ജയ്പൂര്‍ : രാജസ്ഥാനിലെ വിദ്യാധര്‍ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയും രാജ്സമന്ദ് എംപിയുമായ ദിയാ കുമാരിയാണ്. ജയ്പൂര്‍ രാജകുമാരിയാണ് ദിയാ കുമാരി. കോണ്‍ഗ്രസിന്റെ സീതാറാം അഗര്‍വാളിനെതിരെ 71,368 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയുടെ മികച്ച പ്രകടനത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണെന്ന് വിജയത്തിന് ശേഷം ദിയാ കുമാരി പ്രതികരിച്ചു. മോദി മാന്ത്രികത എല്ലായിടത്തും പ്രവര്‍ത്തിച്ചെന്ന് അവര്‍ പറഞ്ഞു.
‘ഈ വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി മോദി, അമിത് ഷാ ജി, ജെപി നദ്ദ ജി, സംസ്ഥാന നേതാക്കള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ്. മോദിജിയുടെ മാന്ത്രികത രാജസ്ഥാനിലും എംപിയിലും ഛത്തീസ്ഗഡിലും പ്രവര്‍ത്തിച്ചു -ദിയാകുമാരി പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്ല ഭരണം ഉറപ്പാക്കുമെന്ന് ദിയാകുമാരി പറഞ്ഞു. വികസനവും ക്രമസമാധാനവും ഉണ്ടാകും. മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം തീരുമാനിക്കുമെന്നും ദിയാകുമാരി പറഞ്ഞു.
ജയ്പൂര്‍ നാട്ടുരാജ്യത്തിലെ അവസാന ഭരണാധികാരി മഹാരാജാ മാന്‍ സിംഗ് രണ്ടാമന്റെ ചെറുമകളാണ് ദിയാ കുമാരി. 2013 ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2013 ല്‍ സവായ് മധോപൂരില്‍ നിന്ന് കിരോഡി ലാല്‍ മീണയെ പരാജയപ്പെടുത്തി രാജസ്ഥാന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്സമന്ദ് മണ്ഡലത്തില്‍ നിന്ന് 5.51 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് പാര്‍ലമെന്റിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: