തിരുവനന്തപുരം: ആയുര്‍വേദ മേഖലയിലെ ഗവേഷണ വികസന ആവശ്യങ്ങള്‍ക്കായി ഇന്ത്യയുമായി ശ്രീലങ്ക കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് ശ്രീലങ്കന്‍ തദ്ദേശീയ ചികിത്സാ വകുപ്പ് സഹമന്ത്രിയുടെ സെക്രട്ടറിയും ആയുര്‍വേദ ഡ്രഗ് കോര്പ്പറേഷന് എംഡിയുമായ ഗയ കാഞ്ചന പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അഞ്ചാമത് ഗ്ലോബല്‍ അയുര്‍വേദ ഫെസ്റ്റിവലിലെ സഹകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീലങ്കയിലെ തദ്ദേശീയ ഫാര്‍മ വിപണി പ്രയോജനപ്പെടുത്താന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ ഗയ കാഞ്ചന ക്ഷണിച്ചു.
പരമ്പരാഗത വൈദ്യശാസ്ത്രം വികസിപ്പിക്കുകയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയുമാണ് ഈ മേഖലയില്‍ ആഫ്രിക്ക നേരിടുന്ന വെല്ലുവിളിയെന്ന് റിപ്പബ്ലിക് ഓഫ് സിംബാബ് വെ എംബസിയിലെ ഡെപ്യൂട്ടി അംബാസഡര്‍ പീറ്റര്‍ ഹോബ്വാനി പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ സിംബാബ് വെ നേരത്തെ അംഗീകരിച്ചതാണെന്നും ഈ മേഖലയില്‍ ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള പരമ്പരാഗത വൈദ്യശാസ്ത്ര മുന്നേറ്റത്തിന്റെ പതാകവാഹകര്‍ ഇന്ത്യയാണെന്ന് ജോര്‍ജിയ എംബസിയിലെ സിഡിഎ ലാഷ ജപാരിഡ്സെ പറഞ്ഞു. ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി ജോ
ര്‍ജിയ സഹകരിക്കുന്നുണ്ടെന്നും ധാരണാപത്രം പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫിജിയിലെ വലിയൊരു വിഭാഗം ആളുകള്‍ ആയുര്‍വേദ ചികിത്സയ്ക്കായി ഭാരതം സന്ദര്‍ശിക്കുന്നുണ്ടെന്ന് ന്യൂദല്‍ഹിയിലെ റിപ്പബ്ലിക് ഓഫ് ഫിജി ഹൈക്കമ്മീഷന് സെക്കന്‍ഡ് സെക്രട്ടറി ഏലിയ സെവൂതിയ പറഞ്ഞു.
ജിഎഎഫ് വര്‍ക്കിങ് ചെയര്മാന് ഡോ. ജി.ജി. ഗംഗാധരന്, കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: