ചെന്നൈ: കനത്ത വെള്ളക്കെട്ടിൽ ചെന്നൈ ദുരിതത്തിൽ. ചെന്നൈയിലെ വിമാനത്താവളം അടച്ചു, വന്ദേഭാരത് അടക്കമുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ചുഴലിക്കാട് തീവ്രചുഴലിക്കാറ്റാകുമെന്നും റിപ്പോർട്ടുണ്ട്. താംബരം മേഖലയിൽ കുടുങ്ങിപ്പോയ 15ഓളം പേരെ ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘം രക്ഷപ്പെടുത്തി.
ചെന്നൈ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. മേഖലയിൽ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. 2015ലാണ് ഇതിനു മുമ്പ് ഇത്തരത്തിലൊരു വെള്ളപ്പൊക്കം എത്തിയത്. താംബരം മേഖലയിലെ പീർക്കൻകരനൈ, പെരുങ്ങലത്തൂർ പ്രദേശങ്ങൾക്ക് സമീപത്താണ് രക്ഷാപ്രവർത്തനം നടന്നത്. മൈചോങ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് എടുക്കുമെന്ന കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഞായറാഴ്ച നേരത്തെ 100-ലധികം അംഗങ്ങളുള്ള സംസ്ഥാന ദുരന്തനിവാരണ സംഘം കാഞ്ചീപുരം ജില്ലയിൽ എത്തിയിരുന്നു.
ബംഗാൾ ഉൾക്കടലിൽ കാലാവസ്ഥാ പ്രവചന വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന്, ചെന്നൈ, കടലൂർ, എന്നൂർ തുറമുഖങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ചയോടു കൂടി മഴയുടെ തീവ്രത വർദ്ധിച്ച് മിക്ക സ്ഥലങ്ങളിലും ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് അനുഭവപ്പെടുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായതോ അതി ശക്തമായതോ ആയ മഴയോട് കൂടി, തമിഴ്‌നാടിന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് മഴ പ്രതീക്ഷിക്കപ്പെടുന്നുണ്ട്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഡിസംബർ നാലിന് വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾ കടക്കാൻ സാധ്യതയുണ്ട്. ഡിസംബർ 5 ന് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: