ഉപനിഷത്തുകളുടെ തര്‍ജ്ജമക്ക് ബഹുഭാഷാ പാണ്ഡിത്യം മാത്രം പോര. തികഞ്ഞ തത്ത്വജ്ഞാന ദൃഷ്ടിയും കാവ്യരൂപത്തിലാണ് തര്‍ജ്ജമയെങ്കില്‍ കവിത്വവും വേണ്ടിവരുന്നു. ഇവയുടെയെല്ലാം നിദര്‍ശനമാണ് ഗിരിജാ രാമന് നായര്‍ കാവ്യരൂപത്തില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കഠോപനിഷത്ത്. ‘കഠോപനിഷത്ത്: ഒരു വിദൂര വിവര്‍ത്തനം’ എന്ന പേരിലുള്ള ഈ പുസ്തകം ആത്മീയ സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണ്.
നൂറിലധികം മന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, കൃഷ്ണ യജുര്‍വേദത്തിലെ ‘കഠ’ ശഖയില്‍പ്പെടുന്നതുമായ ഈ ഉപനിഷത് യമധര്‍മ്മനെ ഗുരുവായും നചികേതസ്സെന്ന കുമാരനെ ശിഷ്യനായും ചിത്രീകരിച്ചിരിക്കുന്നു. ഇതില്‍ മരണദേവനെക്കൊണ്ടു തന്നെ അമരത്വ രഹസ്യം പറയിപ്പിക്കുന്നുവെന്ന സവിശേഷതയുമുണ്ട്. അതായത് ഐഹിക ലോകം ഉള്‍ക്കൊണ്ടിട്ടുള്ള അനശ്വരസത്യം വിവേചിച്ചറിഞ്ഞാല്‍ സംസാരത്തെ തോല്‍പ്പിക്കാനാവും എന്ന ഉദ്ബോധനം നല്‍കുന്നതാണ് ഈ ഉപനിഷത്ത്.
‘ത്രയീവിദ്യ’യാകുന്ന വേദത്തിലെ കര്‍മം, ഉപാസന, ജ്ഞാനം എന്നിങ്ങനെയുള്ള മൂന്നു മാര്‍ഗ്ഗങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് കഠോപനിഷത്ത്. എല്ലാ ഉപനിഷത്തുകളിലും അദൈ്വതം മാത്രം ദര്‍ശിക്കുകയും, അതനുസരിച്ച് എല്ലാ മന്ത്രങ്ങളെയും അവതരിപ്പിക്കുകയും ചെയ്യുന്ന വ്യാഖ്യാതക്കളുണ്ട്. എന്നാല്‍ കഠോപനിഷത്ത്, ഈശാവാസ്യോപനിഷത്ത് തുടങ്ങിയവയില്‍ ദൈ്വതത്തെ അവഗണിക്കുകയെന്നത് ദുഷ്കരമാണ്. ഇവിടെ വിവര്‍ത്തകയും അതിനു തുനിഞ്ഞിട്ടില്ല. അതിനാല്‍ ഈ പരിഭാഷ മൂലഗ്രന്ഥസാരത്തോടു തികച്ചും നീതി പുലര്‍ത്തുന്നുണ്ട്.
ഈ ഗ്രന്ഥം ഒരു വിദൂര വിവര്‍ത്തനമാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം മൂലഗ്രന്ഥത്തിന്റെ സാരം ഒട്ടുംതന്നെ ചോര്‍ന്നുപോകാതെയുള്ള വിവര്‍ത്തനമാണിത്. പദാനുപദ വിവര്‍ത്തനവും വാക്യാനുവാക്യ വിവര്‍ത്തനവുമൊക്കെ സാരം വ്യക്തമാക്കുന്നതില്‍ പരാജയപ്പെടുന്നുവെങ്കില്‍ അവ പ്രയോജനരഹിതമാകുമല്ലോ. അതിനാല്‍ സാരം മുഴുവന്‍ അതേപടി സൂക്ഷിക്കുന്ന ഈ ഗ്രന്ഥത്തെ വിദൂര വിവര്‍ത്തനമെന്ന് വിളിക്കാവുന്നതല്ല. എന്നാല്‍ ഈ ഗ്രന്ഥം പദാനുപദ വിവര്‍ത്തനമോ വാക്യാനുവാക്യ വിവര്‍ത്തനമോ അല്ല. സാരം വ്യക്തമാക്കുന്നതിനായി നിര്‍ദ്ദിഷ്ട മന്ത്രസാരത്തെ കുറെക്കൂടി വികസിപ്പിക്കുന്ന ‘സുസ്സ്വാതന്ത്ര്യം’ (ഉത്തരാധുനികരുടെ അപനിര്‍മാണമാകുന്ന ദുസ്സ്വാതന്ത്ര്യത്തില്‍നിന്നു വ്യതിരിക്തമായി) കൈക്കൊള്ളുന്ന പരിഭാഷയാണെന്നതിനാല്‍ വിദൂര വിവര്‍ത്തനം എന്നും പറയാവുന്നതാണ്. ഉദാഹരണത്തിന് മൂന്നാമത്തെ വല്ലിയില്‍ ഗ്രന്ഥകാരി അധികമായിച്ചേര്‍ത്തിട്ടുള്ള വരികള്‍ ശ്രദ്ധിക്കാം:
”അബലകളല്ല കരുത്തരിതെന്നു നാരീ-
ജനമതു ബാലിക പെണ്‍കൊടി കേട്ടിടട്ടെ.
പെരുമകള്‍ നന്മചൊരിഞ്ഞൊരാത്മതത്ത്വ-
പ്പൊരുളിതു സന്തതിയേറ്റു ചൊല്ലിടട്ടെ.
ദൃഢതരപേശി ശരീരബലത്തിലൂക്കില്‍-
മികവതു ധൈര്യ മനോബല ശൗര്യമേറും-
പുരുഷനു കേള്‍ക്കുകിലുത്തമ പുരുഷത്വം
കരഗതമാത്മ വിചിന്തന സൗഭഗത്താല്‍.”
ഇവിടെ വിവര്‍ത്തക ഉത്തരാധുനികരുടെ വിമര്‍ശാത്മക അപനിര്‍മാണ ശൈലി വെടിഞ്ഞുകൊണ്ട് പുനര്‍വായനയുടെ കാലാനുസൃത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട തുഞ്ചത്തെഴുത്തച്ഛന്റെ ശൈലിയാണ് അനുവര്‍ത്തിച്ചിട്ടുള്ളത്.
അത്യന്തം ഗുരുത്വമുള്ള ഉപനിഷദ് സൂക്തങ്ങളെ അനായാസമായി, സരളമായി അവതരിപ്പിക്കുക വഴി ജ്ഞാനാഗ്നിയെ ഉജ്ജ്വലിപ്പിക്കുന്നതോടൊപ്പം തന്നെ ശീതള ചന്ദ്രികയുടെ സ്വസ്ഥിയും അനുഭവവേദ്യമാക്കുന്ന ഈ വിവര്‍ത്തനം വായിക്കുന്ന ഏതൊരാളിനും എഴുത്തച്ഛന്റെ രാമായണം, ചിന്താരത്നം തുടങ്ങിയ കൃതികള്‍ സ്മരണയില്‍ ഓടിയെത്താതിരിക്കില്ല.
സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദം നേടുകയും ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് ലിമിറ്റഡില്‍നിന്നും വിരമിച്ച ഉദ്യോഗസ്ഥയുമായ ഗ്രന്ഥകാരി സാര്‍ത്ഥകമായ ഒരു ആത്മീയ കൃത്യമാണ് നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: