കൊച്ചി: സേനയിലുള്ളവര്‍ക്കും പൂര്‍വ സൈനികര്‍ക്കും കാന്റീന് മുഖേന കാര്‍ വാങ്ങാനുള്ള നയത്തില്‍ പ്രതിരോധ മന്ത്രാലയം വരുത്തിയ മാറ്റത്തെ സ്വാഗതം ചെയ്യുന്നതായി അഖില ഭാരതീയ പൂര്‍വ സൈനിക് സേവാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സഞ്ജയന് അഭിപ്രായപ്പെട്ടു.
ഹവില്‍ദാര്‍ റാങ്കിന് താഴെയുള്ള സൈനികര്‍ക്ക് സേവന കാലത്ത് ഒരു കാറും വിരമിച്ച ശേഷം മറ്റൊരു കാറും വാങ്ങാന്‍ മാത്രമാണ് അനുവാദം ഉണ്ടായിരുന്നത്. ഇരുപതും ഇരുപത്തഞ്ചും വര്‍ഷം ഒരു കാര്‍ ഉപയോഗിക്കുക എന്നത് പ്രായോഗികമല്ല. ഈ നയം മാറ്റണമെന്ന് പൂര്‍വ സൈനിക സേവാ പരിഷത്ത് നിരന്തരമായി ആവശ്യപ്പെടുകയും കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
പുതുക്കിയ നയപ്രകാരം ശിപായി മുതല്‍ ഹവില്‍ദാര്‍ റാങ്കുകളില്‍ ഉള്ളവര്‍ക്ക് ജോലിയില്‍ പ്രവേശിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ആദ്യത്തെ കാര്‍ വാങ്ങാമെന്നും ജീവിത കാലത്തിനുള്ളില്‍ മൊത്തം നാലുകാറുകള്‍ വാങ്ങാമെന്നും മാറ്റം വരുത്തിയിട്ടുണ്ട്. ഒരു കാര്‍ വാങ്ങി 8 വര്‍ഷത്തിന് ശേഷം മാത്രമേ അടുത്തത് വാങ്ങാന്‍ അനുമതി ലഭിക്കുകയുള്ളൂ. 6 ലക്ഷ രൂപവരെ വിലയുള്ള കാര്‍ വാങ്ങാമെന്ന പരിധി പുതുക്കുകയും അത് 8 ലക്ഷം വരെയാക്കി ഈ റാങ്കുകളില്‍ പെട്ടവര്‍ക്ക് ഉയര്‍ത്തുകയും ചെയ്തു.
ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് 10 ലക്ഷം രൂപ വരെയുള്ളതും ഓഫീസര്‍ റാങ്കില്‍ ഉളളവര്‍ക്ക് 20 ലക്ഷം രൂപ വരെയും വിലയുള്ള കാറുകളും വാങ്ങാന്‍ സാധിക്കും.
ഇലക്ടിക്ക് കാറുകള്‍ വാങ്ങുമ്പോള്‍ ഈ തുകയില്‍ നിന്നും 5 ലക്ഷം രൂപ മുകളില്‍ വിലയുള്ള കാറുകള്‍ വാങ്ങാന്‍ കഴിയും എന്നത് അന്തരീക്ഷ മലിനീകരണം ചര്‍ച്ചയാകുന്ന ഇക്കാലത്ത് പൂര്‍വ സൈനികര്‍ക്ക് അത്തരം കാറുകളിലേക്ക് മാറാന്‍ പ്രേരണയാവും എന്നത് ഒരു വലിയ മാറ്റത്തിന് തുടക്കം കുറിക്കുമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: