്പെട്ട് ഒരു പാറ പുറത്ത് അഭയം തേടുകയായിരുന്നു.
രാത്രി മുഴുവൻ ശക്തമായ മഴ തുടർന്നിരുന്നു. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് എല്ലാവരെയും വനത്തിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചത്. ആർക്കും തന്നെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: