വിശ്വാസത്തിന് നിഘണ്ടുവിലെ അര്‍ത്ഥം, ”ഈശ്വരന്, പ്രകൃതി, വ്യക്തി, സമൂഹം തുടങ്ങിയവയെക്കുറിച്ചുള്ള ഉറപ്പായ ധാരണ” എന്നാണ്. ‘തുടങ്ങിയവ’ എന്നത് നിര്‍വചനത്തിന്റെ അര്‍ത്ഥ വ്യാപ്തി വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയാണ് കാണിക്കുന്നത്. അതായത് പ്രസ്ഥാനം, സ്ഥാപനം, രാജ്യം, സര്‍ക്കാര്‍ എല്ലാം ‘തുടങ്ങിയവ’യില്‍ വരാം. ‘വിശ്വാസ’ത്തിന് മുമ്പ് ആ വാക്കിനോട് ചേര്‍ക്കുന്ന വിശേഷണങ്ങളാണ് അതിനെ പവിത്രവും ചിലപ്പോള്‍ പരമാബദ്ധവുമൊക്കെ ആക്കുന്നത്. അപ്പോള്‍ ‘അന്ധ’ വിശ്വാസം അപകടവും ‘ആത്മ’വിശ്വാസവും ‘ദൃഢ’വിശ്വാസവുമൊക്കെ അനുഗുണവുമാകും.
ഉത്തരകാശിയിലെ സില്‍ക്കാര്യ ദണ്ഡല്‍ഗാവ് തുരങ്കത്തില്‍ നിര്‍മാണ ജോലിക്കിടെ തുരങ്കം ഇടിഞ്ഞതിനെ തുടര്‍ന്ന് 17 ദിവസം അതില്‍ കുടുങ്ങിപ്പോയി, അതിശയകരമായി പുറത്തുവന്ന 41 തൊഴിലാളികള്‍ക്കും കൊല്ലം ഓയൂരിലെ വീട്ടുനുമുന്നിലുള്ള പൊതുനിരത്തില്‍ കാണാതായി, ആശ്രാമം മൈതാനത്തെ തുറസ്സില്‍ കണ്ടുകിട്ടിയ അബിഗേല്‍ സാറാ റെജിക്കും രാജ്യത്തിനാകെയും ഉണ്ടായിരുന്നത് വിശ്വാസമാണ്. 42 പേരും സുരക്ഷിതരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നത് ആശ്വാസമാണ്. എന്നാല്‍ വിശ്വാസത്തിനുണ്ടായ വിശേഷണങ്ങളുടെ കാര്യത്തില്‍ രണ്ടു സംഭവങ്ങളിലും ചില വ്യത്യാസമുണ്ട്. അത് തുരങ്കത്തിലും തുറസ്സിലും രണ്ടുതരത്തിലായിരുന്നു.
തുരങ്കത്തില്‍ അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാവുമോ എന്ന് ഉത്കണ്ഠപ്പെടാത്തവരില്ല. അവരെ തുരങ്കത്തില്‍നിന്ന് രക്ഷിക്കാന്‍ ‘റാറ്റ് ഹോള്‍ മൈനേഴ്സ്’ എന്നറിയപ്പെടുന്ന, എലിയെപ്പോലെ തുരക്കാന്‍ കഴിവുള്ള വിദഗ്ദ്ധര്‍, സൈന്യം, ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ പരിശീലനം സിദ്ധിച്ചവര്‍ കൂടാതെ ജനീവ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ടണലിങ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷന് തലവന്‍ ഡോ.ആര്‍നോള്‍ഡ് ഡിക്സ് എന്നിവരുമുണ്ടായിരുന്നു. ദീപാവലി ദിവസം ഇരുളിലേക്ക് വീണുപോയ 42 തൊഴിലാളികളുടെ ജീവിതത്തില്‍ 17 ദിവസം കഴിഞ്ഞപ്പോള്‍ കത്തിയ വെളിച്ചം ശരിക്കും ‘തുരങ്കത്തിനൊടുവില്‍ കണ്ട വെളിച്ചം’ തന്നെയായിരുന്നുവല്ലോ.
തുരങ്കത്തിലെ പ്രകാശം പ്രതീക്ഷയുടെ പൂര്‍ത്തിയാണ്. ‘തുരങ്കത്തില്‍ തുരങ്കം തുരന്ന’ സില്‍ക്കാര്യ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം മറ്റൊരു ഇതിഹാസമാണ്. ‘മലതുരക്കല്‍’ എന്ന പേരില്‍ ഒരു കവിതയുണ്ട്, വൈലോപ്പിള്ളി ശ്രീധരമേനോന്റേതായി. അച്ഛനും മകനും ഇരുവശത്തായി വലിയ മലതുരക്കുകയാണ്. ഒടുവില്‍ ഇരുവശത്തുള്ളവരും തമ്മില്‍ മുട്ടാറായി, ആയുധവും കല്ലും കൂട്ടിമുട്ടുന്ന ശബ്ദം ഇപ്പുറം കേട്ട മകന് ഉറക്കെ വിളിച്ചു ചോദിച്ചു-”അപ്പനെന്നൊച്ചയങ്ങ് കേള്‍ക്കാമോ?…..” മറുഭാഗത്ത് അച്ഛന്റെ ശബ്ദം പ്രതിധ്വനിച്ചു, ”അപ്പനേ, എനിക്കസ്സലായ് കേള്‍ക്കാം.” എത്ര വൈകാരികയായിരുന്നിരിക്കണം ആ മുഹൂര്‍ത്തം!
സില്ക്കാര്യയിലെ തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയ റാറ്റ് ഹോള്‍ മൈനേഴ്സിലെ പന്ത്രണ്ടുപേരിലൊരാളായ ദേവേന്ദര്‍ അനുഭവിച്ചതും അതേ ആനന്ദമായിരിക്കണം. ചെറുതുരങ്കത്തിന്റെ അവസാന അടരും പൊളിച്ച് തൊഴിലാളികള്‍ക്കിടയിലേക്ക് ചാടിയ ദേവേന്ദര്‍ ആ അനുഭവം പറഞ്ഞു: ”…അവര്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവര്‍ എനിക്കു കശുവണ്ടിയും ബദാമും തന്നു. എന്റെ രാജ്യത്തിനുവേണ്ടി ഞാനൊരു യുദ്ധം ജയിച്ചതായി എനിക്ക് അനുഭവപ്പെട്ടു.” ഏറെക്കുറേ രാജ്യത്തിനാകെ ആ മനോനിലയായിരുന്നു. രക്ഷാ പ്രവര്‍ത്തനം നടക്കവേ, ഡോ.ആര്‍നോള്‍ഡ് ഡിക്സ് പറഞ്ഞത് ക്രിസ്മസിനു മുമ്പ് തൊഴിലാളികളെ പുറത്തെത്തിക്കുമെന്നായിരുന്നു. ഡിക്സിന് ഈ രംഗത്തുള്ള പ്രവര്‍ത്തന വൈദഗ്ദ്ധ്യം അറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം നിയോഗിച്ചതാണ് ഭൗമശാസ്ത്രജ്ഞനും എഞ്ചിനീയറും നിയമജ്ഞനുമായ ഡിക്സിനെ.
”ഈ സര്‍ക്കാര്‍ ഞങ്ങളെ എങ്ങനെയും രക്ഷിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു”വെന്നാണ് രക്ഷപ്പെട്ടു തുരങ്കത്തിനു പുറത്തുവന്ന തൊഴിലാളികള്‍ പറഞ്ഞത്. അതിനവര്‍ നിരത്തിയത് ഈ സര്‍ക്കാരിന്റെ മുന്‍കാല ചരിത്രമായിരുന്നു. ഉക്രൈനിലും യെമനിലും യുദ്ധഭൂമിയില്‍നിന്ന് സ്വന്തം ജനതയെമാത്രമല്ല സഹായം അഭ്യര്‍ത്ഥിച്ചവരെ മുഴുവന്‍ പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുത്തിയ ചരിത്രമുള്ള സര്‍ക്കാരിനെ അവര്‍ക്ക് അത്ര വിശ്വാസമായിരുന്നു. അതവര്‍ക്ക് ആശ്വാസമായിരുന്നു. ചെറിയതല്ല ആ വിശ്വാസം. രാജ്യത്തോട്, ഭരണാധികാരികളോട്, സംവിധാനത്തോട്, സ്ഥാപനങ്ങളോട്, സംഘടനകളോട് ഉണ്ടാകുന്ന ആ വിശ്വാസമാണ് ഏത് സാഹചര്യത്തിലും ജീവിക്കാന്‍ സഹായിക്കുന്ന ‘ആത്മ’വിശ്വാസമായി മാറുന്നത്. അതില്ലാതാകുമ്പോഴാണ്, സ്വയം അപകടപ്പെട്ട് ‘ആത്മ’ഹത്യയിലേക്ക് മാറുന്നത്.
‘തുരങ്ക’ത്തിലെ ആ ‘ആത്മ’വിശ്വാസം ‘തുറസ്സില്‍’ ഇല്ലാതെ പോയതുകൊണ്ടാണ് കൊല്ലത്തെ ഓയൂരില്‍ കാണാതായ അബിഗേല്‍ സാറാ റെജിയുടെ കാര്യത്തില്‍ കേരളം അത്ര ഉത്കണ്ഠപ്പെട്ടത്. അഞ്ചാം ദിവസമാണ്, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുമ്പും തലയും കിട്ടിയത്. 20 മണിക്കൂറിനു ശേഷം കുട്ടിയെ കണ്ടെത്താനായെങ്കിലും അത് പോലീസ് ഇടപെട്ട് രക്ഷപ്പെടുത്തിയതല്ല. കുട്ടിയെ കൊണ്ടുപോയി എന്ന് കരുതപ്പെടുന്ന വാഹനം കൃത്യമായി ഏതെന്ന് പറയാന്‍ പോലീസിനായില്ല. എങ്ങനെ കുട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ തുറസ്സില്‍ എത്തിയെന്നവര്ക്കറിയില്ല. ആദ്യന്തം ദുരൂഹതയും സുതാര്യത ഇല്ലാത്തതുമായ അന്വേഷണ നടപടികള്‍. സര്‍ക്കാരിന്റെ ഉറപ്പുകളില്‍ വിശ്വാസമില്ലായ്മ കുട്ടിയുടെ വീട്ടുകാര്‍ക്കും ജനങ്ങള്‍ക്കും ഉണ്ടായെങ്കില്‍ അതിന് കാരണം സര്‍ക്കാരിന്റെ ട്രാക് റെക്കോഡാണ്. ഉറപ്പുകള്‍ പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കുകപോലും ചെയ്ത സംഭവങ്ങളാണല്ലോ നമ്മുടെ അനുഭവ പാഠങ്ങള്‍. താരതമ്യത്തിന് മുതിരുന്നില്ല. മറ്റൊരു കാര്യത്തിലേക്ക് തിരിയട്ടെ.
സാങ്കേതിക വളര്‍ച്ചയാണ് ഇന്നിന്റെ നേട്ടമായി പറയപ്പെടുന്നത്. തുരങ്ക സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍, 2000 പാലങ്ങളും 91 തുരങ്കങ്ങളുമുള്ള, കേരളത്തിന് ഏറെ പരിചിതമായ കൊങ്കണ്‍ റെയില്‍വേ പാളം ഓര്‍മ്മിക്കുക. മലയാളിയായ ലോകംകണ്ട ഏറ്റവും മികച്ച ടെക്നോക്രാറ്റായ മെട്രോമാന് എന്ന ഇ. ശ്രീധരനാണ് അതിന്റെ ശില്‍പ്പി. 10000 അടിയുള്ള (9.02 കിലോ മീറ്റര്‍) അടല്‍ ടണല്‍ റോഡ്(ഹിമാചല്‍ പ്രദേശ്) ആണ് ഭാരതത്തിലെ ഏറ്റവും വലിയ വലിയ തുരങ്കം. അതെല്ലാം നമ്മുടെ അഭിമാന നേട്ടം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് (എഐ) സാങ്കേതിക രംഗത്തെ പുതിയ താരം. അത് ലോകം മാറ്റിമറിക്കുമെന്നാണ് പ്രവചനങ്ങള്‍. ചിലപ്പോള്‍ സംഭവിച്ചേക്കാം. 1996ല്‍ ക്ലോണിങ് വഴി കൃത്രിമമായി ജീവജാലങ്ങളെ സൃഷ്ടിക്കാമെന്ന് കണ്ടെത്തിയ സാങ്കേതിക വിദ്യയായിരുന്നു, നൂറ്റാണ്ടിലെ വന്‍ ശാസ്ത്രക്കുതിപ്പ്. പക്ഷേ, ആദ്യ സൃഷ്ടിയായ ‘ഡോളി’യെന്ന ആട്ടിന്‍കുട്ടി അല്‍പ്പായുസ്സായി. ക്ലോണിങ് അത്ഭതുകരമായ വിപ്ലവമൊന്നും അക്കാലത്ത് ‘ഭയന്നതുപോലെ’ കൊണ്ടുവന്നില്ല. എന്നാല്‍ എഐയുടെ കാര്യം അങ്ങനെയാവില്ല. അതില്‍ സങ്കീര്‍ണത കുറവാണ്, സാര്‍വത്രികമാകാനുള്ള സാധ്യത ഏറെയാണ്, അതുകൊണ്ട് അപകട സാധ്യതയുമധികമാണ്.
സാങ്കേതികത എന്നു പറയുമ്പോള്‍ അതില്‍ യന്ത്രങ്ങളുടെ സ്ഥാനം വലുതാണ്. പക്ഷേ, യന്ത്രം നിയന്ത്രിക്കുന്ന മനുഷ്യ മനസ്സുകളുടെ ഭാവമാണ് പ്രധാനം. അങ്ങനെയാണ് ചില സാങ്കേതികത ചിലപ്പോള്‍ ബാധയും ബാധ്യതയുമാകുന്നത്. മാനുഷികതയും ചേരുമ്പോഴാണ് സാങ്കേതിക ശക്തി ഉദാത്തമാകുന്നത്. സില്ക്കാര്യയില് നാം കണ്ടത് അതാണ്. അതായത്, ഒരു ഘട്ടത്തില്‍ തുരങ്കത്തിലേക്ക് ചെറുതുരങ്കം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് സാങ്കേതികമായ തിരിച്ചടിയുണ്ടായി. യന്ത്രങ്ങളുടെ പ്രവര്‍ത്തനം മുടങ്ങി. ചില രാജ്യങ്ങളിലെ ഭരണകൂടങ്ങളില്‍ ചിലത് സമാനമായ സന്ദര്‍ഭങ്ങളില്‍ ചെയ്ത തികച്ചും മാനുഷിക വിരുദ്ധമായ പ്രവൃത്തികളുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സാങ്കേതികപ്പിഴവ് പറഞ്ഞ് പച്ചജീവനുകളെ മണ്ണിട്ടുമൂടിയ സംഭവങ്ങള്‍. പക്ഷേ, യന്ത്രവും സാങ്കേതികതയും പിന്മാറിയിടത്ത് മനുഷ്യന്റെ കൈകള്‍ മാനവിക മൂല്യം ഉയര്‍ത്തിപ്പിടിച്ച് വിയര്പ്പൊഴുക്കിയപ്പോഴാണ് സില്ക്കാര്യയില് ലക്ഷ്യം കണ്ടത്. ഇതിനു വേണ്ടത് സാഹസികതയും മറ്റൊരു ജീവനും മനസ്സുമായുള്ള താദാത്മ്യഭാവവുമാണ്. ഒരു സര്‍ക്കാരിന്, അതുനയിക്കുന്നവര്ക്ക്, അതില്‍ ഭാഗമായ സേവകര്‍ക്ക് ഈ ഭാവമുണ്ടാകുമ്പോഴാണ് ഒരു രാജ്യത്തിനാകെ അതുണ്ടാകുന്നത്. അത് രാജ്യത്തിനുണ്ടെന്ന് ഓരോ പൗരനും ബോധ്യമാകുമ്പോഴാണ് അവര്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്നത്, ‘ഞാന്‍, എന്റെ രാജ്യത്തിനാല്‍ രക്ഷിക്കപ്പെടു’മെന്ന വിശ്വാസമുണ്ടാകുന്നത്. അതാണ് ‘തുരങ്ക’ത്തില്‍ ഉണ്ടായത്. ‘തുറസ്സി’ല്‍ ഇല്ലാതെ പോയത്. എളുപ്പമല്ല, ഒരു സര്‍ക്കാരിന് അത്തരത്തില്‍ വിശ്വാസം പൗരന്മാര്ക്ക് കൊടുക്കാന്‍. അത് നേടിയെടുക്കാന്‍ ആഗ്രഹം മാത്രം പോരാ, ഓരോ പ്രവൃത്തിയിലും അത് പ്രകടിപ്പിക്കുകയും വേണം.
അതിന്റെ ആദ്യപടിയും അവസാന വഴിയും ഭരണകൂടം കക്ഷിരാഷ്ട്രീയത്തിന് അതീതമാകുകയെന്നതാണ്. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിലൂടെ നേടുന്ന അംഗബലമാണ് അധീശത്വം നിര്‍ണയിക്കുന്നത്. അതിനാല്‍ അതുവരെ കക്ഷിരാഷ്ട്രീയമാകാം. അതിനപ്പുറം സര്‍ക്കാര്‍-ഭരണ സംവിധാനത്തിലേക്ക് രാഷ്ട്രീയം കലര്ത്താതിരിക്കണം. ‘ഞാനും എന്റെയൊപ്പം നില്‍ക്കുന്നവരും,’ എന്ന രീതിക്കപ്പുറം, ‘നാം, നമ്മുടെ രാജ്യത്തിനൊപ്പം നില്ക്കുന്നവര്’ എന്ന സങ്കല്‍പ്പവും പ്രവൃത്തിയും ഉണ്ടാകേണ്ടതുണ്ട്, ഉണ്ടാക്കേണ്ടതുണ്ട്. തുരങ്കത്തില്‍നിന്ന് അങ്ങനെയൊരു മുഴക്കം ഞാനും നിങ്ങളും രാജ്യവും ലോകവും കേട്ടു.
പിന്കുറിപ്പ്:
കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ വികസന പദ്ധതികള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പരിചയപ്പെടുത്തുന്ന വികസിത ഭാരത് സങ്കല്പ് യാത്ര കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്നുണ്ട്. മാസങ്ങള്‍ മുമ്പ് പ്രഖ്യാപിച്ചതാണ് ഈ വാഹന യാത്രയും പരിപാടികളും. ഏറെ ജനോപകാര പ്രദമായ ആ പരിപാടി ആളനക്കമില്ലാതെ, ചടങ്ങുകള്‍ പോലെ നടക്കുന്നുണ്ട്. കേന്ദ്ര പദ്ധതികളുടെ കോപ്പിയടിക്കാരായ സംസ്ഥാന സര്‍ക്കാരിന്റെ, ജനങ്ങള്‍ക്കു വേണ്ടിയെന്ന പേരില്‍ സംസ്ഥാന മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ്സിന്റെ വണ്ടിയും ആഡംബര യാത്ര നടത്തുന്നുണ്ട്. സംശയമില്ല, മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ യാത്രതന്നെ. കേന്ദ്ര സര്‍ക്കാറിന്റെ യാത്രയിലും കാണാം രാഷ്ട്രീയം, ബിജെപി ഭരിക്കാത്ത സംസ്ഥാനത്തെ രാഷ്ട്രീയമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ രാഷ്ട്രീയമാണെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: